സിഖ് ഗുരുക്കൻമാരുടെ എഐ ചിത്രങ്ങൾ വിവാദമായി; പുതിയ വീഡിയോ പിൻവലിച്ച് ധ്രുവ് റാഠി

സിഖ് ഗുരുക്കന്മാരെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് വീഡിയോയെന്നും അപമാനിക്കുന്നതാണെന്നും ഡല്‍ഹി കാബിനറ്റ് മന്ത്രി മജിന്ദര്‍ സിങ് സിര്‍സ വിമര്‍ശനം ഉന്നയിച്ചു

Update: 2025-05-20 04:59 GMT
Editor : Jaisy Thomas | By : Web Desk

ഡൽഹി: സിഖ് സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് യുട്യൂബര്‍ ധ്രുവ് റാഠി തന്‍റെ പുതിയ വീഡിയോ പിൻവലിച്ചു. അകാൽ തഖ്ത്, ശിരോമണി അകാലിദൾ (എസ്എഡി), ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) എന്നിവയുടെ ശക്തമായ എതിർപ്പിനെത്തുടർന്നാണ് 'ദി സിഖ് വാരിയർ ഹു ടെറിഫൈഡ് ദി മുഗൾസ്' എന്ന പേരിൽ അപ്‍ലോഡ് ചെയ്ത എഐ ജനറേറ്റഡ് വീഡിയോ നീക്കം ചെയ്തത്. സിഖ് ഗുരുക്കന്‍മാരെ സാധാരണ മനുഷ്യരെ പോലെ ചിത്രീകരിക്കുന്നതും അവരെ കുറിച്ച് വിഡിയോകളുണ്ടാക്കുന്നതും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സംഘടനകള്‍ വ്യക്തമാക്കി.

തന്‍റെ വീഡിയോക്ക് നല്ല പ്രതികരണമുണ്ടെങ്കിലും സിഖ് ഗുരുക്കന്മാരുടെ ആനിമേറ്റഡ് ചിത്രീകരണം അവരുടെ വിശ്വാസങ്ങൾക്ക് വിരുദ്ധമാണെന്ന് ചില കാഴ്ചക്കാർക്ക് തോന്നുന്നതിനാൽ പിൻവലിക്കാൻ തീരുമാനിച്ചതായി ധ്രുവ് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വിശദീകരിച്ചു. ഈ സംഭവമൊരു രാഷ്ട്രീയ–മതപരമായ വിവാദമാക്കാന്‍ താന്‍ താല്‍പര്യപ്പെടുന്നില്ലെന്നും ഇന്ത്യയുടെ ധീരന്‍മാരെ കുറിച്ച് വിദ്യാഭ്യാസത്തിനുതകുന്ന രീതിയില്‍ ഒരു വിഡിയോ ചിത്രീകരിക്കുക മാത്രമായിരുന്നു ശ്രമമെന്നും പോസ്റ്റിൽ കുറിച്ചു.

Advertising
Advertising

അതേസമയം, സിഖ് ഗുരുക്കന്മാരെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് വീഡിയോയെന്നും അപമാനിക്കുന്നതാണെന്നും ഡല്‍ഹി കാബിനറ്റ് മന്ത്രി മജിന്ദര്‍ സിങ് സിര്‍സ വിമര്‍ശനം ഉന്നയിച്ചു. സിഖ് തത്വങ്ങള്‍ക്കും പാരമ്പര്യത്തിനും എതിരാണ് ഇത്തരം വീഡിയോകളെന്നായിരുന്നു സിഖ് സംഘടനകള്‍ പ്രതികരിച്ചത്. ഇത്തരം ചിത്രീകരണങ്ങൾ സിഖ് തത്വങ്ങളെയും പാരമ്പര്യങ്ങളെയും ലംഘിക്കുന്നതാണെന്ന് എസ്‌ജിപിസി പ്രസിഡൻ്റ് ഹർജീന്ദർ സിംഗ് ധാമി പറഞ്ഞു. സിഖ് ഗുരുക്കന്മാരുടെ ചരിത്രം പവിത്രമാണെന്നും അത് വളച്ചൊടിക്കരുതെന്നും വീഡിയോ നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ധ്രുവ് റാഠിക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹത്തിന്‍റെ യൂട്യൂബ് ചാനൽ പരിശോധിക്കണമെന്നും ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്‍റ് കമ്മിറ്റി (ഡിഎസ്ജിഎംസി) സൈബർ ക്രൈം സെല്ലിൽ പരാതി നൽകി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News