'ചന്ദ്രനെ ഹിന്ദുരാഷ്ട്രവും ശിവശക്തി പോയിന്‍റ് തലസ്ഥാനവുമായി പ്രഖ്യാപിക്കണം'; ആവശ്യവുമായി ഹിന്ദു മഹാസഭാ നേതാവ്

മറ്റാരെങ്കിലും ചന്ദ്രനിൽ പോയി ജിഹാദ് ചെയ്യുകയും ഇസ്‌ലാമിനെയോ മറ്റു മതങ്ങളെയോ പ്രചരിപ്പിക്കുകയും ചെയ്യുന്നതിനുമുൻപ് ഹിന്ദുരാഷ്ട്ര പ്രഖ്യാപനമുണ്ടാകണമെന്ന് സ്വാമി ചക്രപാണി

Update: 2023-08-27 15:29 GMT
Editor : Shaheer | By : Web Desk

സ്വാമി ചക്രപാണി

Advertising

ന്യൂഡൽഹി: ചന്ദ്രനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭാ അധ്യക്ഷൻ സ്വാമി ചക്രപാണി. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ശിവശക്തി പോയിന്റിനെ അതിന്റെ തലസ്ഥാനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനു കത്തയയ്ക്കുമെന്നും ചക്രപാണി അറിയിച്ചു.

ചന്ദ്രയാൻ ചന്ദ്രനിൽ ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി പോയിന്റ് എന്നു പേരിട്ടതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുകയാണ്. മറ്റു മതക്കാരും ദേശക്കാരും അവിടെ പോകുന്നതിനുമുൻപ് ചന്ദ്രനെ ഹിന്ദു രാഷ്ട്രമാക്കണം. മറ്റാരെങ്കിലും അവിടെ പോയി ജിഹാദ് ചെയ്യുകയും ഇസ്‌ലാമിനെയോ മറ്റു മതങ്ങളെയോ പ്രചരിപ്പിക്കുകയും തീവ്രവാദം വളർത്തുകയും ചെയ്യുന്നതിനുമുൻപ് പ്രഖ്യാപനമുണ്ടാകണം. ശിവശക്തി പോയിന്റിനെ അതിന്റെ തലസ്ഥാനവുമാക്കണം-സ്വാമി ചക്രപാണി ആവശ്യപ്പെട്ടു.

ഭഗവാൻ ശിവന്റെ തലയിൽ ചന്ദ്രൻ തിളങ്ങുന്നുണ്ട്. അതുകൊണ്ടുതന്നെ ഹിന്ദുക്കൾക്കു ചന്ദ്രനുമായി പുരാതനകാലത്തു തന്നെ ബന്ധമുണ്ടെന്നും ചന്ദ്രനെ പരിപാവനമായി കാണുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചന്ദ്രനിലേക്കുള്ള യാത്ര കൂടുതൽ സുഗമമാകുമ്പോൾ ശിവശക്തി പോയിന്റിൽ ശിവ, പാർവതി, ഗണേശ ക്ഷേത്രങ്ങൾ നിർമിക്കാൻ പ്രമേയം പാസാക്കിയിട്ടുണ്ടെന്നും സ്വാമി ചക്രപാണി പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി മോദിയുടെ ശിവശക്തി പ്രഖ്യാപനം. വിക്രം ലാൻഡർ മുദ്രപതിച്ച സ്ഥലം 'തിരംഗ' എന്ന പേരിൽ അറിയപ്പെടുമെന്നും ചന്ദ്രയാൻ ചന്ദ്രനിൽ ഇറങ്ങിയ ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. ബംഗളൂരുവിൽ ഐ.എസ്.ആർ.ഒ ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തിലായിരുന്നു മോദി ഇക്കാര്യം അറിയിച്ചത്. ചന്ദ്രയാൻ വിജയത്തിൽ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാനായി എത്തിയതായിരുന്നു അദ്ദേഹം.

ശിവശക്തി പോയിന്റ് വരുംതലമുറകളെ പ്രചോദിപ്പിക്കുമെന്നും പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. എല്ലാ ഹൃദയത്തിലും വീട്ടിലുമെല്ലാം 'തിരംഗ'(പതാക) ഉണ്ടായിരുന്നു. ഇനിയിതാ ചന്ദ്രനിലും ഒരു തിരംഗ. ഇതാണു പുതിയ ഇന്ത്യ. ചില നിമിഷങ്ങൾ അനശ്വരവും നിത്യഹരിതവുമാകും. അത്തരത്തിലൊന്നാണിത്. ചന്ദ്രയാൻ ഇന്ത്യയുടെ മാത്രമല്ല, മനുഷ്യരാശിയുടെ ഒന്നാകെ വിജയമാണ്. ലോകമൊന്നടങ്കം നമ്മുടെ വിജയം അംഗീകരിച്ചുകഴിഞ്ഞുവെന്നും പ്രസംഗത്തിൽ നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

Summary: Declare moon as Hindu Rashtra and Shivshakti point its capital: Hindu Mahasabha President Swami Chakrapani

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News