ഇന്ധനവില വര്‍ധന: 2020-21ല്‍ കേന്ദ്രത്തിന് നികുതിയിനത്തില്‍ ലഭിച്ചത് 3.35 ലക്ഷം കോടി രൂപ

ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ നികുതി വരുമാനം 1.01 ലക്ഷം കോടി കടന്നതായും കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി.

Update: 2021-07-20 03:07 GMT

കോവിഡ് പ്രതിസന്ധിയിലും ജനങ്ങളുടെ നടുവൊടിച്ച് കുതിച്ചുയരുന്ന ഇന്ധനവിലയിലൂടെ കേന്ദ്രസര്‍ക്കാര്‍ നേടിയത് കോടികള്‍. കഴിഞ്ഞ വര്‍ഷം എക്‌സൈസ് തീരുവയില്‍ വരുത്തിയ വര്‍ധനയിലൂടെ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 3.35 ലക്ഷം കോടി രൂപയാണ് കേന്ദ്രം നേടിയത്. മുന്‍ വര്‍ഷത്തെക്കാള്‍ 88 ശതമാനത്തിന്റെ വര്‍ധനയാണ് കേന്ദ്രസര്‍ക്കാറിന്റെ വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ നികുതി വരുമാനം 1.01 ലക്ഷം കോടി കടന്നതായും കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി. കോവിഡ് ലോക്ക്ഡൗണ്‍ മൂലം വാഹനഗതാഗതം കുറഞ്ഞിരുന്നില്ലെങ്കില്‍ വരുമാനം ഇനിയും ഉയരുമായിരുന്നു. പെട്രോള്‍, ഡീസല്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍, പ്രകൃതിവാതകം എന്നിവ ഉള്‍പ്പെടെയുള്ളവയില്‍ നിന്നുള്ള വരുമാനമാണിത്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറയുമ്പോഴും അതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കാതെ തീരുവ വര്‍ധിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. എക്‌സൈസ് തീരുവ പെട്രോള്‍ ലിറ്ററിന് 19.98 രൂപയില്‍ നിന്ന് 32.9 രൂപയും ഡീസലിന് 15.83 രൂപയില്‍ നിന്ന് 31.8 രൂപയുമായാണ് വര്‍ധിപ്പിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു നികുതി.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News