ഗുജറാത്തില്‍ 89 മണ്ഡലങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

89 മണ്ഡലങ്ങളിൽ ജനവിധി തേടുന്നത് 788 സ്ഥാനാർഥികൾ

Update: 2022-11-30 00:51 GMT
Advertising

ഗുജറാത്തിൽ നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഇന്ന് നിശബ്ദ പ്രചാരണം. ഒന്നാം ഘട്ടത്തിൽ 89 മണ്ഡലങ്ങളിലേക്ക് ആണ് വോട്ടെടുപ്പ് നടക്കുക. വാശിയേറിയ പോരാട്ടത്തിന് വേദിയായേക്കാവുന്ന ഒട്ടുമിക്ക മണ്ഡലങ്ങളിലും ആദ്യ ഘട്ടത്തിലാണ് വോട്ടെടുപ്പ്.

സൗത്ത് ഗുജറാത്ത്, കച്ച് സൗരാഷ്ട്ര മേഖലകളിലായി 19 ജില്ലകൾ. തെരഞ്ഞെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളിൽ ജനവിധി തേടുന്നത് 788 സ്ഥാനാർഥികൾ. വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചെങ്കിലും ഒരിക്കൽ കൂടി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ഉറപ്പിക്കുക എന്നതാണ് ഇന്നത്തെ ദിവസം സ്ഥാനാർഥികളുടെ ലക്ഷ്യം. വിവിധ പാർട്ടികളുടെ സംസ്ഥാന അധ്യക്ഷന്മാർ മുതൽ കാലാവധി പൂർത്തിയാക്കിയ മുൻ മന്ത്രിസഭയിലെ അംഗങ്ങൾ വരെയുണ്ട് ഒന്നാം ഘട്ട മൽസര രംഗത്ത്.

ഹാർദിക് പട്ടേലിലൂടെ പാട്ടീദാർ വിഭാഗത്തെ മറുകണ്ടം ചാടിക്കാൻ കഴിഞ്ഞെന്ന് ബി.ജെ.പി പ്രതീക്ഷിക്കുമ്പോൾ ജിഗ്നേഷ് മേവാനിയിലൂടെ ന്യൂനപക്ഷ വോട്ടുകൾ കൂടെ നിർത്താൻ കഴിയുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും അശോക് ഗെഹ്ലോട്ടും കോൺഗ്രസിന് ഒന്നാംഘട്ട പ്രചരണത്തിനായി എത്തിയപ്പോൾ പ്രധാനമന്ത്രി ഉൾപ്പെടെ 7 പേരെയാണ് ബി.ജെ.പി താരപ്രചാരകരായി രംഗത്ത് ഇറക്കിയത്. വിമത ഭീഷണി ബി.ജെ.പിയെയും കോൺഗ്രസിനെയും അലട്ടുന്നുണ്ട്.

മുന്നണികളുടെ വിധി നിർണയത്തിന് അനേകം ഘടകങ്ങൾ ഉണ്ടെങ്കിലും ആത്യന്തികമായി ഗുജറാത്തിൽ ഒന്നാം ഘട്ട വിധി എഴുതുന്നത് കച്ച്, സൗരാഷ്ട്ര മേഖലയിലെയും സൗത്ത് ഗുജറാത്ത് മേഖലയിലെയും 2.39 ലക്ഷം വോട്ടർമാർ ആണ്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News