അഭിഷേകിന് ഇഡി നോട്ടീസ്, കൊല്‍ക്കത്ത മേയര്‍ രാജിവെച്ചു, ടിഎംസി വക്താവ് അറസ്റ്റില്‍; കനത്ത പ്രതിസന്ധിയില്‍ മമത

അധ്യാപക നിയമന അഴിമതിക്കേസില്‍ അഭിഷേകിനെ ചോദ്യം ചെയ്യാനാണ് ഇഡി നീക്കം

Update: 2026-06-03 14:53 GMT

കൊല്‍ക്കത്ത: ബംഗാളില്‍ മമതാ ബാനര്‍ജിക്ക് ഒന്നിന് പിറകെ ഒന്നായി തിരിച്ചടികള്‍. നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമായതിനൊപ്പം തൃണമൂല്‍ കോണ്‍ഗ്രസ് പിളര്‍പ്പിന്റെ വക്കിലാണ്. ഇതിനിടെ കൊല്‍ക്കത്ത മേയറും മമതയുടെ അടുത്ത അനുയായിയുമായ ഫിര്‍ഹാദ് ഹക്കീം രാജിവെച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും അനന്തരവനുമായ അഭിഷേക് ബാനര്‍ജിക്ക് ഇഡി നോട്ടീസ് നല്‍കിയിരിക്കുകയാണ്. ടിഎംസി വക്താവ് ജയപ്രകാശ് മജുംദാറിനെ ഭൂമി കയ്യേറ്റക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

അധ്യാപക നിയമന അഴിമതിക്കേസില്‍ അഭിഷേകിനെ ചോദ്യം ചെയ്യാനാണ് ഇഡി നീക്കം. ഈ 15ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. സാഹചര്യങ്ങള്‍ വിലയിരുത്താനായി അഭിഷേക് ഉള്‍പ്പെടെ ടിഎംസി നേതാക്കള്‍ മമതയുടെ വീട്ടിലാണുള്ളത്.

Advertising
Advertising

പാര്‍ട്ടിക്കുള്ളില്‍ വിമതര്‍ മേധാവിത്വം നേടിയതിന് പിന്നാലെയാണ് കൊല്‍ക്കത്ത മേയര്‍ ഫിര്‍ഹാദ് ഹക്കീമിന്റെ രാജി. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷനില്‍ നിന്ന് തൃണമൂലിന്റെ നിരവധി കൗണ്‍സിലര്‍മാര്‍ രാജിവെച്ചതിന് പിന്നാലെയാണ് മേയര്‍ തന്നെ രാജിവെച്ചിരിക്കുന്നത്. ബിജെപി ബംഗാളില്‍ അധികാരത്തിലെത്തിയ പശ്ചാത്തലത്തില്‍ മേയര്‍ സ്ഥാനത്ത് തുടരാന്‍ പ്രയാസമുണ്ടെന്ന് ഹക്കീം തൃണമൂല്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ സ്ഥാനത്ത് തുടരാനായിരുന്നു മമതയുടെ നിര്‍ദേശം.

ഇതുവരെ കാണാത്ത തരത്തിലുള്ള പ്രതിസന്ധിയാണ് ബംഗാളില്‍ മമത നേരിടുന്നത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാവ് ഋതബ്രത ബാനര്‍ജിയെ ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തിരുന്നു. ആകെയുള്ള 80 തൃണമൂല്‍ എംഎല്‍എമാരില്‍ 60 പേരും ഋതബ്രത ബാനര്‍ജിയെ പിന്തുണച്ചതോടെ പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലാണ്.

തങ്ങളാണ് 'യഥാര്‍ഥ തൃണമൂല്‍ കോണ്‍ഗ്രസ്' എന്നാണ് വിമത വിഭാഗം അവകാശപ്പെട്ടത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ളതിനാല്‍ കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്ന് രക്ഷപ്പെടാനും, തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി നാമവും ചിഹ്നവും തങ്ങളുടേതായി നിലനിര്‍ത്താനും വിമത വിഭാഗത്തിന് സാധിച്ചേക്കും. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ എല്ലാ കമ്മിറ്റികളും നേതൃത്വം പിരിച്ചുവിട്ടിരിക്കുകയാണ്. പോഷക സംഘടനകളും പിരിച്ചുവിട്ടിട്ടുണ്ട്. സമ്പൂര്‍ണ അഴിച്ചുപണിയുടെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. പാര്‍ട്ടിയില്‍ സമ്പൂര്‍ണമായ അഴിച്ചുപണിയും പുനപരിശോധനയും സംഘടനാപരമായ വിലയിരുത്തലും നേതാക്കളുടെ പ്രകടനത്തിന്റെ അവലോകനവും എല്ലാ തലത്തിലും നടത്തുമെന്നാണ് കമ്മിറ്റികള്‍ പിരിച്ചുവിട്ടുകൊണ്ട് തൃണമൂല്‍ നേതൃത്വം പറഞ്ഞിരിക്കുന്നത്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News