ജഡ്ജിക്കെതിരെ അപകീർത്തി പരാമർശം; നിരുപാധികം മാപ്പ് പറഞ്ഞ് കശ്മീർ ഫയൽസ് സംവിധായകൻ

ട്വീറ്റ് ഡിലീറ്റ് ചെയ്തത് വിവേക് അഗ്‌നിഹോത്രി അല്ലെന്നും ട്വിറ്റർ തന്നെ ഡിലീറ്റ് ചെയ്തതാണെന്നും അമിക്കസ് ക്യൂറി

Update: 2022-12-06 08:23 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ് ലാഖയ്ക്ക് ജാമ്യം നൽകിയതിന് ജസ്റ്റിസ് മുരളീധറിനെ വിമർശിച്ച സംവിധായകൻ വിവേക് അഗ്‌നിഹോത്രി നിരുപാധികം മാപ്പു പറഞ്ഞു. സംവിധായകനെതിരെ കോടതിയലക്ഷ്യ നടപടി ഡൽഹി ഹൈക്കോടതി തുടങ്ങിയിരുന്നു.

ജസ്റ്റിസ് എസ്. മുരളീധറിനെതിരെ 2018ൽ നടത്തിയ പരാമർശത്തിൽ അന്ന് കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ഗൗതം നവലഖയുടെ റിമാൻഡും വീട്ടുതടങ്കലും 2018ൽ ഡൽഹി ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് എസ്. മുരളീധർ, ജസ്റ്റിസ് വിനോദ് ഗോയൽ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. എന്നാൽ, ജസ്റ്റിസ് എസ്. മുരളീധർ പക്ഷാപാതമായാണ് നവലഖക്ക് അനുകൂലമായി വിധി പറഞ്ഞതെന്ന് അഗ്‌നിഹോത്രിയും ആർ.ബി.ഐ മുൻ ഡയറക്ടർ എസ്. ഗുരുമൂർത്തിയും ട്വിറ്ററിൽ രംഗത്തെത്തിയിരുന്നു. ഇതിലാണ് കോടതി സ്വമേധയാ കേസെടുത്തത്.

അഭിഭാഷകൻ മുഖേന ക്ഷമാപണ സത്യവാങ്മൂലം സമർപ്പിക്കുകയും ട്വീറ്റ് താൻ നശിപ്പിച്ചതായും വിവേക് അഗ്‌നിഹോത്രി കോടതിയെ അറിയിച്ചു.എന്നാൽ, ട്വീറ്റ് ഡിലീറ്റ് ചെയ്തത് അഗ്‌നിഹോത്രി അല്ലെന്നും ട്വിറ്റർ തന്നെ ഡിലീറ്റ് ചെയ്തതാണെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. കേസ് അടുത്ത മാർച്ച് 16ന് വീണ്ടും പരിഗണിക്കുമെന്നും അന്ന് ഹാജരാകണമെന്നും കോടതി അഗ്‌നിഹോത്രിക്ക് നിർദേശം നൽകി.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News