തക്കാളി കെച്ചപ്പിൽ ഉരുളക്കിഴങ്ങ് പേസ്റ്റോ? 10.6 ടൺ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു
ഉൽപ്പന്നങ്ങളിൽ തക്കാളി ഉൾപ്പെടെയുള്ള ചേരുവകൾ ഉണ്ടായിരുന്നോ എന്നും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്നും പരിശോധിക്കാൻ അഞ്ച് സാമ്പിളുകൾ അധികൃതർ ശേഖരിച്ചിട്ടുണ്ട്
അഹമ്മദാബാദ്: തക്കാളിക്ക് പകരം ഉരുളക്കിഴങ്ങ് പേസ്റ്റ് ഉപയോഗിച്ച് ടൊമാറ്റോ കെച്ചപ്പ് നിർമിച്ചെന്ന ആരോപണത്തിൽ ഗുജറാത്തിലെ അഹമ്മദാബാദിൽ ഫാക്ടറി പൂട്ടി അധികൃതർ. 10,630 കിലോഗ്രാം സംശയാസ്പദമായ ഭക്ഷ്യോൽപ്പന്നങ്ങളും അസംസ്കൃത വസ്തുക്കളും പിടിച്ചെടുത്തു. നഗരത്തിലെ ഗോട്ട മേഖലയിലുള്ള ഫാക്ടറിയിലാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്.
മെൽഡി എസ്റ്റേറ്റിലെ 'ആയി ശ്രീ ഖോഡിയാർ ഗൃഹ് ഉദ്യോഗ്' എന്ന സ്ഥാപനത്തിലാണ് അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷന്റെ ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്. ടൊമാറ്റോ കെച്ചപ്പ്, ചട്ണി, സിറപ്പ് എന്നിവയുടെ നിർമാണത്തിന് കൃത്രിമ നിറങ്ങൾ ഉപയോഗിച്ചിരുന്നതായാണ് അധികൃതരുടെ ആരോപണം.
വിൽപനയ്ക്കായി തയാറാക്കിയ ഏകദേശം 5,000 കിലോഗ്രാം ഉൽപ്പന്നങ്ങളും 5,000 കിലോഗ്രാമിലധികം അസംസ്കൃത വസ്തുക്കളും ഉൾപ്പെടെയാണ് പിടിച്ചെടുത്തത്. ടൊമാറ്റോ കെച്ചപ്പിന്റെ നിർമാണത്തിൽ തക്കാളിക്ക് പകരം ഉരുളക്കിഴങ്ങ് ഉപയോഗിച്ചതായാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥൻ മഹേന്ദ്ര പട്ടേൽ ആരോപിച്ചത്.ഉരുളക്കിഴങ്ങ് ആദ്യം പേസ്റ്റാക്കി മാറ്റും. പിന്നീട് ഇത് പൊടിയാക്കി വെള്ളവും കൃത്രിമ നിറങ്ങളും രുചിവർധക വസ്തുക്കളും ചേർത്താണ് കെച്ചപ്പ് തയാറാക്കിയിരുന്നതെന്നാണ് അധികൃതരുടെ കണ്ടെത്തൽ. തക്കാളി ചേർത്ത ഉൽപ്പന്നമെന്ന രീതിയിലാണ് ഇത് വിൽപന നടത്തിയിരുന്നതെന്നാണ് സംശയം.
പരിശോധനയ്ക്കിടെ ചുവന്ന സോസ് നിറച്ച വലിയ സ്റ്റീൽ പാത്രങ്ങൾ, പാക്ക് ചെയ്ത കെച്ചപ്പ് സാഷെകൾ, അസംസ്കൃത വസ്തുക്കൾ നിറച്ച ചാക്കുകൾ, പേസ്റ്റ് പോലുള്ള വസ്തുക്കൾ നിറച്ച പ്ലാസ്റ്റിക് ഡ്രമ്മുകൾ എന്നിവ കണ്ടെത്തി.ഉൽപ്പന്നങ്ങളിൽ തക്കാളി ഉൾപ്പെടെയുള്ള ചേരുവകൾ ഉണ്ടായിരുന്നോ എന്നും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്നും പരിശോധിക്കാൻ അഞ്ച് സാമ്പിളുകൾ അധികൃതർ ശേഖരിച്ചിട്ടുണ്ട്. കൃത്രിമ നിറങ്ങളുടെയും രുചിവർധക വസ്തുക്കളുടെയും ഉപയോഗത്തെക്കുറിച്ചും അധികൃതർ ആശങ്ക ഉന്നയിച്ചിട്ടുണ്ട്.
പരിശോധനയ്ക്കു പിന്നാലെ ഫാക്ടറി സീൽ ചെയ്തു. സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. പിടിച്ചെടുത്ത ഉൽപ്പന്നങ്ങളുടെ വിതരണം നിർത്തിവെച്ചിട്ടുണ്ട്.ലാബ് പരിശോധനാഫലം ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.