സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിവെപ്പ്: ഗുജറാത്തിലെ താപി നദിയിൽ നിന്നും തോക്കും തിരകളും കണ്ടെത്തി

ബാന്ദ്രയിലെ സൽമാൻ ഖാന്റെ ഗ്യാലക്‌സി അപാർട്‌മെന്റിന് നേരെ അക്രമികൾ അഞ്ച് റൗണ്ടാണ് വെടിയുതിർത്തത്

Update: 2024-04-23 11:15 GMT
Editor : rishad | By : Web Desk
Advertising

സൂറത്ത്: ബോളിവുഡ് നടന്‍ സൽമാൻ ഖാന്റെ വീടിന് നേരെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് അക്രമകാരികൾ ഉപയോഗിച്ച തോക്കും തിരകളും കണ്ടെടുത്തു. ഗുജറാത്തിലെ താപി നദിയിൽ നിന്നും മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ചാണ് തോക്കും തിരകളും കണ്ടെടുത്തത്. 

സംഭവവുമായി ബന്ധപ്പെട്ട് വിക്കി ഗുപ്ത, സാഗർ പാൽ എന്നിവരെ ഏപ്രിൽ 14ന് ഗുജറാത്തിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. വെടിവയ്പ്പിന് ശേഷം മുംബൈയില്‍ നിന്ന് റോഡ് മാര്‍ഗം സൂറത്തിലെത്തിയ ശേഷം ട്രെയിനില്‍ ഭുജിലേക്ക് രക്ഷപ്പെടുമ്പോള്‍ റെയില്‍വേ പാലത്തില്‍ നിന്ന് താപി നദിയിലേക്ക് തോക്ക് എറിഞ്ഞതായി ഇരുവരും ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് മുങ്ങല്‍ വിദഗ്ധരെ ഏര്‍പ്പെടുത്തിയത്. 

ബാന്ദ്രയിലെ സൽമാൻ ഖാന്റെ ഗ്യാലക്‌സി അപാർട്‌മെന്റിന് നേരെ അക്രമികൾ അഞ്ച് റൗണ്ടാണ് വെടിയുതിർത്തത്. ബിഷ്‌ണോയ് ഗ്യാങിന്റെ നിർദേശപ്രകാരമാണ് ഇരുവരും പ്രവർത്തിച്ചതെന്നാണ് വിവരം. ലോറൻസ് ബിഷ്‌ണോയ് ജയിലിലാണെങ്കിലും അദ്ദേഹത്തിന്റെ സഹോദരൻ അൻമോലാണ് വെടിവെപ്പ് സംഘത്തെ ഒരുക്കിയത്.

അതേസമയം തോക്കുംതിരയും കണ്ടെടുക്കുന്ന വീഡിയോ പൊലീസ് പുറത്തുവിട്ടുണ്ട്. കയ്യിൽ തോക്കും തിരകളടങ്ങിയ കവറുമായി മുങ്ങൽ വിദഗ്ധൻ നദിയിൽ നിന്നും പുറത്തുവരുന്നത് വീഡിയോയിൽ കാണാം. രണ്ട് തോക്കുകൾ അക്രമി സംഘത്തിന് കയ്യിലുണ്ടായിരുന്നുവെങ്കിലും ഒന്ന് മാത്രമെ ഉപയോഗിച്ചുള്ളൂവെന്നാണ് പൊലീസ് അറിയിക്കുന്നത്. സാഗർ പാൽ അപാർട്‌മെന്റിന് നേരെ വെടിയുതിർക്കുമ്പോൾ വിക്കി ഗുപ്ത, ബൈക്ക് സ്റ്റാർട്ട് ചെയ്ത് രക്ഷപ്പെടാൻ തയ്യാറായി നിൽക്കുകയായിരുന്നു. 

അതേസമയം വെടിവെപ്പ് നടത്തി സല്‍മാന്‍ഖാനെ ഭയപ്പെടുത്തുക എന്ന ഉദ്ദേശ്യംമാത്രമെ സംഘത്തിനുണ്ടായിരുന്നുള്ളൂവെന്നും ഇതിന് ഒരു ലക്ഷം പ്രതിഫലം വാങ്ങിയെന്നുമാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. ആക്രമണത്തിന് മുമ്പ് ഇരുവരും പൻവേലിലുള്ള സല്‍മാന്‍ ഖാന്റെ ഫാം നിരീക്ഷിച്ചിരുന്നു. പ്രതികൾ ഒന്നിലധികം സിം കാർഡുകൾ വാങ്ങുകയും വിവിധ സ്ഥലങ്ങളിൽ അവ ഇടയ്ക്കിടെ മാറ്റുകയും ചെയ്തു. വധശ്രമത്തിനും ഭീഷണിക്കുമാണ് മുംബൈ ക്രൈംബ്രാഞ്ച് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.   

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News