ബിജെപിയെ വീഴ്ത്തിയ 'തന്ത്രം'; ബങ്കിപ്പൂരിലെ പ്രശാന്ത് കിഷോറിൻ്റെ ജയത്തിന് പിന്നിലെ അഞ്ച് കാരണങ്ങള്‍
2025ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതിന്‍ നബിന്‍ 51,936 വോട്ടിന് വിജയിച്ച മണ്ഡലത്തില്‍ നിന്നാണ് ഇത്തവണ പ്രശാന്ത് കിഷോര്‍ 19,324 വോട്ടിന് വിജയിച്ചത്
ബിഹാറിലെ ബങ്കിപ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മിന്നും ജയമാണ് ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപകന്‍ പ്രശാന്ത് കിഷോര്‍ നേടിയത്. വര്‍ഷങ്ങളായി ബിജെപി മാത്രം വിജയിച്ച മണ്ഡലത്തില്‍ നിന്നാണ് പ്രശാന്ത് കിഷോറിന്റെ വിജയം. ബിഹാറിലെ ഭരണകക്ഷിയായ ബിജെപിയുടെ അടിത്തറയില്‍ വിള്ളലുകള്‍ വീഴുന്നുവെന്ന സൂചനകളാണ് ഫലം നല്‍കുന്നത്. ജന്‍ സുരാജ് പാര്‍ട്ടിക്കാകട്ടെ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പും.
പ്രശാന്ത് കിഷോറിന്റെ വിജയത്തിനെ പിന്നിലെ അഞ്ച് ഘടകങ്ങള്‍
1) 'പികെ' ഫാക്ടര്‍
രാഷ്ട്രീയ തന്ത്രജ്ഞനില്‍ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ പ്രശാന്ത് കിഷോര്‍ തന്നെയാണ് വിജയത്തിന് പിന്നിലെ പ്രധാന ഘടകം. 2025ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 243 സീറ്റുകളില്‍ 238 സീറ്റിലും മത്സരിച്ചെങ്കിലും ജന്‍ സുരാജ് പാര്‍ട്ടിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ ബങ്കിപ്പൂര്‍ സീറ്റില്‍ പാര്‍ട്ടിയുടെ മറ്റേതെങ്കിലും നേതാക്കളെ നിര്‍ത്തുന്നതിന് പകരം പ്രശാന്ത് കിഷോര്‍ തന്നെ നേരിട്ട് ഇറങ്ങുകയായിരുന്നു. ഇത് തുടക്കംമുതല്‍ക്കേ ജന്‍ സുരാജ് ക്യാമ്പില്‍ ആവേശം നല്‍കി.
തുടര്‍ച്ചയായി അഞ്ച് തവണ ബങ്കിപ്പൂരിനെ പ്രതിനിധീകരിച്ച നിതിന്‍ നബീന്‍ ബിജെപി ദേശീയ അധ്യക്ഷനാവുകയും രാജ്യസഭാംഗമാവുകയും ചെയ്തതോടെയാണ് എംഎല്‍എ സ്ഥാനം രാജിവെച്ചതും ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നതും. ബിജെപി സ്ഥാനാര്‍ഥിയാക്കിയ യുവനേതാവ് നീരജ് കുമാറിന് പ്രശാന്ത് കിഷോറിന്റെ സ്ഥാനാര്‍ഥിത്വത്തിന് മുന്നില്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്താനായില്ല.
2) മാറ്റത്തിനായി വോട്ടുകുത്തി ജനം
ബിജെപിയുടെ ഉറച്ച കോട്ടയില്‍ മാറ്റത്തിനായി വോട്ടര്‍മാര്‍ ആഗ്രഹിച്ചു എന്നതാണ് പ്രശാന്ത് കിഷോറിന് അനുകൂലമായ രണ്ടാമത്തെ ഘടകം. ജനങ്ങളില്‍ ഭൂരിഭാഗവും ജന്‍ സുരാജ് പാര്‍ട്ടി അധ്യക്ഷനെ കൂടുതല്‍ അനുയോജ്യനും ലക്ഷ്യബോധവുമുള്ള സ്ഥാനാര്‍ഥിയായി പരിഗണിച്ചു. ഈ തെരഞ്ഞെടുപ്പ് മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്കെതിരെയുള്ള ജനവിധിയാകുമെന്ന് വിശേഷിപ്പിച്ച പ്രശാന്ത് കിഷോര്‍, ബങ്കിപ്പൂരിനെ തങ്ങളുടെ 'ഉറച്ച കോട്ട'യെന്ന് വിശേഷിപ്പിച്ച ബിജെപിയുടെ 'അഹങ്കാര'ത്തെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. 'രാഷ്ട്രീയ പാര്‍ട്ടിയല്ല, ജനങ്ങളാണ് കോട്ട നിര്‍മ്മിക്കുന്നത്' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
3) ബിജെപിയുടെ വോട്ട് ബാങ്കിലെ വിള്ളല്‍, ആര്‍ജെഡിയുടെയും
ജാതിരാഷ്ട്രീയത്തിന് ഏറെ വളക്കൂറുള്ള ബിഹാറില്‍ ബിജെപിയുടെയും പ്രധാന പ്രതിപക്ഷമായ ആര്‍ജെഡിയുടെയും വോട്ട് ബാങ്കുകളില്‍ വീണ വലിയ വിള്ളലുകളാണ് കിഷോറിന്റെ മുന്നേറ്റത്തിന് കരുത്തേകിയത്. ഉപരിവര്‍ഗത്തിലെ കായസ്ഥ സമുദായം മാത്രമാണ് ബിജെപിക്ക് ഒപ്പം ഉറച്ചുനിന്നത്. എന്നാല്‍ മറ്റ് ഉപരിവര്‍ഗ വോട്ടര്‍മാരുടെയും ഒബിസി വോട്ടര്‍മാരുടെയും വലിയൊരു വിഭാഗം പ്രശാന്ത് കിഷോറിന് അനുകൂലമായി നിലപാടെടുത്തു. ഇതോടൊപ്പം, ആര്‍ജെഡിയുടെ പരമ്പരാഗത മുസ്‌ലിം-യാദവ വോട്ട് ബാങ്കിന്റെ ഒരു ഭാഗവും പ്രശാന്ത് കിഷോറിലേക്ക് മാറി. ബിജെപിയെ പരാജയപ്പെടുത്താന്‍ ആര്‍ജെഡിയെക്കാള്‍ പ്രശാന്ത് കിഷോറിന് ശേഷിയുണ്ടെന്ന് വോട്ടര്‍മാരിലെ ഒരു വിഭാഗം കരുതി പിന്തുണക്കുകയായിരുന്നു.
4) കുറിക്കുകൊണ്ട പ്രചാരണം
പരമ്പരാഗത ജാതി-മത സമവാക്യങ്ങള്‍ക്കും തെരഞ്ഞെടുപ്പ് വാദപ്രതിവാദങ്ങള്‍ക്കുമപ്പുറം കൃത്യമായ ലക്ഷ്യത്തോടെയുള്ള പ്രചാരണമാണ് പ്രശാന്ത് കിഷോര്‍ നടത്തിയത്. വിദ്യാഭ്യാസം, തൊഴില്‍, ജനങ്ങളുടെ ദൈനംദിന വിഷയങ്ങള്‍ എന്നിവയിലൂന്നിയുള്ള പ്രചാരണത്തിനാണ് പ്രാധാന്യം നല്‍കിയത്. അതേസമയം മറുവശത്ത് അമിത ആത്മവിശ്വാസത്തിലായിരുന്നു ബിജെപി. വികസന നയങ്ങള്‍ മുന്നോട്ടുവെക്കുന്നതിന് പകരം മണ്ഡലവുമായുള്ള വൈകാരിക ബന്ധം ഉയര്‍ത്തിക്കാട്ടാനാണ് ബിജെപി നേതാക്കള്‍ ശ്രമിച്ചത്. ഇത് തിരിച്ചടിച്ചു.
5) കൃത്യമായ തെരഞ്ഞെടുപ്പ് തന്ത്രം
തന്റെ എതിരാളികളെക്കാള്‍ മികച്ച തെരഞ്ഞെടുപ്പ് തന്ത്രമാണ് പ്രശാന്ത് കിഷോര്‍ ആവിഷ്‌കരിച്ചത്. വലിയ റാലികള്‍ക്ക് പകരം പ്രാദേശികമായുള്ള ചെറിയ യോഗങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും പൊതുജനങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിനുമാണ് അദ്ദേഹം മുന്‍ഗണന നല്‍കിയത്. ബിജെപിയുടെ പ്രാദേശിക ഘടകത്തിലെ ആഭ്യന്തര തര്‍ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും മുതലെടുക്കാനുമായി. ബിജെപി ആദ്യം നിശ്ചയിച്ച സ്ഥാനാര്‍ഥി അഭിഷേക് കുമാര്‍ സിന്‍ഹ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം അപ്രതീക്ഷിതമായി പിന്മാറിയിരുന്നു. ഇത് ബിജെപി ക്യാമ്പില്‍ ആശങ്കയുണ്ടാക്കിയിരുന്നു. തുടര്‍ന്നാണ് യുവജന വിഭാഗം നേതാവായ നീരജ് കുമാര്‍ സിന്‍ഹയെ ബിജെപി മത്സരിപ്പിച്ചത്.