'ഗ്രൂപ്പ് കളി എന്‍റെ രക്തത്തിലില്ല, 140 പേരും എന്‍റെ എംഎൽഎമാരാണ്'; നേതൃമാറ്റ അഭ്യൂഹങ്ങളെ തള്ളി ഡി.കെ ശിവകുമാര്‍

എനിക്ക് ഒരു ഗ്രൂപ്പുമില്ല. ഞാൻ ഒരു ഗ്രൂപ്പിന്‍റെയും നേതാവല്ല

Update: 2025-11-22 09:51 GMT
Editor : Jaisy Thomas | By : Web Desk

ബംഗളൂരു: കര്‍ണാടകയിൽ നേതൃമാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെ എംഎൽഎമാരുടെ ഡൽഹി യാത്രയെ ന്യായീകരിച്ച് ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി.കെ ശിവകുമാര്‍. ഡൽഹിയിലേക്ക് പോയ എംഎൽഎമാർ തന്‍റെ അനുയായികളല്ലെന്ന് നിഷേധിച്ച ഡി.കെ 140 എംഎൽഎമാരും തന്‍റെ എംഎൽഎമാരാണെന്നും ഗ്രൂപ്പുണ്ടാക്കുക എന്നത് തന്‍റെ രക്തത്തിലില്ലെന്നും വ്യക്തമാക്കി.

"എനിക്ക് ഒരു ഗ്രൂപ്പുമില്ല. ഞാൻ ഒരു ഗ്രൂപ്പിന്‍റെയും നേതാവല്ല. 140 എംഎൽഎമാരുടെയും പ്രസിന്‍റാണ് ഞാൻ. 140 എംഎൽഎമാരും എനിക്ക് പ്രധാനമാണ്. ഒരു വിഭാഗത്തെയും കൂടെ കൊണ്ടുപോകാൻ എനിക്ക് താൽപര്യമില്ല, പാർട്ടിക്കുള്ളിൽ ഗ്രൂപ്പുകൾ സൃഷ്ടിക്കാൻ ഞാൻ തയ്യാറല്ല. ഞാൻ അത് ചെയ്യില്ല." ഡി.കെ പറഞ്ഞു.

Advertising
Advertising

നവംബർ 20 ന് കർണാടക സർക്കാർ രണ്ടര വർഷം പൂർത്തിയാക്കിയതോടെ ശിവകുമാറും സിദ്ധരാമയ്യയും തമ്മിലുള്ള അധികാര പങ്കിടൽ ഫോർമുല പ്രകാരം നേതൃമാറ്റത്തിനായി സമ്മർദ്ദം ചെലുത്താൻ ഡി.കെയുടെ ക്യാമ്പിൽ നിന്നുള്ള എംഎൽഎമാർ കോൺഗ്രസ് ഹൈക്കമാൻഡിനെ കണ്ടുവെന്നാണ് റിപ്പോര്‍ട്ട്. "അഞ്ച് വർഷം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു. നാമെല്ലാവരും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കും. ഹൈക്കമാൻഡിനെ അനുസരിക്കുമെന്ന് മുഖ്യമന്ത്രിയും ഞാനും ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്" അഞ്ച് വർഷം മുഴുവൻ മുഖ്യമന്ത്രിയായി തുടരുമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവനയോട് പ്രതികരിച്ച ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.

എംഎൽഎമാരുടെ ഡൽഹി സന്ദർശനം വരാനിരിക്കുന്ന മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ടതാണെന്ന് ഡികെഎസ് അവകാശപ്പെട്ടു."മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചു. എല്ലാവരും മന്ത്രിയാകാൻ ആഗ്രഹിക്കുന്നു, അതിനാൽ ഡൽഹിയിൽ നേതൃത്വത്തെ കാണുന്നത് തികച്ചും സ്വാഭാവികമാണ്. അത് അവരുടെ അവകാശമാണ്. നമുക്ക് അവരെ തടഞ്ഞു നിർത്താൻ കഴിയില്ല'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിനേശ് ഗൂലിഗൗഡ, രവി ഗനിഗ, ഗുബ്ബി വാസു, ആനേക്കൽ ശിവണ്ണ, നെലമംഗല ശ്രീനിവാസ്, ഇഖ്ബാൽ ഹുസൈൻ, കുനിഗൽ രംഗനാഥ്, ശിവഗംഗ ബസവരാജു, ബാലകൃഷ്ണ എന്നിവർ ഡൽഹിയിലെത്തിയ എംഎൽഎമാരിൽ ഉൾപ്പെടുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News