വേര്‍പിരിഞ്ഞെങ്കിലും മക്കള്‍ക്കായി ഒരുമിച്ച് യാത്ര; നേപ്പാള്‍ വിമാന ദുരന്തത്തില്‍ കണ്ണീരോര്‍മയായി ആ കുടുംബം

കോടതി വിവാഹമോചനം അനുവദിച്ചത് എല്ലാ വര്‍ഷവും 10 ദിവസം മക്കളോടൊപ്പം ഒരുമിച്ച് സമയം ചെലവഴിക്കണമെന്ന വ്യവസ്ഥയിലാണ്

Update: 2022-05-31 03:58 GMT

കാഠ്മണ്ഡു: നേപ്പാളില്‍ വിമാനം തകര്‍ന്ന് മരിച്ച 22 പേരില്‍ 4 പേര്‍ ഇന്ത്യക്കാരാണ്. ആ നാല് പേരും ഒരു കുടുബത്തില്‍പ്പെട്ടവരാണ്. വിവാഹമോചനത്തിലൂടെ ജീവിതത്തില്‍ വേര്‍പിരിഞ്ഞവര്‍ മക്കള്‍ക്കായി ഒരുമിച്ച് നടത്തിയ യാത്രക്കിടെയാണ് വിമാന ദുരന്തത്തില്‍ എരിഞ്ഞടങ്ങിയത്.

അശോക് കുമാര്‍ ത്രിപാഠിക്കും വൈഭവി ബണ്ഡേക്കര്‍ക്കും കോടതി വിവാഹമോചനം അനുവദിച്ചത് എല്ലാ വര്‍ഷവും 10 ദിവസം മക്കളോടൊപ്പം ഒരുമിച്ച് സമയം ചെലവഴിക്കണമെന്ന വ്യവസ്ഥയിലാണ്. ഇരുവരും സ്വകാര്യ കമ്പനി ജീവനക്കാരാണ്. മക്കളായ ധനുഷും റിതികയും അമ്മ വൈഭവിക്കൊപ്പം മഹാരാഷ്ട്രയിലെ താനെയിലാണ് താമസം. 

Advertising
Advertising

ഇത്തവണ മക്കളോടൊപ്പം സമയം ചെലവഴിക്കാന്‍ നേപ്പാളിലേക്കാണ് അശോക് കുമാറും വൈഭവിയും പോയത്. ആ യാത്രക്കിടെയാണ് പറന്നുയര്‍ന്ന വിമാനം കാണാതായതും പിന്നീട് തകര്‍ന്ന നിലയില്‍ കണ്ടെത്തിയതും. ജീവനക്കാര്‍ ഉള്‍പ്പെടെ 22 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 20 പേരുടെ മൃതദേഹം കണ്ടെത്തി.

80 വയസുള്ള അമ്മയെ സഹോദരിയെ ഏല്‍പ്പിച്ചാണ് വൈഭവി പോയത്. വിമാനാപകടത്തെ കുറിച്ച് അറിയിച്ച പൊലീസിനോട് അമ്മയെ വിവരം അറിയിക്കരുതെന്നും അവര്‍ക്ക് ഈ ദുരന്തം താങ്ങാനാവില്ലെന്നുമാണ് സഹോദരി പറഞ്ഞത്.

താര എയര്‍ലൈന്‍സിന്‍റെ 9എന്‍-എഇടി വിമാനമാണ് പൊഖാറയിൽ നിന്ന് ജോംസോമിലേക്ക് പറന്നുയർന്ന ശേഷം കാണാതായത്. ഞായറാഴ്ച രാവിലെയാണ് സംഭവം. പറന്നുയര്‍ന്ന് 15 മിനിറ്റിനകം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. നാല് ഇന്ത്യക്കാരെ കൂടാതെ 13 നേപ്പാളികളും 3 ജപ്പാന്‍കാരും 2 ജര്‍മന്‍കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

കാണാതായ വിമാനത്തിനായുള്ള തിരച്ചിലിനായി നേപ്പാൾ ആഭ്യന്തര മന്ത്രാലയം മസ്താങ്ങിൽ നിന്നും പൊഖാറയിൽ നിന്നും രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകൾ വിന്യസിച്ചിരുന്നു. മഞ്ഞുവീഴ്ച കാരണം തിരച്ചില്‍ ദുഷ്കരമായി. ഇന്നലെയാണ് തകര്‍ന്നുവീണ വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനം തകർന്നതിന്‍റെ കാരണം വ്യക്തമായിട്ടില്ല.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News