ഇന്ത്യൻ പ്രധാനമന്ത്രി അംബാനിയോ? റൂബിയോ- അംബാനി കൂടിക്കാഴ്ചയെ പരിഹസിച്ച് സോഷ്യൽ മീഡിയ

ചിത്രം പുറത്തുവന്നതോടെ ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വവും വൻകിട കോർപ്പറേറ്റ് ഗ്രൂപ്പുകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ അനുകൂലികളും നെറ്റിസൺസും രംഗത്തെത്തി.

Update: 2026-10-22 14:18 GMT

ന്യൂഡൽഹി:യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുമായി നടത്തിയ കൂടിക്കാഴ്ചയെ രൂക്ഷമായി വിമർശിച്ച് ​സോഷ്യൽ മീഡിയ. റിലയൻസിന്റെ ഔദ്യോഗിക എക്സ് ഹാൻഡിൽ വഴിയാണ് ജാംനഗറിലെ അനൗപചാരിക ചർച്ചയുടെ ചിത്രം പുറത്തുവിട്ടത്.

ഈ വർഷം ഇന്ത്യയിലേക്കുള്ള തന്റെ രണ്ടാമത്തെ സന്ദർശനത്തിനെത്തിയ മാർക്കോ റൂബിയോ, ന്യൂഡൽഹിയെ പൂർണ്ണമായി ഒഴിവാക്കിയിരുന്നു. 20 ന് മുംബൈയിൽ വെച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉൾപ്പടെയു​ള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് 21 ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി,ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ എന്നിവരെ കണ്ട ശേഷമാണ് അദ്ദേഹം റിലയൻസിന്റെ കൂറ്റൻ റിഫൈനറി സ്ഥിതി ചെയ്യുന്ന ജാംനഗറിലെത്തിയത്. 

Advertising
Advertising

 

ചിത്രം പുറത്തുവന്നതോടെ ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വവും വൻകിട കോർപ്പറേറ്റ് ഗ്രൂപ്പുകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ അനുകൂലികളും നെറ്റിസൺസും രംഗത്തെത്തി. രാജ്യത്തിന്റെ യഥാർത്ഥ അധികാര കേന്ദ്രം അംബാനിയാണോ എന്നാണ് ഭൂരിഭാഗം ട്രോളുകളുടെയും മുന. പരിഹാസങ്ങൾക്കപ്പുറം സന്ദർശനത്തിന് പിന്നിൽ വലിയ സാമ്പത്തിക താല്പര്യങ്ങളുണ്ടെന്നാണ് വിലയിരുത്തൽ. വെനസ്വേലൻ ക്രൂഡ് ഓയിൽ ശുദ്ധീകരിക്കാൻ റിലയൻസിന്റെ ജാംനഗർ റിഫൈനറിക്കുള്ള കൂറ്റൻ ശേഷിയാണ് ചർച്ചകൾക്ക് വഴിയൊരുക്കിയതെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ വാണിജ്യപരമായ കടന്നുവരവിനെ തടസ്സപ്പെടുത്താൻ കുത്തക വ്യവസായികൾ ശ്രമിക്കുന്നുവെന്ന് ആരോപിച്ച്, അംബാനി ‘ഇന്ത്യയുടെ യഥാർത്ഥ ബോസ്’ ആണോ എന്ന് ചോദിച്ചുകൊണ്ട് ഈ മാസം ആദ്യം ഇലോൺ മസ്ക് തന്നെയാണ് ഈ വിവാദത്തിന് തിരികൊളുത്തിയത്. അംബാനിയെ പരിഹാസത്തോടെ ‘പ്രധാനമന്ത്രി അംബാനി’ എന്നും മസ്ക് വിളിച്ചിരുന്നു.

 

മസ്കിന്റെ ട്വീറ്റിന് മറുപടിയായി, ‘ഇന്ത്യയിലേക്ക് സ്വാഗതം ഇലോൺ, അടുത്തയാളെ (ഗൗതം അദാനിയെ) കണ്ടെത്തുന്നതുവരെ കാത്തിരിക്കൂ’ എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറിച്ചതും വലിയ വാർത്തയായിരുന്നു. കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ ഇന്ത്യയിൽ കോർപ്പറേറ്റ് കുത്തകകൾ ആധിപത്യം സ്ഥാപിക്കുന്നു എന്ന ആരോപണങ്ങൾക്ക് പുതിയ മാനങ്ങൾ നൽകുന്നതാണ് ഇപ്പോഴത്തെ റൂബിയോ-അംബാനി കൂടിക്കാഴ്ച.

Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News