'അഞ്ച് കോടി തന്നാൽ പ്രശ്‌നം തീർക്കാം, അല്ലെങ്കിൽ ബാബ സിദ്ദീഖിയേക്കാൾ മോശം അവസ്ഥ വരും': സൽമാൻ ഖാന് വീണ്ടും ഭീഷണി

മുംബൈ ട്രാഫിക് പൊലീസിന്റെ വാട്സാപ്പ് നമ്പറിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തെ ചെറുതായി കാണരുതെന്നും പറയുന്നു

Update: 2024-10-18 08:48 GMT
Editor : rishad | By : Web Desk

മുംബൈ: ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയുമായി ബന്ധപ്പെട്ട് നടന്‍ സല്‍മാന്‍ ഖാന് വീണ്ടും ഭീഷണി. അഞ്ച് കോടി നൽകിയാൽ ലോറന്‍സ് ബിഷ്‌ണോയിക്ക് സല്‍മാന്‍ ഖാനുമായുള്ള ശത്രുത അവസാനിപ്പിക്കാമെന്നും അല്ലെങ്കില്‍ കൊല്ലപ്പെട്ട രാഷ്ട്രീയ നേതാവ് ബാബ സിദ്ദീഖിയുടേതിനേക്കാള്‍ മോശം അവസ്ഥയാകും താരത്തിനുണ്ടാകുക എന്നുമാണ് ഭീഷണി.

മുംബൈ ട്രാഫിക് പൊലീസിന്റെ വാട്സാപ്പ് നമ്പറിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തെ ചെറുതായി കാണരുതെന്നും പറയുന്നു. 'ഇത് നിസ്സാരമായി കാണരുത്. ലോറന്‍സ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ജീവനോടെയിരിക്കാനും സല്‍മാന്‍ ഖാന്‍, അഞ്ച് കോടി രൂപ നല്‍കണം. പണം നല്‍കിയില്ലെങ്കില്‍ ബാബ സിദ്ദീഖിയുടെ അവസ്ഥയേക്കാള്‍ മോശമാകും'; ഭീഷണി സന്ദേശം പറയുന്നു.

Advertising
Advertising

അതേസമയം സന്ദേശത്തിന് പിന്നിലാരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. നടന്റെ ബാന്ദ്രയിലെ വസതിക്ക് ചുറ്റും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ബാബ സിദ്ദീഖി കൊല്ലപ്പെട്ടതിന് പിന്നാലെ തന്നെ സല്‍മാന്‍ ഖാന്റെ വസതിക്ക് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ബിഷ്‌ണോയിയുടെ സംഘത്തില്‍പ്പെട്ടവരാണ് സിദ്ധീഖിയെ കൊലപ്പെടുത്തിയത് എന്നാണ് വിവരം. സല്‍മാന്‍ ഖാനുമായുള്ള അടുപ്പമാണ് സിദ്ദീഖിയെ ഉന്നമിട്ടതിന് പിന്നിലെന്നാണ് കരുതുന്നത്. 

ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ പ്രധാന അംഗത്തെ നവി മുംബൈ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സുഖ്ബീർ ബൽബീർ സിംഗ് എന്നാണ് ഇയാളുടെ പേര്. ഹരിയാനയിലെ പാനിപ്പത്തിൽ നിന്നാണ് സുഖ്ബീറിനെ പിടികൂടിയത്. സല്‍മാന്‍ ഖാനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

പാകിസ്താന്‍ ആസ്ഥാനമായുള്ളൊരു ആയുധകള്ളക്കടത്തുകാരനുമായി പ്രതിക്ക് ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നു. കേസുമായി ബന്ധപ്പെട്ട് 18 പേർക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അതേസമയം ബാബ സിദ്ദീഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടും സുഖ്ബീറിനെ പൊലീസ് ചോദ്യം ചെയ്യും.

കഴിഞ്ഞ ഏപ്രിലിലാണ്, ബാന്ദ്രയിലെ ഖാന്റെ വസതിക്ക് പുറത്ത് വെടിവെപ്പ് നടന്നത്. സല്‍മാന്‍ ഖാന്‍ വീട്ടിലുണ്ടായിരിക്കെയാണ് വെടിവെപ്പ്. സിദ്ദീഖിയുടെ കൊലപാതകത്തിന് പിന്നാലെ ഈ കേസും ഇപ്പോൾ പൊലീസ് ഗൗരവമായിതന്നെയാണ് പരിശോധിക്കുന്നത്.

ഇതാദ്യമായല്ല ബിഷ്‌ണോയി സംഘവുമായി ബന്ധപ്പെട്ടുള്ള ഭീഷണി സന്ദേശങ്ങള്‍ സല്‍മാന്‍ ഖാൻ നേരിടുന്നത്. 2022ൽ ഭീഷണിപ്പെടുത്തിയുള്ളൊരു കത്ത് സല്‍മാന്‍ ഖാന്റെ വസതിക്ക് സമീപമുള്ള ഒരു ബെഞ്ചിൽ നിന്നും കണ്ടെത്തിയിരുന്നു. 2023 മാർച്ചിൽ, സംഘത്തിലെ അംഗങ്ങൾ അയച്ചതായി ആരോപിക്കപ്പെടുന്നൊരു ഭീഷണി മെയിലും ലഭിച്ചു. 2024 ജനുവരിയിൽ, രണ്ട് അജ്ഞാത വ്യക്തികൾ വ്യാജ ഐഡൻ്റിറ്റി ഉപയോഗിച്ച് നടന്റെ പൻവേൽ ഫാംഹൗസിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഫാംഹൗസിലെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് താരത്തിന്റെ വസതിക്ക് നേരെ വെടിവെപ്പ് നടക്കുന്നത്. 

കൃഷ്ണ മൃഗത്തെ വേട്ടയാടിയ സംഭവമാണ് സൽമാൻ ഖാനെ ബിഷ്‌ണോയി സംഘം ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ കാരണം. ബിഷ്‌ണോയ് സമുദയം പവിത്രമായി കാണുന്നതാണ് കൃഷ്ണ മൃഗം. 1998ൽ ഒരു സിനിമാ ചിത്രീകരണത്തിനിടെ കൃഷ്ണ മൃഗത്തെ സൽമാൻ ഖാൻ വേട്ടയാടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ താരം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസ് ഇപ്പോഴും തീര്‍ന്നിട്ടില്ല. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News