'മാപ്പിലൊതുങ്ങില്ല'; ഇസ്തംബൂൾ കോൺഗ്രസ് സെന്റർ കോൺഗ്രസ് ഓഫീസാണെന്ന വ്യാജപ്രചാരണത്തിന് റിപ്പബ്ലിക്ക് ടിവിക്കെതിരെ കേസ്

ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ലീഗല്‍ സെല്‍ മേധാവി ശ്രീകാന്ത് സ്വരൂപ് ബിഎന്‍ ബംഗളൂരു ഹൈഗ്രൗണ്ട്‌സ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് നടപടി

Update: 2025-05-21 06:07 GMT
Editor : rishad | By : Web Desk

അര്‍ണാബ് ഗോസ്വാമി- അമിത് മാളവ്യ

ന്യൂഡല്‍ഹി: തുര്‍ക്കിയിലെ ഇസ്താംബുള്‍ കോണ്‍ഗ്രസ് സെന്ററിന്റെ ഓഫിസ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഓഫീസാണെന്ന് വ്യാജ പ്രചാരണം നടത്തിയ  റിപബ്ലിക് ടിവി മേധാവി അര്‍ണാബ് ഗോസ്വാമിക്കും ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയ്ക്കുമെതിരെ കേസ്. 

ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 192 (കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ മനഃപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കല്‍), 352 (സമാധാന ലംഘിക്കുകയെന്ന ഉദ്ദേശത്തോടെ മനഃപൂര്‍വ്വം അപമാനിക്കല്‍) എന്നിവ പ്രകാരമാണ് കേസ്.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ലീഗല്‍ സെല്‍ മേധാവി ശ്രീകാന്ത് സ്വരൂപ് ബിഎന്‍ ബംഗളൂരു ഹൈഗ്രൗണ്ട്‌സ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് നടപടി.  പരാതി അടിയന്തരമായി പരിഗണിക്കണമെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, സിബിഐ എന്നീ ഏജന്‍സികളോട് സ്വരൂപ് അഭ്യര്‍ത്ഥിച്ചിരുന്നു. 

Advertising
Advertising

അതേസമയം വിഷയത്തില്‍ മാപ്പ് പറഞ്ഞ് റിപ്പബ്ലിക് ടിവി കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങൾ വഴി രൂക്ഷ വിമർശനമാണ് ചാനല്‍ നേരിട്ടത്. പ്രസ്തുത വീഡിയോയുടെ ഉള്ളടക്കവുമായോ സന്ദർഭവുമായോ ചിത്രത്തിന് യാതൊരു ബന്ധവുമില്ലെന്നും പിശകിൽ ഞങ്ങൾ ആത്മാർത്ഥമായും നിരുപാധികമായും ഖേദിക്കുന്നുവെന്നുമാണ് റിപ്പബ്ലിക്ക് ടിവി  പുറത്തുവിട്ട വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നത്. 

ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തില്‍ പാകിസ്ഥാനൊപ്പം നിലകൊണ്ടതിന്റെ പശ്ചാത്തലത്തില്‍ തുര്‍ക്കിക്കെതിരായ നീക്കങ്ങള്‍ ഉണ്ടാകുന്നതിനിടെയാണ്, കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തുര്‍ക്കിയില്‍ രജിസ്റ്റര്‍ ചെയ്ത ഓഫീസ് ഉണ്ടെന്ന് ബിജെപി ഐടി സെല്ലും റിപബ്ലിക് ടിവിയും തെറ്റായി പ്രചരിപ്പിച്ചത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News