'തമിഴ്‌നാട് കൈവരിച്ച പുരോഗതി ഗവർണർക്ക് ദഹിക്കുന്നില്ല'; ആർ.എൻ രവിക്കെതിരെ രൂക്ഷ വിമർശനവുമായി എംകെ സ്റ്റാലിൻ

ദേശീയ ഗാനം ആലപിക്കാത്തതിൽ പ്രതിഷേധിച്ച് ഗവർണർ നിയമസഭയിൽ നിന്നിറങ്ങിപ്പോയ പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ പ്രതികരണം

Update: 2025-01-11 11:36 GMT
Editor : സനു ഹദീബ | By : Web Desk

തമിഴ്‌നാട്: തമിഴ്‌നാട് ഗവർണർ ആർ.എൻ രവിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തമിഴ്‌നാട് കൈവരിച്ച പുരോഗതി ഗവർണർ ആർ.എൻ രവിക്ക് ദഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. ദേശീയ ഗാനം ആലപിക്കാത്തതിൽ പ്രതിഷേധിച്ച് ഗവർണർ നിയമസഭയിൽ നിന്നിറങ്ങിപ്പോയ പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ പ്രതികരണം. സഭയെ അഭിസംബോധന ചെയ്യില്ലെന്ന ഗവർണറുടെ തീരുമാനം ബാലിശമാണെന്നും സ്റ്റാലിൻ പറഞ്ഞു.

സഭാ സമ്മേളനം ആരംഭിക്കുമ്പോൾ തമിഴ്‌നാടിന്റെ സംസ്ഥാന ഗീതമായ തമിഴ് തായ് വാഴ്ത്തും സഭ പിരിയുമ്പോൾ ദേശീയ ഗാനവും ആലപിക്കുന്നതാണ് പതിവ്. എന്നാൽ തുടക്കവും ഒടുക്കവും ദേശീയ ഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവർണർ സഭ വിട്ടത്. നടപടിയിലൂടെ സംസ്ഥാനത്തെ ജനങ്ങളെ ഗവർണർ തുടർച്ചയായി അവഹേളിക്കുകയാണെന്ന് സ്റ്റാലിൻ ആഞ്ഞടിച്ചു.

Advertising
Advertising

"ഗവർണർ നിയമസഭയിൽ വന്നെങ്കിലും സഭയെ അഭിസംബോധന ചെയ്യാതെ മടങ്ങിപ്പോകുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ ബാലിശമാണെന്ന് ഞാൻ പറഞ്ഞത്. ആസൂത്രിതമായ രീതിയിൽ നിയമങ്ങൾ ലംഘിക്കുന്നതിൽ അദ്ദേഹത്തിന് താൽപ്പര്യമുണ്ടെന്ന് തോന്നുന്നു," സ്റ്റാലിൻ സഭയിൽ ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ ആർട്ടിക്കിൾ 176 പ്രകാരം, സമ്മേളനത്തിൻ്റെ തുടക്കത്തിൽ ഗവർണർ നിയമസഭയെ അഭിസംബോധന ചെയ്യണം. എന്നാൽ ഗവർണർ 'അസംബന്ധ കാരണങ്ങൾ' പറഞ്ഞ് പ്രസംഗത്തിൽ നിന്ന് ഒഴിവാകുകയാണെന്നും സ്റ്റാലിൻ പറഞ്ഞു. ഭരണഘടനാപരമായ ചുമതലകൾ നിറവേറ്റാൻ മനസ്സില്ലെങ്കിൽ ആർ എൻ രവി എന്തിനാണ് ഗവർണർ പദവിയിൽ തുടരുന്നതെന്നും അദ്ദേഹം ചോദിച്ചു.

തമിഴ്നാട് നിയമസഭ ഭരണഘടനയെയും ദേശീയ​ഗാനത്തെയും അപമാനിച്ചുവെന്ന് രാജ്ഭവൻ വിമർശിച്ചിരുന്നു.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News