'ഇത് ഞങ്ങളുടെ കുടുംബകാര്യം, ഞാൻ പരിഹരിച്ചോളാം'; മക്കൾ തമ്മിലുള്ള കലഹത്തിൽ ലാലു പ്രസാദ് യാദവ്
മുതിർന്ന ആർജെഡി നേതാക്കൾ പങ്കെടുത്ത യോഗത്തിൽ തേജസ്വിയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു.
Photo| Special Arrangement
പട്ന: ബിഹാർ തെരഞ്ഞെടുപ്പിലെ ആർജെഡിക്കുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെ മക്കൾ തമ്മിലുള്ള കലഹം രൂക്ഷമായതോടെ പ്രതികരണവുമായി പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. ഇത് തങ്ങളുടെ കുടുംബ കാര്യമാണെന്നും കുടുംബത്തിനുള്ളിൽ തന്നെ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
തേജസ്വി യാദവും മകൾ രോഹിണി ആചാര്യയും തമ്മിലുള്ള കലഹത്തിലാണ് പിതാവായ ലാലുവിന്റെ പ്രതികരണം. 'ഇത് ഒരു കുടുംബത്തിലെ ആഭ്യന്തര കാര്യമാണ്, കുടുംബത്തിനുള്ളിൽ തന്നെ ഇത് പരിഹരിക്കപ്പെടും. ഇത് കൈകാര്യം ചെയ്യാൻ ഞാൻ അവിടെയുണ്ട്'- പട്നയിൽ നടന്ന ഒരു യോഗത്തിൽ ലാലു പറഞ്ഞു.
ലാലുവിന്റെ ഭാര്യ റാബ്രി ദേവി, മൂത്ത മകൾ മിസ ഭാരതി, ജഗദാനന്ദ് സിങ് എന്നിവരുൾപ്പെടെ മുതിർന്ന ആർജെഡി നേതാക്കൾ പങ്കെടുത്ത യോഗത്തിൽ തേജസ്വിയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. ബിഹാർ തെരഞ്ഞെടുപ്പിൽ തേജസ്വി കഠിനാധ്വാനം ചെയ്തെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസം, തേജസ്വി യാദവും രോഹിണി ആചാര്യയും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് പാർട്ടി വിട്ട രോഹിണി, കുടുംബാഗങ്ങളിൽ ചിലർ തന്നെ അധിക്ഷേപിച്ചതായും അതിനാൽ കുടുംബവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നതായും പറഞ്ഞിരുന്നു.
തൻ്റെ വൃത്തികെട്ട വൃക്ക അച്ചന് നൽകി തെരഞ്ഞെടുപ്പ് ടിക്കറ്റ് വാങ്ങിയതായി കുടുംബാംഗങ്ങൾ ആരോപിച്ചു. 2022ൽ പിതാവിന് വൃക്ക ദാനം ചെയ്തയുമായി ബന്ധപ്പെട്ടായിരുന്നു അധിക്ഷേപം. വൃക്ക നൽകി താൻ പണവും സീറ്റും വാങ്ങിയെന്നും അവർ ആക്ഷേപിച്ചു. തന്നെ പോലെ ഒരു മകളോ സഹോദരിയോ ഒരു വീട്ടിലും ജനിക്കാതെ ഇരിക്കട്ടെ എന്നാണ് അവർ പറയുന്നത്. തന്റെ ആത്മാഭിമാനത്തിൽ വിട്ടുവീഴ്ച ചെയ്യാത്തത് കൊണ്ടാണ് അപമാനം നേരിട്ടതെന്നും രോഹിണി ചൂണ്ടിക്കാട്ടി.
രോഹിണി ആചാര്യക്ക് പിന്നാലെ ലാലുവിന്റെ മറ്റു മൂന്ന് പെൺമക്കൾ കൂടി വീടുവിട്ടിരുന്നു. ലാലു പ്രസാദ് യാദവിന്റെ പെൺമക്കളായ രാജലക്ഷ്മി, രാഗിണി, ചന്ദ എന്നിവർ കുട്ടികളോടൊപ്പം പട്നയിലെ വസതി വിട്ട് ഡൽഹിയിലേക്ക് പോയതായാണ് റിപ്പോർട്ട്. ഇവർ കടുത്ത മാനസിക അസ്വസ്ഥതയിലായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ലാലു കുടുംബത്തിലുണ്ടായ പൊട്ടിത്തെറിയില്‍ കുടുംബം വിട്ട രോഹിണിക്ക് പിന്തുണയുമായി സഹോദരന്‍ തേജ് പ്രതാപ് യാദവ് രംഗത്തെത്തിയിരുന്നു. 'ഒരു സ്ത്രീയും മാതാവും സഹോദരിയുമെന്ന നിലക്ക് രോഹിണി ചെയ്യുന്ന കാര്യങ്ങളെല്ലാം പ്രശംസനീയമാണ്. അപൂര്‍വം ചിലരുടെ ജീവിതത്തില്‍ മാത്രമേ അങ്ങനെ സംഭവിക്കാറുള്ളൂ'- തേജ് പ്രതാപ് പറഞ്ഞു. സഹോദരിയുടെ നിലപാട് കൃത്യമാണെന്നും ശരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നതെന്നും തേജ് പ്രതാപ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം, ലോക്സഭാ തെരഞ്ഞെടുപ്പിൽ സരൺ മണ്ഡലത്തിൽ നിന്നും ആർജെഡി ടിക്കറ്റിൽ രോഹിണി മത്സരിച്ചിരുന്നു. പക്ഷെ ബിജെപിയുടെ രാജീവ് പ്രതാപ് റൂഡിയോട് പരാജയപ്പെടുകയായിരുന്നു. തന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ സോഷ്യൽമീഡിയ പോസ്റ്റിൻ്റെ പേരിൽ ആർജെഡിയിൽ നിന്നും കുടുംബത്തിൽ നിന്നും ലാലു പ്രസാദ് ആറ് വർഷത്തേക്ക് പുറത്താക്കിയിരുന്നു. തുടർന്ന് തേജ് പ്രതാപ് ജനശക്തി ജനതാദൾ രൂപീകരിച്ചെങ്കിലും തെരഞ്ഞെടുപ്പിൽ ചലനമുണ്ടാക്കാനായില്ല. തെരഞ്ഞെടുപ്പിലും ആർജെഡിക്കും കനത്ത തിരിച്ചടിയാണുണ്ടായത്. 2020ൽ 75 സീറ്റുണ്ടായിരുന്ന പാർട്ടിക്ക് ഇത്തവണ കേവലം 25 സീറ്റുകൾ മാത്രമാണ് നേടാനായത്.