'ആളില്ല, വിമാനവുമില്ല': ഉത്തർപ്രദേശിൽ നാല് വിമാനത്താവളങ്ങൾ അടച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, 2024 മാർച്ച് 10നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചിത്രകൂട് വിമാനത്താവളം വെർച്വലായി ഉദ്ഘാടനം ചെയ്തത്.

Update: 2025-10-29 07:11 GMT
Editor : rishad | By : Web Desk

representative image  Photo- PTI

ലഖ്‌നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ വർഷം ഉദ്‌ഘാടനം ചെയ്ത ഏഴ് വിമാനത്താവളങ്ങളിൽ നാലെണ്ണം താത്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചതായി റിപ്പോർട്ട്. 2025 ലെ ശൈത്യകാല ഷെഡ്യൂള്‍ ആരംഭിച്ചിരിക്കെയാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചതായി അറിയുന്നത്. 

ആളില്ലാത്തും അനുയോജ്യമായ വിമാനങ്ങള്‍ കിട്ടിയില്ലെന്നും പറഞ്ഞാണ് വിമാനത്താവളങ്ങൾ അടച്ചുപൂട്ടുന്നത്. 2025 ഒക്ടോബർ 26 മുതൽ 2026 മാർച്ച് 28 വരെ പ്രാബല്യത്തിൽ വരുന്ന 2025 ലെ ശൈത്യകാല ഷെഡ്യൂൾ അനുസരിച്ച് ഉത്തർപ്രദേശിലെ അലിഗഡ്, മൊറാദാബാദ്, ചിത്രകൂട്, ശ്രാവസ്തി എന്നിവിടങ്ങളിൽ നിന്നുള്ള വിമാനത്താവളങ്ങളിലെ സര്‍വീസുകള്‍ നിർത്തിവച്ചിരിക്കുന്നു എന്നാണ് അറിയിക്കുന്നത്. 

Advertising
Advertising

ഇവയ്ക്ക് പുറമെ ഗുജറാത്തിലെ ഭാവ്‌നഗർ, പഞ്ചാബിലെ ലുധിയാന, സിക്കമിലെ പാക്യോങ് വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളും 2025ലെ ശൈത്യകാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണെന്ന് ഈ രംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ ഉദ്ധരിച്ച് ബിസിനസ്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൂടാതെ, ഉത്തർപ്രദേശിലെ തന്നെ കുശിനഗർ, അസംഗഡ് എന്നീ രണ്ട് വിമാനത്താവളങ്ങൾ കൂടി പ്രവർത്തനം നിർത്തിയതായി സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. 

29 കോടി രൂപ ചെലവഴിച്ചാണ് ശ്രാവസ്തി വിമാനത്താവളം നിർമിച്ചത്. ചിത്രകൂട് വിമാനത്താവളത്തിനാകട്ടെ 146 കോടിയാണ് ചെലവായത്. കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിന് 260 കോടി രൂപ വരെയാണ് ചെലവ്. പൊതുപണം ഇങ്ങനെ ചെലവഴിച്ചിട്ടും എന്ത് പ്രയോജനമാണ് ഉണ്ടായത് എന്ന വിമർശനം സാമൂഹ്യമാധ്യമങ്ങളിൽ അടക്കം ശക്തമാണ്. കഴിഞ്ഞ വർഷം യുപി സർക്കാർ നിർമിച്ച പല വിമാനത്താവളങ്ങളിലും വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ കഴിയില്ല. 

ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, 2024 മാർച്ച് 10നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചിത്രകൂട് വിമാനത്താവളം വെർച്വലായി ഉദ്ഘാടനം ചെയ്തത്. ബുന്ദേൽഖണ്ഡിലെ ആദ്യത്തെ വിമാനത്താവളം കൂടിയായിരുന്നു അത്. തുടക്കത്തിൽ, ചിത്രകൂടിനും ലഖ്‌നൗവിനും ഇടയിൽ ആഴ്ചയിൽ നാല് ദിവസം വിമാന സർവീസുകൾ ആരംഭിച്ചിരുന്നു. എന്നിരുന്നാലും അടുത്ത നാല് മാസങ്ങള്‍ക്കുള്ളില്‍, വിമാനത്തിന്റെ പ്രവർത്തനങ്ങൾ ക്രമേണ നിലച്ചു.

2024 ഡിസംബർ 16 മുതൽ, ചിത്രകൂടിൽ നിന്ന് ഒരു യാത്രാ വിമാനവും പറന്നുയർന്നിട്ടില്ല, അതിനാൽ ഏകദേശം ഒരു വർഷത്തോളം വിമാനത്താവളം നിഷ്‌ക്രിയമായ നിലയിലാണ്. 146 കോടി രൂപ ചെലവില്‍ നിര്‍മിച്ച വിമാനത്താവളമാണിത്. നിലവിൽ വിമാനത്താവളത്തിൽ ഏകദേശം 40 സിഐഎസ്എഫ് സുരക്ഷാ ജീവനക്കാർ ഉൾപ്പെടെ 70 ഓളം ജീവനക്കാരുണ്ട് ഇവിടെ. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News