മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പരാജയം; മൂന്ന് പാർട്ടികൾക്കും കൂട്ടുത്തരവാദിത്തം: ഏകനാഥ് ഷിൻഡെ

രാജി സന്നദ്ധത അറിയിച്ച ദേവേന്ദ്ര ഫഡ്നാവിസുമായി സംസാരിക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി

Update: 2024-06-05 14:21 GMT

ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ തിരിച്ചടിക്കു പിന്നാലെ രാജി സന്നദ്ധത അറിയിച്ച ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി സംസാരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ലോക്സഭാ തെരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിച്ചതിനാൽ പരാജയം ബിജെപി, ശിവസേന, എൻസിപി എന്നീ മൂന്ന് പാർട്ടികളുടേയും കൂട്ടുത്തരവാദിത്തമാണെന്നും ഷിൻഡെ പറഞ്ഞു.

ബിജെപിയുടെ ലോക്സഭയിലെ അംഗസംഖ്യ 23ൽ നിന്ന് 9 ആയി കുറഞ്ഞതിന് പിന്നാലെയാണ് ഫഡ്നാവിസ് രാജി സന്നദ്ധത അറിയിച്ചത്. 'മഹാരാഷ്ട്രയിലെ ഫലത്തിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി മുഴുവൻ സമയവും പ്രവർത്തിക്കാൻ സാധിക്കുന്നതിനായി സർക്കാരിലെ ഉത്തരവാദിത്തത്തിൽ നിന്ന് എന്നെ ഒഴിവാക്കണമെന്ന് പാർട്ടി നേതൃത്വത്തോട് ഞാൻ അഭ്യർത്ഥിക്കുന്നു,' ഫഡ്നാവിസ് പറഞ്ഞു. ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

Advertising
Advertising

സംസ്ഥാനത്ത് ആകെ ഒമ്പത് ലോക്സഭാ സീറ്റുകളിൽ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പാർട്ടിയുടെ അംഗസംഖ്യയില്‍ 14 സീറ്റുകളുടെ കുറവുണ്ടായി. 2019ല്‍  മഹാരാഷ്ട്രയിൽ ബിജെപി 23 സീറ്റുകൾ നേടിയിരുന്നു.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ബിജെപി ഘടകം പാർട്ടിയുടെ മോശം പ്രകടനം വിശകലനം ചെയ്യാൻ യോഗം ചേർന്നിരുന്നു. ദേവേന്ദ്ര ഫഡ്നാവിസും ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയും മറ്റ് മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുത്തു. മഹാരാഷ്ട്രയിൽ 45 സീറ്റുകൾ നേടുകയെന്ന ലക്ഷ്യത്തിൽ എങ്ങനെ ഇടിവ് സംഭവിച്ചുവെന്ന് പരിശോധിച്ച് വരികയാണ്.

സഖ്യകക്ഷികളായ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയും ചേർന്ന് 48 സീറ്റുകളിൽ 17 സീറ്റുകളാണ് എൻഡിഎ നേടിയത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 48ൽ 41 സീറ്റുകളും ശിവസേന-ബിജെപി സഖ്യം നേടിയിരുന്നു.

അതേസമയം ഫഡ്നാവിസിന്റെ രാജി വാഗ്ദാനം നാടകം മാത്രമാണെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. ഭരണഘടനാ വിരുദ്ധമായ സർക്കാരിൻറെ ഭാഗമാണ് ഫഡ്നാവിസ് എന്നും രണ്ട് പാർട്ടികളെ തകർത്താണ് അദ്ദേഹം അധികാരത്തിലിരിക്കുന്നതതെന്നും സംസ്ഥാന കോൺഗ്രസ് വക്താവ് അതുൽ ലോന്ദെ പ്രസ്താവനയിൽ പറഞ്ഞു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News