വ്യാജ ബോംബ് ഭീഷണി; ചെന്നൈ- ദുബൈ വിമാനം ആറ് മണിക്കൂറോളം വൈകി

വ്യാജബോംബ് സന്ദേശം നല്‍കിയയാളെ പൊലീസ് തിരിച്ചറിഞ്ഞു.

Update: 2022-08-27 16:21 GMT
Advertising

ചെന്നൈ: വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് ചെന്നൈ- ദുബൈ ഇന്‍ഡിഗോ വിമാനം ആറു മണിക്കൂറോളം വൈകി. ബോംബ് ഭീഷണി ലഭിച്ചെന്നും തുടര്‍ന്ന് പരിശോധനകള്‍ നടത്തിയെന്നും ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. എന്നാൽ ഒന്നും കണ്ടെത്താനായില്ല. 170 യാത്രക്കാരുമായി മീനമ്പാക്കത്തെ അണ്ണാ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് വൈകിയത്.

രാവിലെ 7.20ന് പുറപ്പെടേണ്ടിയിരുന്ന 6ഇ 65 ഇന്‍ഡിഗോ വിമാനത്തിനാണ് ഫോണ്‍വഴി ബോംബ് ഭീഷണിയുണ്ടായത്. 6.15ന് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ഭീഷണിസന്ദേശം ലഭിച്ചത്.

ഇതോടെ എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ സ്‌ക്വാഡും സ്ഥലത്തെത്തി വിമാനത്തില്‍ പരിശോധന നടത്തിയെങ്കിലും ഒന്നുമുണ്ടായില്ല. നടപടിക്രമങ്ങള്‍ക്കു ശേഷം ഉച്ചയ്ക്ക് 12 മണിയോടെയാണ് വിമാനം പുറപ്പെട്ടത്.

അതേസമയം, വ്യാജബോംബ് സന്ദേശം നല്‍കിയയാളെ പൊലീസ് തിരിച്ചറിഞ്ഞു. വാഷര്‍മെന്‍പേട്ടില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന രഞ്ജിത് എന്ന 43കാരനായിരുന്നു വ്യാജ സന്ദേശത്തിന് പിന്നില്‍. ഇയാളുടെ ബന്ധുക്കളില്‍ ചിലര്‍ ഈ വിമാനത്തില്‍ ദുബൈയിലേക്ക് യാത്ര ചെയ്യുന്നുണ്ടായിരുന്നു. ഇവരുടെ യാത്രമുടക്കാനായിരുന്നു രഞ്ജിത് വ്യാജസന്ദേശം നല്‍കിയതെന്ന് പൊലീസ് പറയുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News