കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത; ക്ഷാമബത്ത വർധിപ്പിച്ചേക്കും

ഒരു കോടിയോളം വരുന്ന ജീവനക്കാർക്കും പെൻഷൻകാർക്കുമാണ് ഇതിന്റെ നേട്ടം.

Update: 2023-02-05 11:28 GMT
Advertising

ന്യൂഡൽഹി: കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്ഷാമബത്ത (ഡി.എ) വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. നാല് ശതമാനം ഡി.എ വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ നിലവിൽ 38 ശതമാനമുള്ള ഡി.എ 42 ശതമാനമായി വർധിക്കും. ഒരു കോടിയോളം വരുന്ന ജീവനക്കാർക്കും പെൻഷൻകാർക്കുമാണ് ഇതിന്റെ നേട്ടം.

വർധന ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയായിരിക്കുമെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. തൊഴിൽ മന്ത്രാലയത്തിനു കീഴിലുള്ള ലേബർ ബ്യൂറോ എല്ലാ മാസവും പുറത്തുവിടുന്ന വ്യവസായ തൊഴിലാളികൾക്കായുള്ള ഏറ്റവും പുതിയ ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിലാണ് ജീവനക്കാർക്കും പെൻഷൻകാർക്കും ഡി.എ നിശ്ചയിക്കുന്നത്.

"2022 ഡിസംബറിലെ വ്യവസായ തൊഴിലാളികൾക്കുള്ള ഉപഭോക്തൃ വില സൂചിക 2023 ജനുവരി 31ന് പുറത്തിറങ്ങി. ക്ഷാമബത്ത വർധന 4.23 ശതമാനമാണ്. എന്നാൽ ദശാംശ സ്ഥാനത്തിനപ്പുറമുള്ള കണക്കിൽ ക്ഷാമബത്ത വർധിപ്പിക്കില്ല. അതിനാൽ നാല് ശതമാനമായി നിജപ്പെടുത്താനാണ് സാധ്യത. ഇതോടെ 42 ശതമാനമാകും"- ഓൾ ഇന്ത്യ റെയിൽവേ മെൻ ഫെഡറേഷൻ ഫെ‍‍ഡറേഷൻ ജനറൽ സെക്രട്ടറി ശിവ ​ഗോപാൽ മിശ്ര പറഞ്ഞു.

ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള എക്സ്പെൻഡിച്ചർ വകുപ്പ് ഡി.എ വർധന സംബന്ധിച്ച ഫോർമുല തയാറാക്കുകയും അത് കേന്ദ്ര ക്യാബിനറ്റിന്റെ അം​ഗീകാരത്തിനായി സമർപ്പിക്കുമെന്നും മിശ്ര വ്യക്തമാക്കി. നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 38 ശതമാനം ഡി.എയാണ് ലഭിക്കുന്നത്.

2022 സെപ്തംബർ 28നാണ് അവസാനമായി ഡി.എയിൽ മാറ്റം വരുത്തിയത്. ജൂലൈ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തിലായിരുന്നു അന്നത്തെ വർധന. അന്നും നാല് ശതമാനം വർധിപ്പിച്ചാണ് 38 ശതമാനമാക്കിയത്.

2022 ജൂണിൽ അവസാനിക്കുന്ന കാലയളവിലെ അഖിലേന്ത്യാ ഉപഭോക്തൃ വില സൂചികയുടെ 12 പ്രതിമാസ ശരാശരിയിലെ വർധനയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രം ക്ഷാമബത്ത് നാല് ശതമാനം വർധിപ്പിച്ചിരുന്നത്. സർക്കാർ ജീവനക്കാർക്ക് വിലക്കയറ്റത്തെ അടിസ്ഥാനമാക്കി ശമ്പളത്തിനു പുറമേ കൊടുക്കുന്ന ആനുകൂല്യമാണ് ക്ഷാമബത്ത. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News