'കൊല്ലപ്പെട്ട പെൺകുട്ടിയുടെ ശരീരത്തിൽ 34 മുറിവുകൾ, കല്ല് കൊണ്ടുള്ള ആക്രമണത്തിൽ തലയോട്ടി തകർന്നു'; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

നിരവധി ആളുകളുടെ സാന്നിധ്യത്തിലായിരുന്നു ആക്രമണമെങ്കിലും ആർക്കും പെൺകുട്ടിയെ രക്ഷിക്കാൻ സാധിച്ചില്ല

Update: 2023-05-29 13:09 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: ഡൽഹിയിൽ കൊല്ലപ്പെട്ട 16 വയസുകാരിയുടെ ശരീരത്തിൽ കത്തി കൊണ്ട് 34 മുറിവുകളുണ്ടായിരുന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കല്ല് കൊണ്ടുള്ള ആക്രമണത്തിൽ പെണ്‍കുട്ടിയുടെ  തലയോട്ടി തകർന്നെന്നും റിപ്പോർട്ടിലുണ്ട്.   ഡൽഹിയിലെ ഷാഹ്ബാദിലാണ് 16 കാരിയെ കുത്തിക്കൊലപ്പെടുത്തിയത്.

ഞായറാഴ്ച വൈകീട്ടാണ് പതിനാറുകാരിയായ സാക്ഷി ദീക്ഷിത് ദ്വാരകയ്ക്ക് സമീപം ഷഹാദാബാദ് ഡയറിക് സമീപത്ത് വെച്ച് ക്രൂരമായി കൊല്ലപ്പെട്ടത്. ഇരുപതുകാരനായ സാഹിൽ ഇരുപതിലേറെ തവണ സാക്ഷിയുടെ നെഞ്ചിലും മുതുകിലും തലയിലും കുത്തിയിട്ടുണ്ട്. ഭാരമുള്ള കല്ല് ഒന്നിലേറെ തവണ പെൺകുട്ടിയുടെ തലയിലേക്ക് സാഹിൽ എറിയുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. സുഹൃത്തിൻ്റെ വീട്ടിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ആണ് പെൺകുട്ടിയെ സാഹിൽ തടഞ്ഞ് നിർത്തി ആക്രമിച്ചത്. നിരവധി ആളുകളുടെ സാന്നിധ്യത്തിലായിരുന്നു ആക്രമണമെങ്കിലും ആർക്കും പെൺകുട്ടിയെ രക്ഷിക്കാൻ സാധിച്ചില്ല. കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ സാഹിലിനെ ഉത്തർപ്രദേശിലെ ബുലന്ദ് ഷഹറിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

കൊലപാതകം നടന്ന ഇന്നലെ തന്നെ പ്രതിയായ സാഹിലിന് എതിരെ സാക്ഷി ദീക്ഷിതിൻ്റെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. എസി മെക്കാനിക്കായ പ്രതിയും കൊല്ലപ്പെട്ട സാക്ഷി ദീക്ഷിതും അടുത്ത സുഹൃത്തുക്കളായിരുന്നു. കൊലപാതകം നടക്കുന്നതിന് ഒരു ദിവസം മുൻപ് വരെ പെൺകുട്ടിയും സാഹിലുമായി വഴക്കുണ്ടായതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഡൽഹി ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷമാർ കേസിൽ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹിയിൽ ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിൽ ലെഫ്റ്റ്നെൻ്റ് ഗവർണർ പരാജയപ്പെട്ടു എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കുറ്റപ്പെടുത്തി.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News