ഡൽഹി മാർച്ച് രാത്രി നിർത്തിവെച്ച് കർഷകർ; നാളെ പുനരാരംഭിക്കും

നൂറോളം കർഷകർക്കാണ് ചൊവ്വാഴ്ച പരിക്കേറ്റത്

Update: 2024-02-13 14:54 GMT
Advertising

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തേക്കുള്ള പ്രതിഷേധ മാർച്ച് രാത്രി താൽക്കാലികമായി നിർത്തിവെക്കാനും ബുധനാഴ്ച രാവിലെ പുനരാരംഭിക്കാനും കർഷക സംഘടനകൾ തീരുമാനിച്ചു. പഞ്ചാബ്-ഹരിയാന അതിർത്തിയിൽ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചതിനാൽ നൂറോളം കർഷകർക്ക് പരിക്കേറ്റതായും കർഷകർ പറഞ്ഞു.

ശംഭുവിൽ ട്രാക്ടറുകൾ ഉപയോഗിച്ച് കർഷകർ സിമന്റ് ബാരിക്കേഡുകൾ തകർക്കാൻ ശ്രമിക്കുകയായിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ഹരിയാന പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 200-ലധികം കർഷക സംഘടനകളുടെ നേതൃത്വത്തിലാണ് 'ഡൽഹി ചലോ' പ്രതിഷേധ മാർച്ചുമായി കർഷകർ രംഗത്തിറങ്ങിയത്.

ഡോ. സ്വാമിനാഥൻ റിപ്പോർട്ട് നിർദേശിക്കുംവിധം എല്ലാ ഉൽപന്നങ്ങൾക്കും താങ്ങുവില നിശ്ചയിക്കുന്ന നിയമം നടപ്പാക്കുക, കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും മുഴുവൻ കടങ്ങളും എഴുതിത്തള്ളുക, 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം പുനരാവിഷ്കരിക്കുക, നഷ്ടപ്പെട്ട ഭൂമിക്ക് നിലവിലുള്ളതിന്റെ നാലിരട്ടി നഷ്ടപരിഹാരം ഉറപ്പാക്കുക, ലഖിംപൂർ-ഖേരിയിലെ കർഷകർക്ക് നീതി ഉറപ്പാക്കുക, പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക, സ്വതന്ത്ര വ്യാപാര കരാർ റദ്ദാക്കുക, കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ ഉറപ്പാക്കുക, മുൻവർഷങ്ങളിലുണ്ടായ ഡൽഹി കർഷക സമരത്തിൽ ജീവൻ പൊലിഞ്ഞ കർഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, കുടുംബത്തിലൊരാൾക്ക് ജോലി നൽകുക, 2020ലെ വൈദ്യുതി ഭേദഗതി ബിൽ റദ്ദാക്കുക, തൊഴിലുറപ്പ് ദിനങ്ങൾ 200 ആക്കുക, മിനിമം കൂലി 700 ആക്കി ഉയർത്തുക, വിത്തുകളുടെയും കീടനാശിനികളുടെയും വളങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്താൻ പ്രത്യേക സംവിധാനം ആവിഷ്കരിക്കുക തുടങ്ങിയവയാണ് കർഷകരുടെ പ്രധാന ആവശ്യങ്ങൾ.

സമരം ഒഴിവാക്കാൻ തിങ്കളാഴ്ച കേന്ദ്ര സർക്കാർ കർഷക സംഘടനകളുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് കർഷകർ മാർച്ച് ആരംഭിച്ചത്. മാർച്ച് തടയാൻ വലിയ സന്നാഹമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. വൻ സേനാ വിന്യാസം നടത്തിയ പൊലീസ്, കോ​ൺ​ക്രീ​റ്റ് സ്ലാ​ബും മു​ള്ളു​വേ​ലി​ക​ളും സ്ഥാ​പി​ച്ചിട്ടുണ്ട്. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News