എച്ച്.ഡി കുമാരസ്വാമി ഒഴിഞ്ഞ സീറ്റിൽ മത്സരിക്കാൻ ഡി.കെ? ചന്നപ്പട്ടണയിൽ ഒരുങ്ങുന്നത് വമ്പൻ മത്സരം

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തന്റെ സഹോദരനെ കുമാരസ്വാമി 'തോൽപിച്ചതിനുള്ള' തിരിച്ചടിയാണ് ഡി.കെ ശിവകുമാർ ലക്ഷ്യമിടുന്നത്

Update: 2024-06-20 05:56 GMT

ബംഗളൂരു: ചന്നപട്ടണയില്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന സൂചനയുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ജെ.ഡി.എസിന്റെ എച്ച്‌.ഡി കുമാരസ്വാമിയാണ് ചന്നപട്ടണയെ പ്രതിനിധീകരിച്ചിരുന്നത്. അദ്ദേഹം എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചന്നപ്പട്ടണയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുന്നത്. നിലവില്‍ കേന്ദ്രമന്ത്രി കൂടിയാണ് കുമാരസ്വമി. ഘനവ്യവസായത്തിൻ്റെ ചുമതലയാണ് അദ്ദേഹത്തിനുള്ളത്. 

രാമനഗര ജില്ലയിലെ വൊക്കാലിഗക്കാരുടെ കോട്ടയാണ് ചന്നപ്പട്ടണ. നേരത്തെ ശിവകുമാറിന്റെ സഹോദരന്‍ ഡി.കെ സുരേഷിന്റെ പേരായിരുന്നു ചന്നപ്പട്ടണത്ത് പറഞ്ഞുകേട്ടിരുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബാംഗ്ലൂർ റൂറലിൽ നിന്ന് ബി.ജെ.പിയുടെ സി.എൻ മഞ്ജുനാഥിനോട് അദ്ദേഹം പരാജയപ്പെട്ടിരുന്നു. സഹോദരന്റെ തോല്‍വിക്ക് കാരണം കുമാരസ്വാമിയുടെ നീക്കങ്ങളാണെന്നാണ് ഡി.കെ ശിവകുമാര്‍ കരുതുന്നത്. അതിന് തിരിച്ചടി കൊടുക്കാനാണ് ഡി.കെ ലക്ഷ്യമിടുന്നത്. അതാണ് അദ്ദേഹം തന്നെ നേരിട്ട് ചന്നപ്പട്ടണത്ത് ഇറങ്ങുന്നത്. ബംഗളൂരു റൂറൽ ലോക്‌സഭാ മണ്ഡലത്തിൻ്റെ ഭാഗം കൂടിയാണ് ചന്നപട്ടണ. 

Advertising
Advertising

മേഖലയിൽ തന്റെ സ്വാധീനം പുനഃസ്ഥാപിക്കാനും ദേവഗൗഡ കുടുംബത്തിന്റെ മേധാവിത്വം ചെറുക്കാനും ശിവകുമാർ ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ കനകപുര മണ്ഡലത്തെയാണ് ശിവകുമാര്‍ പ്രതിനിധീകരിക്കുന്നത്. വൊക്കാലിഗ സമുദായക്കാരുടെ കോട്ടയാണ് രാമനഗരം ജില്ല. ജെ.ഡി.എസോ അല്ലെങ്കിൽ കോൺഗ്രസിന്റെ ഡി.കെ സഹോദരന്മാരോ ആണ് ഈ ജില്ലയുടെ രാഷ്ട്രീയം നിർണയിക്കുന്നത്. അവിടെയാണ് ഡി.കെ തന്നെ ഇറങ്ങിക്കളിക്കാനൊരുങ്ങുന്നത്.

അതേസമയം കുമാരസ്വാമിയുടെ മകന്‍ നിഖിൽ കുമാരസ്വാമിയെയോ സി.പി യോഗീശ്വരയെയോ ആണ് ബിജെപി-ജെഡി(എസ്) സഖ്യം ചന്നപട്ടണയിൽ പരിഗണിക്കുന്നത്. ചന്നപട്ടണ മേഖലയിലെ ഒരു ഡസനോളം ക്ഷേത്രങ്ങൾ ഇതിനകം തന്നെ ഡി.കെ ശിവകുമാര്‍ സന്ദർശിച്ചുകഴിഞ്ഞു. ഇവിടങ്ങളിലെ വോട്ടർമാരുടെ പ്രതികരണം വിലയിരുത്തി രാഷ്ട്രീയത്തിലെ തന്റെ അടുത്ത ഘട്ടം പ്രഖ്യാപിക്കുമെന്ന് ഡി.കെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതായിരുന്നു ചന്നപ്പട്ടണത്ത് ഡി.കെ മത്സരിക്കാനൊരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തമാക്കിയത്.

ചന്നപ്പട്ടണയിലെ പ്രസിദ്ധമായ കെങ്കൽ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലെത്തിയ ശിവകുമാര്‍, പ്രത്യേക പ്രാർഥന നടത്തിയിരുന്നു. പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് ഡി.കെയെ വരവേറ്റത്. അതേസമയം ശിവകുമാർ ചന്നപട്ടണയിൽ മത്സരിച്ച് വിജയിച്ചാൽ സുരേഷിന് വേണ്ടി കനകപുര സീറ്റ് ഒഴിഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. 

Summary-DK Shivakumar keen on contesting Channapatna bypoll?

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News