ടൂറിസം മേഖലയില്‍ ഉയരാനാകാതെ ഹിമാചല്‍ പ്രദേശ്

ശക്തമായ മഴ കാരണം വിനോദസഞ്ചാരികള്‍ കുറയുന്നു.

Update: 2023-07-30 08:29 GMT
Editor : Sreeba M | By : Web Desk

 ധർമ്മശാല :  മഴ കാരണം ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും ഇപ്പോഴും തീരാ ദുരിതത്തിലാണ്. നിരവധി നാശനഷ്ടങ്ങളും ആളപായങ്ങളും ഇതിനോടകം തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കനത്തമഴയും മണ്ണിടിച്ചിലും കാരണം ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഉത്തരരേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നാണ് ഹിമാചല്‍ പ്രദേശ്‍. ടൂറിസം മേഖലയിലെ വരുമാനത്തില്‍ വളരെ മുന്‍പില്‍ നിന്നിരുന്ന ഹിമാചല്‍ പ്രദേശിലേക്ക് വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞിരിക്കുകയാണ്. ശക്തമായ മഴ കാരണം സംസ്ഥാനത്തെ പ്രധാനപ്പെട്ട പല റോഡുകള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.

Advertising
Advertising

മഴ കാരണം ഏതാണ്ട് 5600 കോടിയുടെ നഷ്ടമാണ് ഹിമാചല്‍ പ്രദേശില്‍ ഇപ്പോള്‍ സംഭവിച്ചതായി കണക്കാക്കുന്നത്. ധർമ്മശാലയില്‍ മാത്രം മഴ കാരണം ആറ് കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. വിവിധ വകുപ്പുകളില്‍ നിന്നുള്ള റിപ്പോർട്ടുകള്‍ കൂടി ലഭ്യമായാല്‍ മാത്രമേ നാശനഷ്ടങ്ങളുടെ കണക്ക് കുറേകൂടി വ്യക്തമാകുകയുള്ളൂ. ധർമശാല -മക്ലിയോഡ്ഗഞ്ച് ദേശീയപാതയ്ക്ക് വിവിധയിടങ്ങളില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ഈ തവണ മൺസൂൺ തുടങ്ങിയത് കൃത്യസമയത്താണെങ്കിലും മുന്‍ വർഷങ്ങളെ അപേക്ഷിച്ച് മഴ വളരെ കൂടുതലായി പെയ്തിട്ടുണ്ട് എന്നാണ് പ്രദേശവാസികളുടെ അഭിപ്രായം. സ്ഥലത്തെ മിക്ക കെട്ടിടങ്ങളും കൃത്യമായ പ്ലാനിങോടെയല്ല നിർമ്മിച്ചതെന്നും അത് കൊണ്ട് ജലപ്രവാഹത്തിന് കെട്ടിടങ്ങള്‍ തടസ്സം സൃഷ്ടിക്കുകയാണെന്നും ഇത് പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്നും പരിസരവാസികള്‍ പറഞ്ഞു.

കോവിഡ് കാരണം ഹിമാചല്‍ പ്രദേശില്‍ മൂന്നുവർഷത്തോളം വിനോദസഞ്ചാരമേഖലയ്ക്ക് ഇടിവ് തട്ടിയിരുന്നു. കോവിഡിന് ശേഷം സഞ്ചാരമേഖല പുത്തനുണർവിലേക്ക് പോകുമെന്ന പ്രതീക്ഷയിലായിരുന്നു ഹിമാചല്‍ പ്രദേശിലെ ഹോട്ടല്‍ മേഖലയിലടക്കമുള്ളവർ. എന്നാല്‍ ദ്രുതഗതിയിലുണ്ടാകുന്ന പ്രളയങ്ങളും മണ്ണിടിച്ചിലും ആളപായത്തിന് കാരണമാകുന്നതിനാല്‍ സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. .

എല്ലാ വർഷവും ധാരാളം മഴ ലഭിക്കുന്ന പ്രദേശമാണ് ധർമ്മശാലയെന്നും എന്നാല്‍ ഈ വർഷം മഴ ഇവിടുത്തെ സ്വാഭാവിക ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ധർമശാല എസ് ഡി എം ധർമേഷ് രാമോത്ര പറഞ്ഞു. നാശനഷ്ടങ്ങളുണ്ടായ ധർമശാല- മക്ലിയോഡ്ഗഞ്ച് റോഡില്‍ നിരവധി ജാഗ്രതാ ബോർഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാദ ദണ്ഡ റോഡിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അത്കൊണ്ട് ഗതാഗതം വഴി തിരിച്ചുവിട്ടിരിക്കുകയാണെന്നും ധർമേഷ് രാമോത്ര അറിയിച്ചു.

 ഹിമാചല്‍ പ്രദേശ് ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം ഈ വർഷത്തെ പ്രളയത്തില്‍ 34 പേരെ കാണാതായിട്ടുണ്ട്. 215 പേർക്ക് പരിക്കേല്‍ക്കുകയും 702 വീടുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. കനത്ത മഴ കാരണം 72 തവണ ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. മൂന്ന് ദേശീയ പാതകളടക്കം 650 റോഡുകള്‍ അടയ്ക്കേണ്ടിയും വന്നിരുന്നു. നിരവധി കന്നുകാലി തൊഴുത്തുകളും പ്രളയത്തില്‍ നശിച്ചിരുന്നു.

Tags:    

Writer - Sreeba M

contributor

Editor - Sreeba M

contributor

By - Web Desk

contributor

Similar News