പെണ്‍സുഹൃത്തിന്‍റെ കൈകാലുകള്‍ വെട്ടി തീകൊളുത്തിക്കൊന്ന് യുവാവ്

നന്ദിനിയെ വിവാഹം കഴിക്കാനായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി വെട്രിമാരനാകുകയായിരുന്നു പാണ്ടി മുരുഗേശ്വരി

Update: 2023-12-25 13:31 GMT
Editor : Shaheer | By : Web Desk

ചെന്നൈ: ഉറ്റ സുഹൃത്തായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ട്രാൻസ് യുവാവ്. കൈയും കാലും കത്തികൊണ്ട് മുറിച്ചുമാറ്റിയ ശേഷം തീക്കൊളുത്തുകയായിരുന്നു. മറ്റ് ആണ്‍സുഹൃത്തുക്കളുമായി സംസാരിച്ചതിലെ പകതീര്‍ക്കാനായിരുന്നു ക്രൂരകൃത്യം. സംഭവത്തിൽ പ്രതി വെട്രിമാരൻ അറസ്റ്റിലായിട്ടുണ്ട്.

ചെന്നൈയിലെ തലമ്പൂരിലാണ് ക്രൂരമായ സംഭവം നടന്നത്. 26കാരിയായ നന്ദിനിയാണു കൊല്ലപ്പെട്ടത്. മധുരയിൽ സ്‌കൂൾ കാലം തൊട്ടേ സുഹൃത്തുക്കളായിരുന്നു ഇരുവരും. പിന്നീട് നന്ദിനിയെ വിവാഹം കഴിക്കാനായി മുൻപ് പാണ്ടി മുരുഗേശ്വരിയായിരുന്ന യുവാവ് ലിംഗമാറ്റം നടത്തി വെട്രിമാരനാകുകയായിരുന്നു.

Advertising
Advertising

തിരുവള്ളൂർ സ്വദേശിയായ വെട്രിമാരൻ എം.ബി.എ ബിരുദദാരിയാണ്. ബി.എസ്‌സി പഠനത്തിനുശേഷം ചെന്നൈയിലെ നുംഗമ്പാക്കത്തെ ഒരു ഐ.ടി കമ്പനിയിൽ ജീവനക്കാരിയാണ് നന്ദിനി. ചെന്നൈയിലുള്ള അമ്മാവനൊപ്പമാണു യുവതി കഴിയുന്നത്. മറ്റ് ആൺസുഹൃത്തുക്കളുമായി സംസാരിക്കുന്നുവെന്നു പറഞ്ഞ് വെട്രിമാരൻ കഴിഞ്ഞ ഏതാനും മാസങ്ങളായി നന്ദിനിയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിനുശേഷം 26കാരി യുവാവുമായി സംസാരിക്കുന്നത് നിർത്തിയിരുന്നു. ഇതിനിടെ വീണ്ടും ആൺസുഹൃത്തുക്കളുമായി നന്ദിനി സംസാരിക്കുന്നത് കണ്ട പകയിലാണു കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു.

ഞായറാഴ്ച നന്ദിനിയുടെ ജന്മദിനമായിരുന്നു. ശനിയാഴ്ച രാത്രി വെട്രിമാരൻ യുവതിയെ വിളിക്കുകയും പ്രശ്‌നമുണ്ടാക്കില്ലെന്ന് ഉറപ്പുനൽകുകയും ചെയ്തു. നേരിൽകാണണമെന്ന് ആവശ്യപ്പെടുകയും ജന്മദിന സമ്മാനമുണ്ടെന്നു വാഗ്ദാനം നൽകുകയും ചെയ്തു. തുടർന്നാണു യുവതി നേരിൽക്കാണാൻ സമ്മതിച്ചത്.

ശനിയാഴ്ച വൈകീട്ട് നന്ദിനിയുമായി പല സ്ഥലങ്ങളിലും കറങ്ങിയ ശേഷം രാത്രി 7.15ഓടെ പൊന്മാറിലെ ആളൊഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോയി. തുടർന്ന് സമ്മാനം നൽകാനെന്ന വ്യാജേനെ പെൺകുട്ടിയുടെ കണ്ണ് മൂടിക്കെട്ടി. പിന്നാലെ കാലും കൈയും ചങ്ങലകൊണ്ട് ബന്ധിച്ച് കണങ്കാലും കൈക്കുഴയും കത്തികൊണ്ട് മുറിച്ചു. ശേഷം ശരീരത്തിൽ പെട്രോളൊഴിച്ചു തീക്കൊളുത്തി സ്ഥലം വിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കരച്ചിൽകേട്ട് ഓടിയെത്തിയ നാട്ടുകാരാണു യുവതിയെ ആശുപത്രിയിലെത്തിച്ചത്. ശരീരമാസകലം പൊള്ളലേറ്റു ഗുരുതരാവസ്ഥയിലായിരുന്ന യുവതി പിന്നീട് ആശുപത്രിയിൽ വച്ചു മരിക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ പൊലീസ് ചോദ്യംചെയ്യലിൽ വെട്രിമാരൻ കുറ്റംസമ്മതിച്ചിട്ടുണ്ട്. ലിംഗമാറ്റം നടത്തിയ ശേഷം യുവതി വിവാഹത്തിനു വിസമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 

Summary: Female techie chained, cut with blade, burned alive by lover in Tamil Nadu

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News