രാഹുൽ ഗാന്ധിക്ക് ഇന്ന് 55-ാം പിറന്നാൾ; ആഘോഷമാക്കി കോൺഗ്രസ്

ജൻമദിനത്തോടനുബന്ധിച്ച് കോൺഗ്രസ് വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

Update: 2025-06-19 03:47 GMT
Editor : Jaisy Thomas | By : Web Desk

ഡൽഹി: പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്ക് ഇന്ന് 55-ാം പിറന്നാൾ. ജൻമദിനത്തോടനുബന്ധിച്ച് കോൺഗ്രസ് വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച, പാർട്ടിയുടെ ഡൽഹി യൂണിറ്റും യൂത്ത് കോൺഗ്രസും സംയുക്തമായി തൽക്കത്തോറ സ്റ്റേഡിയത്തിൽ ഒരു മെഗാ ജോബ് ഫെയർ സംഘടിപ്പിക്കും.

രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നടക്കുന്ന തൊഴിൽ മേളയിൽ 20,000 ത്തോളം തൊഴിൽരഹിതരായ യുവാക്കൾ രജിസ്റ്റർ ചെയ്തതായി ഡൽഹി കോൺഗ്രസ് പ്രസിഡന്‍റ് ദേവേന്ദർ യാദവ് പറഞ്ഞു. ഏകദേശം 100 കമ്പനികൾ ഈ പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 5000ത്തിലധിം പേര്‍ക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. "രാജ്യത്തെ യുവാക്കളോടുള്ള രാഹുൽ ഗാന്ധിയുടെ താൽപര്യത്തിന്‍റെ നേരിട്ടുള്ള പ്രതിഫലനമാണ് ഈ സംരംഭം," യാദവ് പറഞ്ഞു. "സർക്കാരിന്‍റെ വാഗ്ദാനങ്ങൾ തൊഴിലവസരങ്ങളായി മാറുന്നില്ലെന്ന് രാഹുൽ ഗാന്ധി പാർലമെന്‍റിലും പൊതുയോഗങ്ങളിലും നിരന്തരം ഉന്നയിച്ചിട്ടുണ്ട്." അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

നിരവധി പേരാണ് രാഹുലിന് പിറന്നാൾ ആശംസകൾ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആശംസകൾ നേര്‍ന്നു. ''രക്തത്താലല്ല, ചിന്ത, ദര്‍ശനം, ലക്ഷ്യം എന്നിവയാൽ ബന്ധിതനായ എന്‍റെ സഹോദരന് ഊഷ്മളമായ ജന്മദിനാശംസകൾ.നിങ്ങൾ ഉറച്ചുനിന്നുകൊണ്ട് ധൈര്യത്തോടെ നയിക്കട്ടെ. പ്രകാശമാനമായ ഇന്ത്യയിലേക്കുള്ള നമ്മുടെ യാത്രയിൽ, വിജയം നമ്മുടേതായിരിക്കും.'' അദ്ദേഹം എക്സിൽ കുറിച്ചു. പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ്ങും രാഹുലിന് ആശംസകൾ അറിയിച്ചു. "ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന് ആരോഗ്യവും ദീർഘായുസും നൽകട്ടെ." അദ്ദേഹം കുറിച്ചു. മുതിര്‍ന്ന കോൺഗ്രസ് നേതാവ് അശോക് ഗെഹ്‍ലോട്ടും ജന്‍മദിനാശംസകൾ നേര്‍ന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News