സിഖ് വിരുദ്ധ കലാപം: രണ്ട് പേരെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാറിന് ജീവപര്യന്തം
1984 നവംബര്‍ ഒന്നിനായിരുന്നു സിഖ് വിരുദ്ധ കലാപത്തിന്റെ ഭാഗമായുള്ള കൊലപാതകം
സജ്ജൻ കുമാർ
ന്യൂഡൽഹി: 1984 ലെ സിഖ് വിരുദ്ധ കലാപകേസിൽ കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാറിന് ജീവപര്യന്തം. ഡൽഹി റൌസ് അവന്യൂ കോടതിയാണ് ശിക്ഷവിധിച്ചത്. സരസ്വതി വിഹാർ പ്രദേശത്ത് രണ്ട് പേരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. നിലവില്‍ തിഹാര്‍ ജയിലില്‍ റിമാന്‍ഡിലാണ് സജ്ജന്‍ കുമാര്‍.
അച്ഛനെയും മകനെയും തീകൊളുത്തി കൊലപ്പെടുത്തിയ കേസിലാണ് ദില്ലി റൗസ് അവന്യൂ കോടതി സജ്ജൻ കുമാറിന് ശിക്ഷ വിധിച്ചത്. പശ്ചിമ ദില്ലി സ്വദേശികളും സിഖ് വംശജരുമായ ജസ്വന്ത് സിംഗ്, മകന്‍ തരുണ്‍ദീപ് സിംഗ് എന്നിവരെയാണ് കൊലപ്പെടുത്തിയത്.
1984 നവംബര്‍ ഒന്നിനായിരുന്നു സിഖ് വിരുദ്ധ കലാപത്തിന്റെ ഭാഗമായുള്ള കൊലപാതകം. 1985 സെപ്തംബര്‍ ഒമ്പതിനാണ് ഡൽഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 2021 ഏപ്രില്‍ ആറിനാണ് സജ്ജന്‍ കുമാറിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. കൊലപാതകം, കലാപം, കൊള്ളയടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആണ് സജ്ജൻ കുമാറിന് മേൽ ചുമത്തിയിട്ടുള്ളത്.