തനിക്ക് മുസ്‍ലിംകളുടെ വോട്ട് വേണ്ടെന്ന് അസം മുഖ്യമന്ത്രി

മിയ വോട്ടുകള്‍ തനിക്കു വേണ്ടെന്നാണ് ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞത്.

Update: 2021-10-10 04:30 GMT
Advertising

തനിക്ക് കുടിയേറ്റക്കാരായ​ മുസ്​ലിംകളുടെ വോട്ട്​ വേണ്ടെന്ന്​ അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ. മിയ വോട്ടുകള്‍ തനിക്കു വേണ്ടെന്നാണ് ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞത്. താന്‍ വോട്ട് തേടി അവരുടെ സമീപം പോകാറില്ല. അവര്‍ തന്നെത്തേടിയും വരാറില്ലെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യാടുഡെ കോണ്‍ക്ലേവിലാണ് അസം മുഖ്യമന്ത്രിയുടെ പരാമര്‍ശം.

അസമില്‍ ജീവിക്കുന്ന ബംഗാള്‍ വംശജരായ മുസ്‍ലിംകളെ പ്രാദേശികമായി വിളിക്കുന്നത് മിയ മുസ്‍ലിംകള്‍ എന്നാണ്. കുടിയേറ്റക്കാരായ മുസ്‍ലിംകള്‍ കാരണമാണ് അസമിന്‍റെ സംസ്കാരവും സ്വത്വവും നഷ്ടമായതെന്ന് സംസ്ഥാനത്തെ ജനങ്ങള്‍ കരുതുന്നുവെന്നും ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു. ബംഗാൾ വംശജരായ മുസ്‍ലിംകളുടെ എണ്ണം വർധിച്ചതുകൊണ്ടാണ് അസമില്‍ ഭൂമി കയ്യേറ്റങ്ങള്‍ നടക്കുന്നത്. ഇത് സ്വാതന്ത്ര്യത്തിന് മുന്‍പേ തുടങ്ങിയ പ്രക്രിയയാണ്. ചരിത്രത്തിന്‍റെ ഭാരം താന്‍ പേറുകയാണെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.

അടുത്തിടെയുണ്ടായ ഏറെ വിവാദമായ കുടിയൊഴിപ്പിക്കലിനെയും മുഖ്യമന്ത്രി ന്യായീകരിച്ചു .''വിദ്വേഷത്തിന്‍റെ രാഷ്​ട്രീയമല്ല അസമിലുള്ളത്​. 1000 ത്തോളം കുടുംബങ്ങൾ 77,000 ഏക്കർ ഭൂമി കയ്യേറിയിരിക്കുകയാണ്​. ഒരാൾ രണ്ടേക്കറിൽ കൂടുതൽ സ്ഥലം കൈവശം വെക്കരുതെന്നാണ്​ ഞങ്ങളുടെ നയം. കുടിയൊഴിപ്പിക്കൽ ഒരു തുടർ പ്രക്രിയയാണ്​. തദ്ദേശീയരായ അസമികളെയും കുടിയൊഴിപ്പിക്കുന്നുണ്ട്​. ഇതിൽ വർഗീയതയില്ല''- ഹിമാന്ത ബിശ്വ ശര്‍മ അവകാശപ്പെട്ടു.

തന്‍റെ സര്‍ക്കാര്‍ മയക്കുമരുന്നിനെതിരെയും ശക്തമായ നിലപാടെടുത്തിട്ടുണ്ടെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു. പ്രതിദിനം രണ്ട് കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടുന്നുണ്ട്. 2000 കള്ളക്കടത്തുകാരെയും 500 ഭൂമി ബ്രോക്കര്‍മാരെയും താന്‍ അധികാരത്തിലെത്തിയ ശേഷം അറസ്റ്റ് ചെയ്തെന്നും ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News