വിദ്വേഷം തോൽക്കുന്ന മൈത്രി; ജമ്മുവിൽ അധികൃതർ വീട് തകർത്ത മുസ്‌ലിം മാധ്യമപ്രവർത്തകന് ഭൂമി സൗജന്യമായി നൽകി ഹിന്ദുവായ അയൽവാസി

ജമ്മു ട്രാൻസ്പോർട്ട് ന​ഗറിലെ 40 വർഷം പഴക്കമുള്ള വീട് വൻ പൊലീസ് സന്നാഹവുമായെത്തിയാണ് ജെഡിഎ തകർത്തത്.

Update: 2025-11-28 16:12 GMT

ശ്രീന​ഗർ: ജമ്മു കശ്മീരിൽ അധികൃതർ വീട് പൊളിച്ചുമാറ്റിയ മുസ്‌ലിം മാധ്യമപ്രവർത്തകന് ഭവനനിർമാണത്തിന് സ്ഥലം സമ്മാനിച്ച് ഹിന്ദു കുടുംബം. ജമ്മു വികസന അതോറിറ്റി വീട് പൊളിച്ച ഫ്രീലാൻസ് ജേണലിസ്റ്റ് അർഫാസ് അഹമ്മദ് ദായ്ങിനാണ് അയൽവാസിയായ കുൽദീപ് കുമാർ ശർമ ഭൂമി നൽകി മതസൗഹാർ​ദത്തിന്റെയും സഹജീവിസ്നേഹത്തിന്റെയും അപാര മാതൃക തീർത്തത്.

അഞ്ച് മർല (1362 ചതുരശ്ര അടി) സ്ഥലമാണ് ശർമ അർഫാസ് അഹമ്മദിന് സൗജന്യമായി നൽകിയത്. വീട് പൊളിച്ചുമാറ്റി 24 മണിക്കൂറിനകമാണ് അങ്കിൾ ജി എന്ന് അറിയപ്പെടുന്ന ശർമ മാധ്യമപ്രവർത്തകന് കൈത്താങ്ങായത്. പുതിയ വീട് നിർമിക്കാനുള്ള ചെലവുകളും താൻ തന്നെ വഹിക്കാമെന്ന് ഇദ്ദേഹം വാ​ഗ്ദാനം ചെയ്തിട്ടുണ്ട്.

Advertising
Advertising

അർഫാസിനെ ചേർത്തുപിടിച്ച്, താൻ അദ്ദേഹത്തോടൊപ്പമാണെന്ന് വ്യക്തമാക്കിയ ശർമ, ബിജെപി സർക്കാർ നശിച്ചുപോവുമെന്നും പൊളിക്കൽ നടപടി ക്രൂരതയാണെന്നും കണ്ണീരോടെ പ്രതികരിച്ചു. 'അർഫാസ് അഹമ്മദിന്റെ മൂന്ന് മർല (816.75 ചതുരശ്ര അടി) ഭൂമിയിലുണ്ടായിരുന്ന വീടാണ് അധികൃതർ പൊളിച്ചുകളഞ്ഞത്. എന്നാൽ അദ്ദേഹത്തിന് ഞങ്ങൾ അഞ്ച് മർല ഭൂമി നൽകുകയാണ്. അവർ 10 മർല നശിപ്പിച്ചാൽ ഞങ്ങൾ 20 മർല നൽകും'- അദ്ദേഹം പറഞ്ഞു.

ജമ്മു ട്രാൻസ്പോർട്ട് ന​ഗറിൽ മൂന്ന് മർല ഭൂമിയിൽ തീർത്ത, 40 വർഷം പഴക്കമുള്ള വീട് വൻ പൊലീസ് സന്നാഹവുമായെത്തിയാണ് ജെഡിഎ തകർത്തത്. ഇതോടെ, അർഫാസിന് പുതിയ വീട് വച്ച് നൽകാൻ ഓൺലൈൻ ക്രൗഡ് ഫണ്ടിങ് കാംപയിൻ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് സ്ഥലവും വീടും വാ​ഗ്​ദാനം ചെയ്ത് കുമാർ ശർമ രം​ഗത്തെത്തിയത്.

ഇതിനിടെ, നിരവധി രാഷ്ട്രീയ നേതാക്കൾ, സാമൂഹിക പ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിവർ സ്ഥലം സന്ദർശിച്ച് അർഫാസിന് പിന്തുണയും ഐക്യദാർഢ്യവും അറിയിക്കുകയും ജെഡിഎ നടപടിയെ അപലപിക്കുകയും ചെയ്തു. മുസ്‌ലിം കുടുംബങ്ങളെ മാത്രം ലക്ഷ്യം വച്ചാണ് ജെഡിഎ നടപടിയെന്ന് അവർ ആരോപിച്ചു. എന്നാൽ, സർക്കാർ ഭൂമിയിൽ നിയമവിരുദ്ധമായി നിലനിന്നിരുന്ന വീടാണ് നീക്കം ചെയ്തതെന്നും പതിവ് കൈയേറ്റ വിരുദ്ധ നീക്കത്തിന്റെ ഭാഗമായാണിതെന്നുമാണ് ജെഡിഎ വാദം.

നാല് ബുൾഡോസറുകളും 700- 800 പൊലീസുകാരുമായാണ് ജെഡിഎ അധികൃതർ തന്റെ വീട് പൊളിക്കാൻ എത്തിയതെന്ന് 'നീസ് സെഹർ ഇന്ത്യ' എന്ന ന്യൂസ് പോർട്ടൽ നടത്തുന്ന അർഫാസ് പറഞ്ഞു. വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തുന്നതിനിടെ, പരിക്കേറ്റ തന്നെയും രണ്ട് സഹോദരന്മാരെയും പൊലീസ് പിടിച്ചുകൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു.

പൊളിക്കൽ നടപടിയെക്കുറിച്ച് ലൈവ് വീഡിയോ ചെയ്യുന്നതിൽ നിന്ന് പൊലീസുകാർ തന്നെ തടഞ്ഞെന്നും ഒരു ഫോൺ കോൾ ചെയ്യാൻ പോലും അനുവദിച്ചില്ലെന്നും‌ അദ്ദേഹം അറിയിച്ചു. 'നിങ്ങൾക്ക് വീട് പൊളിക്കണമെങ്കിൽ പൊളിച്ചോളൂ, പക്ഷേ ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ എന്റെ ജോലി ജനങ്ങളെ വിവരം അറിയിക്കുക എന്നതാണ്... അത് ചെയ്യാൻ എന്നെ അനുവദിക്കൂ'- എന്ന് താൻ പൊലീസുകാരോട് പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

തങ്ങൾക്ക് നഷ്ടപ്പെട്ട മൂന്ന് മർലയേക്കാൾ ഏറെ വലുതായ അഞ്ച് മർല ഭൂമിയും പുതിയ വീട് നിർമാണത്തിന്റെ മുഴുവൻ ചെലവും വഹിക്കാനുള്ള കുമാർ ശർമയുടെ തീരുമാനം വലിയ സന്തോഷം നൽകുന്നതാണെന്ന് മാധ്യമപ്രവർത്തകന്റെ കുടുംബം പ്രതികരിച്ചു.

അതേസമയം, ഐക്യദാർഢ്യം അറിയിക്കാനെത്തിയ രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരിൽ മുൻ ബിജെപി ജമ്മു കശ്മീർ യൂണിറ്റ് പ്രസിഡന്റും പാർട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ രവീന്ദർ റെയ്‌നയും ഉണ്ടായിരുന്നു. കുമാർ ശർമയുടെ പ്രവൃത്തിയെ പ്രശംസിച്ച അദ്ദേഹം ജെഡിഎ അധികൃതരുടെ നടപടിയെ‌ വിമർശിച്ചു.

ഇതാണ് യഥാർഥ ജമ്മു, ഇതാണ് യഥാർഥ ഹിന്ദുസ്ഥാൻ. ഇന്നലെ ഇവിടെ നടന്നത് ശരിയല്ല. ഞാൻ ലെഫ്റ്റനന്റ് ഗവർണറുമായി സംസാരിച്ചു. ബുൾഡോസറുകൾ അദ്ദേഹത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലല്ല അയച്ചതെന്ന് അദ്ദേഹം എന്നോട് പറഞ്ഞു"- രവീന്ദർ റെയ്ന പ്രതികരിച്ചു. സോഷ്യൽമീഡിയയിൽ നിരവധി പേരാണ് കുമാർ ശർമയുടെ നിലപാടിനെ വാഴ്ത്തുന്നത്.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News