ആഗോള രാഷ്ട്രീയ സംഘർഷങ്ങൾ ഇന്ത്യൻ തൊഴിൽ മേഖലയിൽ സൃഷ്ടിക്കുന്നത് ഗുരുതര പ്രതിസന്ധി; 63 ശതമാനം കമ്പനികൾ നിയമനങ്ങൾ മരവിപ്പിച്ചതായി റിപ്പോർട്ട്

പ്രതിസന്ധി തിരിച്ചറിഞ്ഞ് ജീവനക്കാർ പുതിയ മേഖലകളിൽ വൈദഗ്ധ്യം നേടാനും പുതിയ തൊഴിലവസരങ്ങൾ തേടാനും ആരംഭിച്ചതായും സർവേ റിപ്പോർട്ട് പറയുന്നു.

Update: 2025-06-22 11:21 GMT

മുംബൈ: ഇറാൻ- ഇസ്രായേൽ യുദ്ധം അടക്കമുള്ള ആഗോള സംഘർഷങ്ങൾ ഇന്ത്യൻ തൊഴിൽ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. 63 ശതമാനം കമ്പനികൾ നിയമനങ്ങൾ മരവിപ്പിക്കുകയോ തൊഴിലാളികളുടെ അംഗബലം കുറയ്ക്കുകയോ ചെയ്തതായാണ് സ്റ്റാഫിങ് സൊല്യൂഷൻസ് ആന്റ് എച്ച്ആർ സേവന ദാതാക്കളായ ജീനിയസ് കൺസൽട്ടന്റ് നടത്തിയ സർവേയിൽ പറയുന്നത്.

15 ശതമാനം കമ്പനികൾ കരാർ നിയമനങ്ങളിലേക്കും ഫ്രീലാൻസ് തൊഴിലാളികളിലേക്ക് മാറിയെന്നും സർവേയിൽ പറയുന്നു. മേയ് 12 മുതൽ ജൂൺ ആറ് വരെ രാജ്യത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളിലെ 2,006 ജീവനക്കാർക്കിടയിൽ നടത്തിയ ഓൺലൈൻ സർവേയിലെ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്.

Advertising
Advertising

ആഗോള രാഷ്ട്രീയ അസ്ഥിരത ശമ്പള വർധന, ബോണസ്, അപ്‌റൈസൽ എന്നിവയെ ബാധിച്ചതായി സർവേയിൽ പങ്കെടുത്ത 36 ശതമാനം ജീവനക്കാർ പറഞ്ഞു. ജോലിഭാരം വർധിച്ചതായി 21 ശതമാനത്തിൽ കൂടുതൽ ആളുകളും അന്താരാഷ്ട്ര ബിസിനസ് യാത്രകൾ തടസ്സപ്പെട്ടതായി 22 ശതമാനം ആളുകളും ടീമിന്റെ മനോവീര്യവും തൊഴിലിലെ ആത്മവിശ്വാസവും കുറയുന്നുവെന്ന് 21 ശതമാനം പേരും അഭിപ്രായപ്പെട്ടു.

സർവേയിൽ പങ്കെടുത്ത 30 ശതമാനം ജീവനക്കാർ തങ്ങൾ വളരെയധികം ആശങ്കാകുലരാണെന്ന് വ്യക്തമാക്കിയപ്പോൾ 26 ശതമാനം ആളുകൾ നേരിയ ആശങ്കയുണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും പറഞ്ഞു. പ്രതിസന്ധി തിരിച്ചറിഞ്ഞ് ജീവനക്കാർ പുതിയ മേഖലകളിൽ വൈദഗ്ധ്യം നേടാനും പുതിയ തൊഴിലവസരങ്ങൾ തേടാനും ആരംഭിച്ചതായും സർവേ റിപ്പോർട്ട് പറയുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News