മഹാരാഷ്ട്രയിൽ ബിജെപി ജനാധിപത്യത്തെ ബുൾഡോസ് ചെയ്യുന്നു: മമതാ ബാനർജി

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിജയിക്കാനാവശ്യമായ ഭൂരിപക്ഷമില്ലാത്തതിനാൽ ബിജെപി ഹവാല പണം ഉപയോഗിച്ച് അധാർമികമായി, ഭരണഘടനാവിരുദ്ധമായി മഹാരാഷ്ട്ര സർക്കാറിനെ അട്ടിമറിക്കുകയാണെന്നും മമത

Update: 2022-06-23 14:09 GMT
Advertising

കൊൽക്കത്ത: മഹാരാഷ്ട്രയിൽ ജനാധിപത്യം ബുൾഡോസ് ചെയ്യപ്പെടുകയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ''ഇപ്പോൾ ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുന്നുണ്ടോ എന്നതിൽ എനിക്ക് സംശയമുണ്ട്. എവിടെയാണ് ജനാധിപത്യമുള്ളത്? ഒരു ജനാധിപത്യ സർക്കാറിനെ അവർ ബുൾഡോസ് ചെയ്യുകയാണ്! ജനങ്ങൾക്ക് നീതി വേണം, ഉദ്ധവ് താക്കറെക്ക് നീതി വേണം. മഹാരാഷ്ട്രക്ക് ശേഷം അവർ മറ്റു സർക്കാറുകളെയും അട്ടിമറിക്കും''-മമത പറഞ്ഞു.

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിജയിക്കാനാവശ്യമായ ഭൂരിപക്ഷമില്ലാത്തതിനാൽ ബിജെപി ഹവാല പണം ഉപയോഗിച്ച് അധാർമികമായി, ഭരണഘടനാവിരുദ്ധമായി മഹാരാഷ്ട്ര സർക്കാറിനെ അട്ടിമറിക്കുകയാണെന്നും അവർ ആരോപിച്ചു.

''എന്റെ പാർട്ടിയിൽ 200 പേർക്കാണ് സിബിഐയും ഇഡിയും നോട്ടീസ് നൽകിയത്. പക്ഷെ ബിജെപിക്ക് ഒന്നും സംഭവിക്കുന്നില്ല. അവരുടെ പണത്തിന് ഒരു പരിധിയുമില്ല, അത് ഹവാലയല്ലേ? ഭരണകക്ഷിയായ എംഎൽഎമാരെ പണംകൊടുത്ത് വാങ്ങുന്നത് അഴിമതിയല്ലേ?''- മമത ചോദിച്ചു.

അതേസമയം മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ സങ്കീർണമാവുകയാണ്. എംഎൽഎമാർക്ക് പിന്നാലെ എംപിമാരും ഉദ്ധവ് താക്കറെ വിരുദ്ധ പക്ഷത്തെത്തി. ഹിന്ദുത്വ അജണ്ടകൾ വിട്ട് കോൺഗ്രസ്-എൻസിപി സഖ്യത്തിനൊപ്പം ചേർന്നതാണ് തങ്ങളുടെ വിയോജിപ്പിന് കാരണമെന്നാണ് വിമത നേതാവായ ഏക്‌നാഥ് ഷിൻഡെ പറയുന്നത്. എന്നാൽ മഹാ വികാസ് അഗാഡി സഖ്യം വിടാൻ തയ്യാറാണെന്ന് ഉദ്ധവ് പറഞ്ഞെങ്കിലും വിമതർ വഴങ്ങാൻ തയ്യാറായിട്ടില്ല. അതിനിടെ അവസാനംവരെ ഉദ്ധവിനൊപ്പം നിൽക്കുമെന്ന് കോൺഗ്രസും എൻസിപിയും വ്യക്തമാക്കി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News