ആഡംബരവസ്തുക്കൾ വാങ്ങാൻ വനസംരക്ഷണത്തിനുള്ള ഫണ്ട്; ഉത്തരാഖണ്ഡിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തി സിഎജി

ഐഫോൺ, ലാപ്ടോപ്പ്, ഫ്രിഡ്ജ്, കൂളർ എന്നിവ വാങ്ങാനും കെട്ടിടങ്ങൾ നവീകരിക്കാനുമാണ് വനസംരക്ഷണത്തിനുള്ള ഫണ്ട് ഉപയോഗിച്ചത്

Update: 2025-02-22 06:02 GMT
Editor : സനു ഹദീബ | By : Web Desk

ഡെറാഡൂൺ: വനസംരക്ഷണത്തിനുള്ള ഫണ്ട് ആഡംബരവസ്തുക്കൾ വാങ്ങാൻ ഉപയോഗിച്ചത് ഉൾപ്പടെ ഉത്തരാഖണ്ഡിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തി ഇന്ത്യൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി). ഐഫോണുകൾ, ലാപ്‌ടോപ്പുകൾ, ഫ്രിഡ്ജുകൾ, കൂളറുകൾ എന്നിവ വാങ്ങാനും കെട്ടിടങ്ങൾ നവീകരിക്കാനുമാണ് വനസംരക്ഷണത്തിനുള്ള ഫണ്ട് ഉപയോഗിച്ചത്. ഈ പണം ഉപയോഗിച്ച് ഓഫീസിലേക്ക് അലങ്കാര വസ്തുക്കൾ വാങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു.

2019-2022 കാലയളവിൽ കോമ്പൻസേറ്ററി ഫോറസ്റ്റേഷൻ ഫണ്ട് മാനേജ്‌മെന്റ് ആൻഡ് പ്ലാനിംഗ് അതോറിറ്റിയുടെ (CAMPA) പ്രവർത്തനത്തെക്കുറിച്ചുള്ള സിഎജി റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകൾ ഉള്ളത്. റിപ്പോർട്ട് പ്രകാരം വനവൽക്കരണത്തിനായി അനുവദിച്ചിട്ടുള്ള 13.86 കോടി രൂപ വിവിധ കാര്യങ്ങൾക്കായി വകമാറ്റി ചിലവഴിച്ചിട്ടുണ്ട്. വ്യവസായം അല്ലെങ്കിൽ അടിസ്ഥാന സൗകര്യ വികസനം പോലുള്ള വനേതര ആവശ്യങ്ങൾക്കായി വനഭൂമി ഉപയോഗിച്ചതായും കണ്ടെത്തലുണ്ട്.

Advertising
Advertising

CAMPA മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഫണ്ട് ലഭിച്ചതിനുശേഷം, ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ വനവൽക്കരണം നടത്തണം. എന്നാൽ, 37 കേസുകളിൽ, അന്തിമ അനുമതി ലഭിച്ച് എട്ട് വർഷത്തിന് ശേഷമാണ് വനവൽക്കരണം നടത്തിയതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് വനവൽക്കരണത്തിന്റെ ചെലവിൽ 11.54 കോടി രൂപയുടെ വർദ്ധനവിന് കാരണമായി. ഭൂമി തിരഞ്ഞെടുത്തതിലും അപാകതകൾ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

വനം വകുപ്പിന് പുറമെ, ആരോഗ്യ വകുപ്പും തൊഴിലാളി ക്ഷേമ ബോർഡും ആസൂത്രണവും അനുമതിയുമില്ലാതെ പൊതു ഫണ്ട് ഉപയോഗിച്ചതായി റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News