'ഡോളോ നിർമാതാക്കൾ ഡോക്ടർമാർക്ക് നൽകിയത് ആയിരം കോടി'; മെഡിക്കൽ സംഘടന സുപ്രിംകോടതിയിൽ

വിഷയത്തില്‍ സുപ്രിംകോടതി കേന്ദ്രത്തിന് നോട്ടീസയച്ചു

Update: 2022-08-18 13:35 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: കോവിഡ് മഹാമാരിക്കിടെ ജനപ്രിയമായ പാരസെറ്റമോൾ ടാബ്‌ലറ്റ് ഡോളോയുടെ നിർമാതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി മെഡിക്കൽ സംഘടന. ടാബ്‌ലറ്റ് രോഗികൾക്ക് നിർദേശിക്കാനായി നിർമാതാക്കൾ ആയിരം കോടി രൂപയുടെ സൗജന്യങ്ങൾ ഡോക്ടർമാർക്ക് കൈക്കൂലി നൽകിയെന്നാണ് ഫെഡറേഷൻ ഓഫ് മെഡിക്കൽ ആൻഡ് സെയിൽസ് റപ്രസന്റേറ്റീവ് അസോസിയേഷൻ ഓഫ് ഇന്ത്യ സുപ്രിം കോടതിയിൽ ആരോപിച്ചത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചിന് മുമ്പാകെ മുതിർന്ന അഭിഭാഷകൻ സഞ്ജയ് പരേഖാണ് വാദമുന്നയിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടു ചെയ്തു.

'ആയിരം കോടി രൂപയിലേറെ വില വരുന്ന സൗജന്യങ്ങളാണ് ഡോളോ 650 ടാബ്‌ലറ്റിന്റെ നിർമാതാക്കൾ ഡോക്ടർമാർക്ക് നൽകിയത്. യുക്തിപരമല്ലാത്ത ഡോസ് കോംബിനേഷനോടു കൂടെയാണ് ഡോക്ടർമാർ ടാബ്ലറ്റ് രോഗികൾക്ക് നിർദേശിച്ചത്.' - സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി)യുടെ റിപ്പോർട്ട് ഉദ്ധരിച്ച് പരേഖ് വാദിച്ചു.

വാദം കേട്ട ജസ്റ്റിസ് ചന്ദ്രചൂഢ്, 'നിങ്ങൾ പറയുന്നത് സംഗീതമായല്ല ശ്രവിക്കുന്നത്. ഇത് (ഗുളിക) എനിക്ക് കോവിഡ് വന്നപ്പോൾ കഴിച്ചതാണ്' എന്നാണ് പ്രതികരിച്ചത്. ജസ്റ്റിസ് ചന്ദ്രചൂഢിന് പുറമേ, ജസ്റ്റിസ് എഎസ് ബൊപ്പണ്ണയും കേസ് പരിഗണിക്കുന്ന ബഞ്ചിൽ അംഗമാണ്.

ഇന്ത്യയിൽ വിൽക്കപ്പെടുന്ന മരുന്നുകളുടെ വില, ഡ്രഗ് ഫോർമുലേഷൻ എന്നിവയിൽ ആശങ്ക അറിയിച്ച് ഫെഡറേഷൻ ഓഫ് മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേറ്റീവ്‌സ് അസോസിയേഷനാണ് സുപ്രിംകോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്.

ഗുരുതരമെന്ന് കോടതി

പൊതുതാത്പര്യ ഹർജിയിൽ ഒരാഴ്ചയ്ക്കകം തങ്ങളുടെ ഭാഗം അറിയിക്കാൻ സുപ്രിംകോടതി കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. പത്തു ദിവസത്തിനകം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. 'ഇത് ഗുരുതരമായ വിഷയമാണ്. ഇതിനെ ശത്രു സ്വഭാവമുള്ള നിയമവ്യവഹാരമായി കാണാനാകില്ല' - ബഞ്ച് പറഞ്ഞു.

ഡോക്ടർമാർക്ക് സൗജന്യം നൽകുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇപ്പോൾ രാജ്യത്ത് ഒരു നിയമവുമില്ല എന്നാണ് സഞ്ജയ് പരേഖ് വാദിച്ചത്. അഴിമതിക്കെതിരെയുള്ള യുഎൻ കൺവൻഷനിൽ ഒപ്പിട്ടുണ്ട് എങ്കിലും മെഡിക്കല്‍ മേഖലയില്‍ വൻ അഴിമതിയാണ് രാജ്യത്തു നടന്നു കൊണ്ടിരിക്കുന്നത്. ഡോളോ കേസ് അടുത്തിടെയുള്ള ഒരു ഉദാഹരണം മാത്രമാണ്. ഇക്കാര്യങ്ങൾക്കെല്ലാം സ്റ്റാറ്റിയൂട്ടറി ചട്ടക്കൂടുകളും നിയന്ത്രണങ്ങളും നിർബന്ധമാണ്- അദ്ദേഹം ആവശ്യപ്പെട്ടു. 

എന്താണ് ഡോളോ 650

650 മില്ലിഗ്രാം (എംജി) പാരസെറ്റമോൾ ഉപയോഗിച്ച് നിർമിക്കുന്ന ടാബ്‌ലറ്റാണ് ഡോളോ 650. മറ്റു ബ്രാൻഡുകളുടെ 500 എംജി ടാബ്‌ലറ്റുകളേക്കാൾ ഫലപ്രദമാണ് തങ്ങളുടേത് എന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. കോവിഡിന്റെ പൊതു ലക്ഷണമായ പനിയും വേദനയും കുറയ്ക്കാൻ ഡോക്ടർമാർ പൊതുവിൽ നിർദേശിച്ച ടാബ്‌ലറ്റായിരുന്നു ഇത്.

ഫോബ്‌സിലെ ഒരു ലേഖനത്തിൽ വന്ന കണക്കുപ്രകാരം 2020ൽ കോവിഡ് ആരംഭിച്ചതു മുതൽ ഇന്ത്യയിൽ 350 കോടി ഡോളോ 650 ഗുളികകൾ വിറ്റു പോയിട്ടുണ്ട്. ഒരു വർഷത്തിൽ 400 കോടിയായിരുന്നു നിർമാതാക്കളുടെ വരുമാനം.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News