നൻപർകളേ..വീരമണിയുടെ വൈറൽ കഥയ്ക്ക് പുതിയ ട്വിസ്റ്റ്; മിഠായി ചോദിച്ച യുവാവിന് ഒടുവിൽ സമ്മാനപ്പെരുമഴയുമായി ഇൻസ്റ്റാമാർട്ട്!
ഇത്തവണ COD അല്ല, സമ്മാനപ്പെരുമഴ!
മധുരൈ: നൻപർകളേ... ദീപാവലിക്ക് ഒരു പെട്ടി മിഠായി തരുമോ? തമിഴ്‌നാട് സ്വദേശിയായ വീരമണി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ ഈ കൊച്ചുഅഭ്യർഥന ഒടുവിൽ വലിയൊരു വൈറൽ കഥയായി മാറി! മിഠായി കിട്ടുമെന്ന് പ്രതീക്ഷിച്ച വീരമണിയുടെ വിലാസത്തിലേക്ക് പിന്നാലെ ഒഴുകിയെത്തിയത് കാഷ് ഓൺ ഡെലിവറി ഓർഡറുകളുടെ പെരുമഴയായിരുന്നു. ഒടുവിൽ വീട് വിടേണ്ട സാഹചര്യം ഉണ്ടായതായും റിപ്പോർട്ടുകളുണ്ടായി. എന്നാൽ, ഇപ്പോൾ കഥയ്ക്ക് മറ്റൊരു ട്വിസ്റ്റ്!
മിഠായിക്കായി അഭ്യർഥിച്ച് വൈറലായ വീരമണിക്ക് ഇത്തവണ ശരിക്കും സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് ഇൻസ്റ്റാമാർട്ട്. ഒരു പെട്ടി മിഠായിക്കൊപ്പം സ്പീക്കർ, മോണിറ്റർ, സ്റ്റൗ, മിക്സർ തുടങ്ങി വീട്ടുപകരണങ്ങളും സമ്മാനമായി നൽകി. അതായത്, മിഠായി ചോദിച്ചപ്പോൾ കിട്ടിയത് മിഠായി മാത്രമല്ല, വീട്ടിലേക്കുള്ള കുറച്ച് സാധനങ്ങൾ കൂടിയാണ്!
മധുരൈ സ്വദേശിയായ വീരമണി ദീപാവലിക്ക് ഒരു പെട്ടി മിഠായി വേണമെന്ന് അഭ്യർഥിച്ച് ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്വന്തം വിലാസവും ഫോൺ നമ്പറും വിഡിയോയിൽ നൽകിയിരുന്നു. എന്നാൽ, ആ വിവരങ്ങൾ ഉപയോഗിച്ച് നിരവധി COD ഓർഡറുകൾ എത്തിയതോടെ വീരമണിയുടെ മിഠായി ആഗ്രഹം അപ്രതീക്ഷിതമായൊരു അനുഭവമായി മാറി.പഴങ്ങളും പാലും പച്ചക്കറികളും വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും മാത്രമല്ല, ടെലിവിഷനും ഫ്രിഡ്ജും വരെ വിലാസത്തിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. ഒരു പെട്ടി മിഠായിക്കായി തുടങ്ങിയ കഥ ഇത്രത്തോളം എത്തുമെന്ന് വീരമണി കരുതിയിരിക്കില്ല.
ഇത്തവണ COD അല്ല, സമ്മാനപ്പെരുമഴ!
വീരമണിയുടെ വൈറൽ കഥയിൽ ഇൻസ്റ്റാമാർട്ട് ഇടപെട്ടതോടെ രംഗം മാറി. കമ്പനിയുടെ ‘ക്വിക് ഇന്ത്യ മൂവ്‌മെന്റ്’ന്റെ ഭാഗമായി വീരമണിക്ക് മിഠായിയും വീട്ടുപകരണങ്ങളും സമ്മാനമായി നൽകി. ഇത്തവണ ഡെലിവറി കിട്ടിയപ്പോൾ പണം കൊടുക്കേണ്ട സാഹചര്യമല്ല, സമ്മാനങ്ങൾ ഏറ്റുവാങ്ങിയാൽ മതിയെന്നതാണ് വ്യത്യാസം.സമ്മാനങ്ങൾ വെളിപ്പെടുത്തിയുള്ള വീരമണിയുടെ പുതിയ വിഡിയോയും വൈറലായി. ഇതിനകം 80 ലക്ഷം പേർ വിഡിയോ കണ്ടതായാണ് റിപ്പോർട്ട്.
വീരമണിയുടെ കഥയ്ക്ക് ലഭിച്ച പുതിയ ട്വിസ്റ്റിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ രസകരമായ കമന്റുകളാണ് നിറയുന്നത്. “ഇതാണ് ക്ലൈമാക്‌സ്”, “നല്ല പ്ലാൻ”, “മാർക്കറ്റിങ് ടീമിന് അഭിനന്ദനങ്ങൾ”, “ഒടുവിൽ അദ്ദേഹം സന്തോഷവാനായി” എന്നിങ്ങനെയാണ് ചിലരുടെ പ്രതികരണങ്ങൾ.ഒരു പെട്ടി മിഠായി ചോദിച്ചുള്ള അഭ്യർഥനയിൽ തുടങ്ങിയ കഥ, അനാവശ്യ ഡെലിവറികൾ, ഓൺലൈൻ ചർച്ചകൾ, ഒടുവിൽ സമ്മാനപ്പെരുമഴ എന്നിങ്ങനെ പല വഴിത്തിരിവുകളിലൂടെയാണ് കടന്നുപോയത്. ദീപാവലിക്ക് മധുരം തേടിയ വീരമണിക്ക് ഒടുവിൽ മിഠായിക്കൊപ്പം വീട്ടുപകരണങ്ങളും കിട്ടി.