'എന്‍റേത് ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഭിന്നിപ്പുണ്ടാക്കുന്നു': വിരമിക്കാനൊരുങ്ങി ഗുലാംനബി ആസാദ്

സമൂഹത്തില്‍ മാറ്റം കൊണ്ടുവരാനുള്ള ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ കഴിവില്‍ തനിക്ക് സംശയമുണ്ടെന്ന് ഗുലാംനബി ആസാദ്

Update: 2022-03-21 04:51 GMT

സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന സൂചന നൽകി കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ്. സമൂഹത്തിൽ സേവനം നടത്തുന്നതിന് രാഷ്ട്രീയം വേണമെന്നില്ല. ഇന്ത്യയിലെ രാഷ്ട്രീയം മോശം അവസ്ഥയിലാണ്. തന്‍റേത് ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളും ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നുവെന്നും ഗുലാംനബി ആസാദ് പറഞ്ഞു. പദ്മഭൂഷണ്‍ ബഹുമതി ലഭിച്ച ഗുലാംനബി ആസാദിനെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങിലാണ് പ്രതികരണം. കോണ്‍ഗ്രസിലെ ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങള്‍ക്കിടെയാണ് ഗുലാംനബി ആസാദിന്‍റെ പ്രതികരണം.

"സമൂഹത്തിൽ നമ്മള്‍ മാറ്റം കൊണ്ടുവരണം. ഞാന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചെന്നും സാമൂഹ്യ സേവനം തുടങ്ങിയെന്നും നിങ്ങള്‍ ചിലപ്പോള്‍ പെട്ടെന്നൊരു ദിവസം അറിഞ്ഞാല്‍ അതുവലിയ കാര്യമല്ല"- ഗുലാംനബി ആസാദ് പറഞ്ഞു. 35 മിനിറ്റ് നീണ്ട പ്രസംഗത്തിന്‍റെ തുടക്കത്തിൽ തന്നെ താൻ രാഷ്ട്രീയ പ്രസംഗം നടത്തില്ലെന്ന് ഗുലാംനബി ആസാദ് വ്യക്തമാക്കി- "ഇന്ത്യയിലെ രാഷ്ട്രീയം വളരെ വൃത്തികെട്ടതായി മാറിയിരിക്കുന്നു. ചിലപ്പോൾ നമ്മൾ മനുഷ്യരാണോ എന്നുവരെ സംശയിക്കേണ്ടതുണ്ട്. മനുഷ്യരുടെ ശരാശരി ആയുസ്സ് ഇപ്പോൾ 80-85 വർഷമാണ്. വിരമിക്കലിന് ശേഷമുള്ള 20-25 വർഷം രാഷ്ട്രനിർമാണത്തിന് സംഭാവന ചെയ്യാൻ വ്യക്തികൾ ഉപയോഗപ്പെടുത്തണം. എങ്കില്‍ രാജ്യം മുഴുവൻ നവീകരിക്കപ്പെടും"- ഗുലാംനബി ആസാദ് പറഞ്ഞു.

Advertising
Advertising

സമൂഹത്തില്‍ മാറ്റം കൊണ്ടുവരാനുള്ള ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ കഴിവില്‍ തനിക്ക് സംശയമുണ്ടെന്നും ഗുലാംനബി ആസാദ് പറഞ്ഞു. പ്രദേശം, ഗ്രാമം, നഗരം എന്നിവയുടെ അടിസ്ഥാനത്തിൽ നമ്മൾ ആളുകളെ വിഭജിക്കുന്നു. ദലിതര്‍, മേല്‍ജാതിക്കാര്‍, ഹിന്ദുക്കള്‍, മുസ്‍ലിംകള്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍ എന്നിങ്ങനെയും ഭിന്നിപ്പിക്കുന്നു. നമ്മൾ ആളുകളെ അവരുടെ ജാതിയിലേക്ക് മാത്രം ചുരുക്കിയാൽ, ആരെയാണ് മനുഷ്യനായി കാണാൻ കഴിയുകയെന്ന് ഗുലാംനബി ആസാദ് ചോദിക്കുന്നു- "രാഷ്ട്രീയ പാർട്ടികൾ മതത്തിന്റെയും ജാതിയുടെയും മറ്റ് കാര്യങ്ങളുടെയും അടിസ്ഥാനത്തിൽ ഭിന്നത സൃഷ്ടിച്ചേക്കാം. എന്റേതുൾപ്പെടെ ഒരു പാർട്ടിയോടും ഞാൻ ഇക്കാര്യത്തില്‍ ക്ഷമിക്കില്ല. പൗരസമൂഹം ഒരുമിച്ച് നിൽക്കണം. ജാതിയും മതവും നോക്കാതെ എല്ലാവർക്കും നീതി ലഭിക്കണം"- ഗുലാംനബി ആസാദ് പറഞ്ഞു.

ജമ്മു കശ്മീർ ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായ എം കെ ഭരദ്വാജിന്‍റെ നേതൃത്വത്തിലാണ് ഗുലാംനബി ആസാദിനെ ആദരിച്ചത്. ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് അരുൺ ഗുപ്ത, ജമ്മു യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർമാരായ ആർ ആർ ശർമ, ആർ ഡി ശർമ, മുൻ അഡ്വക്കേറ്റ് ജനറൽ അസ്‍ലം ഗോനി തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും രാഷ്ട്രീയ ബന്ധമുള്ളവരും ആസാദിനെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തു.



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News