'ഗോവയിൽ 45 കോടിയുടെ അഴിമതിപ്പണം ചെലവഴിച്ചു'; എ.എ.പി എം.എൽ.എ ദുർഗേഷ് പഥകിനെ ഇ.ഡി ചോദ്യംചെയ്യുന്നു

ഗോവയിൽ എ.എ.പിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന നേതാവാണ് ദുർഗേഷ്

Update: 2024-04-08 11:15 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ആം ആദ്മി പാർട്ടി(എ.എ.പി) എം.എൽ.എ ദുർഗേഷ് പഥകിനെ ഇ.ഡി ചോദ്യംചെയ്യുന്നു. ഡൽഹി മദ്യനയ അഴിമതിക്കേസിൽ നേരത്തെ ഇ.ഡി എം.എൽ.എയ്ക്ക് സമൻസ് അയച്ചിരുന്നു. ഇതേതുടർന്നാണ് അദ്ദേഹം ഏജൻസി ആസ്ഥാനത്ത് ഹാജരായത്.

ഗോവയിൽ എ.എ.പിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന നേതാവാണ് ദുർഗേഷ്. മദ്യനയ അഴിമതിയിലൂടെ കിട്ടിയ പണം ഗോവയിലെ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചെന്നാണ് ആരോപണം. കേസിൽ ഉൾപ്പെട്ട സൗത്ത് ഗ്രൂപ്പിലെ പ്രധാന അംഗമാണ് ദുർഗേഷ് എന്നും അഴിമതിയിൽ അദ്ദേഹത്തിനു ബന്ധമുണ്ടെന്നും അന്വേഷണസംഘം ആരോപിക്കുന്നു.

46 കോടി രൂപയുടെ അഴിമതിപ്പണം 2021ലെ ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ എ.എ.പി ചെലവാക്കിയെന്നാണ് ഇ.ഡി ആരോപണം. ഇതിൽ മുഖ്യ പങ്കുവഹിച്ച ആളെന്ന നിലയ്ക്കാണ് ദുർഗേഷ് പഥകിന് ഇ.ഡി ചോദ്യംചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. കേസിൽ ഡൽഹി മന്ത്രി അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരെയും അറസ്റ്റ് ചെയ്യാൻ ഇ.ഡി നീക്കംനടത്തുന്നതായി റിപ്പോർട്ടുണ്ട്.

അതിനിടെ, അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സനൽ സ്റ്റാഫിന്റെ ചോദ്യംചെയ്യലും പുരോഗമിക്കുകയാണ്. കെജ്‌രിവാളുമായി ബന്ധപ്പെട്ട ചില വിവരങ്ങളും ഡിജിറ്റൽ തെളിവുകളും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു ചോദ്യംചെയ്യലെന്നാണു പറയുന്നത്.

Summary: ED interrogates Aam Aadmi Party (AAP) MLA Durgesh Pathak in Delhi liquor policy scam case

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News