ബൈക്കിലെത്തിയത് മൂന്ന് പേര്‍, അഞ്ച് തവണ വെടിയൊച്ച; ടൈഗര്‍ ഷ്‌റോഫിന് നേരെയുണ്ടായ വെടിവെപ്പിൻ്റെ ദൃശ്യങ്ങള്‍ പുറത്ത്
ആരാധകരിലൊരാള്‍ പകര്‍ത്തിയ സെല്‍ഫി വീഡിയോയിലാണ് വെടിവെപ്പിൻ്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്
മുംബൈ: ബോളിവുഡ് താരം ടൈഗര്‍ ഷ്‌റോഫിന് നേരെ മുംബൈയിലുണ്ടായ വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. താരത്തെ കാണാനെത്തിയ ആരാധകരിലൊരാള്‍ പകര്‍ത്തിയ സെല്‍ഫി വീഡിയോയിലാണ് വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.
സന്ധ്യയോടെ മുംബൈ ജുഹൂവിലെ ഫുട്ബാള്‍ ഗ്രൗണ്ടില്‍ നിന്ന് താരം പുറത്തിറങ്ങുമ്പോഴാണ് വധശ്രമമുണ്ടായത്. ടൈഗര്‍ ഷ്‌റോഫിനെ കാണാന്‍ പുറത്ത് നിരവധി ആരാധകരെത്തിയിരുന്നു. ആരാധകര്‍ക്കിടയിലൂടെ താരത്തിന്റെ ബിഎംഡബ്ല്യു കാര്‍ പുറത്തേക്ക് വരുന്നത് വീഡിയോയില്‍ കാണാം. പിന്നാലെയാണ് വെടിയൊച്ചയും ബഹളവും കേള്‍ക്കുന്നത്. അഞ്ച് വട്ടം വെടിയൊച്ച കേള്‍ക്കുന്നുണ്ട്.
ആക്രമണത്തില്‍ നടന്‍ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. ഡ്രൈവര്‍ക്കും സമീപത്തുണ്ടായിരുന്ന ഒരു ഓട്ടോഡ്രൈവര്‍ക്കും പരിക്കേറ്റതായി പൊലീസ് അറിയിച്ചു. നെഞ്ചില്‍ പരിക്കേറ്റ ഡ്രൈവറെ മുംബൈയിലെ നാനവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വെടിവെപ്പിന് പിന്നില്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തില്‍പ്പെട്ട അനില്‍ പണ്ഡിറ്റ് എന്ന വ്യക്തിയാണെന്നാണ് വിവരം. വെടിവെപ്പിന്റെ ഉത്തരവാദിത്തം ഇവര്‍ സ്വയം ഏറ്റെടുത്തതായും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചതായുമാണ് വിവരം. അക്രമികളെ കണ്ടെത്തുന്നതിനായി പൊലീസ് പ്രദേശം വളയുകയും 12 അന്വേഷണ സംഘങ്ങളെ നിയോഗിച്ച് വ്യാപകമായ തെരച്ചില്‍ ആരംഭിക്കുകയും ചെയ്തു. സല്‍മാന്‍ ഖാനുമായുള്ള സൗഹൃദമാണ് ടൈഗര്‍ ഷ്‌റോഫിനെ ലക്ഷ്യമിടാന്‍ കാരണമെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരണമുണ്ട്. ഗുജറാത്തിലെ ജയിലില്‍ കഴിയുന്ന ബിഷ്‌ണോയ്, സല്‍മാന്‍ ഖാനെ വധിക്കുമെന്ന് നിരവധി തവണ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
പ്രശസ്ത നടന്‍ ജാക്കി ഷ്‌റോഫിന്റെ മകനാണ് ബോളിവുഡ് യുവതാരങ്ങളില്‍ ശ്രദ്ധേയനായ ടൈഗര്‍ ഷ്‌റോഫ്. 2014ലാണ് അദ്ദേഹം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ആക്ഷന്‍ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.