മുംബൈ ഭീകരാക്രമണത്തിൽ ഭീകരരെ നേരിട്ട മുൻ എൻഎസ്ജി കമാൻഡോ വിരമിച്ച ശേഷം ലഹരിക്കടത്തിലേക്ക്; 200 കിലോ കഞ്ചാവുമായി പിടിയിൽ‌‌

സംസ്ഥാനത്തെ കഞ്ചാവ് കടത്ത് സംഘത്തിന്റെ തലവനായ ബജ്‌രം​ഗ് സിങ്ങിനെ രാജസ്ഥാനിലെ ചുരുവിൽ നിന്നാണ് പിടികൂടിയത്.

Update: 2025-10-03 10:38 GMT

Photo| ​India Today

ജയ്പ്പൂർ: 26/11 മുംബൈ താജ് ഹോട്ടൽ ഭീകരാക്രമണത്തിൽ പാക് ഭീകരരെ നേരിട്ട എൻഎസ്ജി കമാൻഡോ സംഘാം​ഗം വൻ തോതിൽ കഞ്ചാവുമായി പിടിയിൽ. മുൻ എൻഎസ്ജി കമാൻഡോ ബജ്‌രം​ഗ് സിങ്ങിനെയാണ് രാജസ്ഥാൻ ഭീകരവിരുദ്ധ സ്ക്വാഡും ആന്റി നാർകോട്ടിക്സ് ടാസ്ക് ഫോഴ്സും ചേർന്ന് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ കഞ്ചാവ് കടത്ത് സംഘത്തിന്റെ തലവനായ ബജ്‌രം​ഗ് സിങ്ങിനെ രാജസ്ഥാനിലെ ചുരുവിൽ നിന്നാണ് പിടികൂടിയത്.

200 കിലോ കഞ്ചാവാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്. ഒഡിഷയിൽ നിന്നും തെലങ്കാനയിൽ നിന്നുമാണ് ഇയാൾ രാജസ്ഥാനിലേക്ക് കഞ്ചാവ് കടത്തിയിരുന്നത്. എടിഎസും എഎൻടിഎഫും നടത്തിയ 'ഓപ്പറേഷൻ ​ഗാഞ്ചനേ'യിലാണ് ഇയാൾ വലയിലായത്. സാങ്കേതിക നിരീക്ഷണത്തിലൂടെയും വിവരദാതാക്കൾ വഴിയും വിവിധ ഒളിത്താവളങ്ങൾ കേന്ദ്രീകരിച്ച് ബജ്‌രംഗിനെ കണ്ടെത്താൻ രണ്ട് മാസമായി ഓപ്പറേഷൻ നടത്തിവരികയായിരുന്നു പൊലീസ്. ആഴ്ചകൾ നീണ്ടുനിന്ന ആസൂത്രണത്തിന്റെ ഫലമായിരുന്നു ഈ ഓപ്പറേഷൻ.

Advertising
Advertising

ബജ്‌രംഗിനെപ്പോലൊരു ല​ഹരിക്കടത്ത് തലവന്റെ അറസ്റ്റ് രാജസ്ഥാനിലെ ഭീകര- മയക്കുമരുന്ന് ശൃംഖല നിർവീര്യമാക്കാനുള്ള യാത്രയിൽ സേനയെ സംബന്ധിച്ച് സുപ്രധാന നേട്ടമാണെന്ന് മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ വികാസ് കുമാർ പറഞ്ഞു. ദേശീയ ഹീറോയിൽ നിന്ന് ലഹരിക്കടത്ത് രാജാവിലേക്കുള്ള ബജ്‌രംഗിന്റെ യാത്ര അടങ്ങാത്ത അത്യാഗ്രഹം കൊണ്ടാണെന്നാണ് നി​ഗമനം.

സികാർ ജില്ലയിലെ കാരങ്ക ​സ്വദേശിയായ ബജ്‌രംഗ്, പഠനം കഴിഞ്ഞ ശേഷം അതിർത്തി രക്ഷാ സേനയിൽ ചേരുകയായിരുന്നു. ​ഗുസ്തി പശ്ചാത്തലവും സർവീസിലെ പ്രവർത്തന മികവും എൻഎസ്ജിയിലേക്കുള്ള ചുവടുവയ്പ്പ് എളുപ്പത്തിലാക്കി. അവിടെ ഏഴ് വർഷത്തോളം ഭീകരവിരുദ്ധ പ്രവർത്തനത്തിൽ പങ്കാളിയായി. 2008ലെ മുംബൈ ഭീകരാക്രമണത്തിലെ പോരാട്ടവും ഇതിലുൾപ്പെടുന്നു. 2021ൽ സർവീസിൽ നിന്ന് വിരമിച്ച ശേഷം പ്രാദേശിക രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു. അവിടെ വിജയിക്കാതെ വന്നതോടെ നിയമവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് തിരിയുകയായിരുന്നു.

വൻതോതിലുള്ള ക‍ഞ്ചാവ് കള്ളക്കടത്തിലെ പങ്ക് വെളിപ്പെട്ടതോടെയാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്. പിടിക്കപ്പെടാതിരിക്കാൻ വല്ലപ്പോഴും മാത്രം മൊബൈൽ ഫോൺ ഉപയോ​ഗിക്കുന്ന ഇയാൾ നിരന്തരം സ്ഥലം മാറിക്കൊണ്ടിരിക്കുകയും ചെയ്യുമായിരുന്നു. ഒഡിഷ, തെലങ്കാന സംസ്ഥാനങ്ങളിലെ ബന്ധങ്ങളാണ് ചെറിയ രീതിയിലുള്ള ലഹരിക്കടത്തിൽ നിന്ന് വൻകിട ലഹരിക്കടത്തിലേക്ക് എത്താൻ ബജ്‌രംഗിനെ സഹായിച്ചത്.

കുറേനാൾ ചെറിയ ഇടപാടുകൾ നടത്തിയ ശേഷം ബജ്‌രംഗ് വൻ തോതിൽ കഞ്ചാവ് കടത്താൻ തുടങ്ങി. ബജ്‌രംഗിന്റെ അറസ്റ്റ് ലഹരിക്കെതിരായ പോരാട്ടത്തിലെ വൻ വിജയമാണെന്നും ഇത് രാജസ്ഥാനിലെ ലഹരിക്കടത്ത് നെറ്റ്‌വർക്ക് തകർക്കാൻ സഹായിക്കുമെന്നും ഉദ്യോ​ഗസ്ഥർ പറയുന്നു.‌ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടരാ‌‌ൻ ബജ്‌രംഗ് ഒന്നിലധികം സംസ്ഥാനങ്ങളിലെ ക്രിമിനൽ ഗ്രൂപ്പുകളുമായി ബന്ധം സ്ഥാപിച്ചതായും പൊലീസ് ഉദ്യോ​ഗസ്ഥർ കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News