'ഔറംഗസേബ് പ്രശംസ': അബു അസ്മിയെ ജയിലിലടക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്
സമാജ്‌വാദി പാർട്ടി എംഎഎൽയായ അബുഅസ്മിയെ നേരത്തെ നിയമസഭയിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു
മുംബൈ: മുഗൾചക്രവർത്തി ഔറംഗസേബിനെ പ്രസംശിച്ചതിന്റെ പേരിൽ മഹാരാഷ്ട്ര എസ്പി എംഎൽഎ അബു അസ്മിയെ ജയിലിലടക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.
നേരത്തെ മഹാരാഷ്ട്ര നിയമസഭയിൽ നിന്നും അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. സംസ്ഥാന ബജറ്റ് സമ്മേളനം പുരോഗമിക്കുന്നതിനിടെയാണ് സസ്പെൻഷൻ. സമ്മേളനത്തിന്റെ അവസാനം വരെയാണ് അദ്ദേഹത്തെ സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.
പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നും ജയിലിലടക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. ഛത്രപതി ശിവജി മഹാരാജിനെ അപമാനിക്കുന്നത് സഹിക്കില്ലെന്നും ഫഡ്നാവിസ് വ്യക്തമാക്കി. നിയമസഭയിലായിരുന്നു ഫഡ്നാവിസ് ഇക്കാര്യം പറഞ്ഞത്.
മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് അബു അസ്മിക്കെതിരെ നേരത്തെ കേസ് എടുത്തിരുന്നു.
അതേസമയം അസ്മിയുടെ പ്രസ്താവനക്കെതിരെ ഉദ്ധവ് വിഭാഗം ശിവസേനയും രംഗത്ത് എത്തി. സംസ്ഥാന നിയമസഭയിൽ നിന്ന് അദ്ദേഹത്തെ സ്ഥിരമായി സസ്പെൻഡ് ചെയ്യണമെന്ന് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു.
ഛത്രപതി സംഭാജി മഹാരാജിനെ കേന്ദ്രീകരിച്ചുള്ള ‘ഛാവ’ എന്ന സിനിമയിലെ ചരിത്ര സംഭവങ്ങളുടെ ചിത്രീകരണത്തെ സമാജ്‌വാദി എംഎല്‍എ ഏറെ വിമര്‍ശിച്ചിരുന്നു. ഇതിനിടെയിലാണ് ഔറംഗസേബിനെ അദ്ദേഹം പ്രശംസിച്ചത്.
ഔറംഗസേബിന്റെ ഭരണത്തിന് കീഴിൽ ഇന്ത്യ അഭിവൃദ്ധി പ്രാപിച്ചുവെന്ന് അസ്മി അഭിപ്രായപ്പെട്ടിരുന്നു. 'ഛാവ’ സിനിമയില്‍ തെറ്റായ ചരിത്രമാണ് കാണിക്കുന്നത്, ഔറംഗസേബ് നിരവധി ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു. അദ്ദേഹം ഒരു ക്രൂരനായ ഭരണാധികാരിയായിരുന്നുവെന്ന് താന്‍ കരുതുന്നില്ലെന്നും ആസ്മി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഛത്രപതി സംഭാജി മഹാരാജിനെ ഇകഴ്ത്തി സംസാരിച്ചെന്നാരോപിച്ചും ഔറംഗസേബിനെ പുകഴ്ത്തിയെന്നും കാണിച്ച് ഭരണപക്ഷം അസ്മിക്കെതിരെ രംഗത്ത് എത്തുകയായിരുന്നു. എന്നാല്‍ വിവാദമാക്കേണ്ട കാര്യങ്ങളൊന്നുമില്ലെന്നും ഭരണപക്ഷം തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നുമായിരുന്നു അസ്മിയുടെ വിശദീകരണം.