പത്തനംതിട്ട സബ് കലക്ടറിൽ നിന്ന് കശ്മീർ, അയോധ്യ വഴി തെരഞ്ഞെടുപ്പ് കമ്മീഷന്റെ തലപ്പത്ത്; ആരാണ് ഗ്യാനേഷ് കുമാർ?

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിലും അയോധ്യ രാമക്ഷേത്ര തീർഥ ട്രസ്റ്റ് രൂപീകരണത്തിലും ​​നിർണായക പങ്കുവഹിച്ചത് ​ഗ്യാനേഷ് കുമാർ ആണ്

Update: 2026-09-26 11:03 GMT

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർമാർ തമ്മിലുള്ള ഭിന്നത പരസ്യമായതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള മുറവിളി ശക്തമായിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും വിശ്വസ്തനായ ഗ്യാനേഷ് കുമാറിന്റെ ഭാവിയെന്ത് എന്നത് ഇപ്പോൾ വലിയ ചർച്ചയാണ്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും കോക്രോച്ച് ജനതാ പാർട്ടിയും ഐസ അടക്കമുള്ള വിദ്യാർഥി സംഘടനകളും ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിലാണ്. ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാർ കേരളത്തിൽ നിന്നാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

Advertising
Advertising

1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ. ഐഐടി കാൺപൂരിൽ നിന്ന് ബി.ടെക് ബിരുദവും ഹാർവാർഡ് സർവകലാശാലയിൽ നിന്ന് എൻവയോൺമെന്റൽ ഇക്കണോമിക്സിൽ ഉപരിപഠനവും പൂർത്തിയാക്കിയ അദ്ദേഹം, 1990-ൽ പത്തനംതിട്ട സബ് കലക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടർന്ന് കേരളത്തിലെ വിവിധ വകുപ്പുകളിൽ സേവനമനുഷ്ഠിച്ച ശേഷം 2012-ൽ ഡൽഹിയിലെ കേരള ഹൗസിൽ റസിഡന്റ് കമ്മീഷണറായി നിയമിതനായി.

2016 മേയിൽ രാജ്നാഥ് സിങ് ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് കശ്മീർ ഡിവിഷന്റെ ജോയിന്റ് സെക്രട്ടറിയായി ഗ്യാനേഷ് കുമാർ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് മാറുന്നത്. പിന്നീട് 2019-ൽ അമിത് ഷാ ആഭ്യന്തര മന്ത്രിയായിരിക്കെ, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ആർട്ടിക്കിൾ 370 റദ്ദാക്കലിനും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചുകൊണ്ടുള്ള ജമ്മു കശ്മീർ പുനഃസംഘടനാ ബില്ലിന്റെ കരട് രൂപീകരണത്തിനും നേതൃത്വം നൽകിയത് ഗ്യാനേഷ് കുമാർ ആയിരുന്നു. തുടർന്ന് അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് മേൽനോട്ടം വഹിച്ച രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് രൂപീകരണത്തിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു.

തുടർന്ന് പാർലമെന്ററി കാര്യ മന്ത്രാലയ സെക്രട്ടറിയായും അമിത് ഷായുടെ കീഴിലുള്ള സഹകരണ മന്ത്രാലയ സെക്രട്ടറിയായും പ്രവർത്തിച്ച ഗ്യാനേഷ് കുമാർ 2024 ജനുവരിയിൽ സർവീസിൽ നിന്ന് വിരമിച്ചു. വിരമിച്ച് രണ്ടു മാസത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനാവുകയും, തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേൽക്കുകയുമായിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ സുതാര്യതയില്ലെന്ന ഗുരുതര ആരോപണങ്ങളുമായി സഹപ്രവർത്തകർ രംഗത്തെത്തിയതോടെയാണ് ഗ്യാനേഷ് കുമാർ പ്രതിരോധത്തിലായത്. കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങളായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും തങ്ങളറിയാതെ എടുത്ത സുപ്രധാന തീരുമാനങ്ങൾക്കെതിരെ കഴിഞ്ഞ പത്ത് മാസത്തിനിടെ 14 തവണ ഔദ്യോഗികമായി എതിർപ്പ് അറിയിച്ചതായാണ് 'ദി ഇന്ത്യൻ എക്‌സ്പ്രസ്' പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞത്.

തങ്ങളെ ഇരുട്ടിൽ നിർത്തി കൈക്കൊണ്ട തീരുമാനങ്ങളിലും വോട്ടർ പട്ടികയിലെ മാറ്റങ്ങളിലും പ്രതിഷേധിച്ച് ഇരു തിരഞ്ഞെടുപ്പ് കമ്മീഷണർമാരും തങ്ങളുടെ ആശങ്കകൾ അറിയിച്ച് കാബിനറ്റ് സെക്രട്ടറിക്ക് കത്തയച്ചതായും അന്വേഷണത്തിൽ വ്യക്തമാക്കുന്നു. കേന്ദ്ര സർക്കാരിന് മേൽക്കൈ നൽകുന്ന പുതിയ നിയമം പ്രാബല്യത്തിൽ വന്നതിനു ശേഷം നിയമിതനായ ആദ്യ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാണ് 62-കാരനായ ഗ്യാനേഷ് കുമാർ.

വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കിയ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന (എസ്‌ഐആർ) വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. വോട്ടർമാരെ ചേർക്കുന്നതിലും ഒഴിവാക്കുന്നതിലും ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമായ നിലപാടാണ് കമ്മീഷൻ സ്വീകരിക്കുന്നതെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം ഗ്യാനേഷ് കുമാർ നേരത്തെ തള്ളിക്കളഞ്ഞിരുന്നു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി' ആരോപണങ്ങൾക്ക് തെളിവ് നൽകണമെന്നും അല്ലാത്തപക്ഷം രാജ്യത്തോട് മാപ്പ് പറയണമെന്നും ഗ്യാനേഷ് കുമാർ പരസ്യമായി ആവശ്യപ്പെട്ടതും വലിയ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് കമ്മീഷനകത്തെ അസാധാരണമായ ആഭ്യന്തര ഭിന്നതകൾ ഇപ്പോൾ പുറത്തുവന്നത്.

പൗരത്വനിയമവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഗ്യാനേഷ് കുമാർ സ്വന്തം താത്പര്യപ്രകാരമാണ് എസ്‌ഐആറിൽ ചേർത്തതെന്നാണ് മറ്റു രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ പറയുന്നത്. ഇതിന്റെ മറവിലാണ് കോടിക്കണക്കിന് വോട്ടർമാരെ പട്ടികയിൽ നിന്ന് പുറത്താക്കിയത്. ഇത് നിയമവിരുദ്ധമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിലപാട്. ഭരണഘടനപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷനിൽ എല്ലാ അംഗങ്ങൾക്കും തുല്യ അധികാരമാണ്. എന്നാൽ ഇത് പരിഗണിക്കാതെ ഏകപക്ഷീയമായാണ് ഗ്യാനേഷ് കുമാർ തീരുമാനമെടുക്കുന്നത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും പറയുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Similar News