ഗ്യാൻവാപിയും മഥുരയും വിട്ടുതന്നാല്‍ മറ്റു പള്ളികളുടെ പിന്നാലെ ഹിന്ദുക്കൾ വരില്ല-രാമജന്മഭൂമി ട്രസ്റ്റ് ട്രഷറർ

''മൂന്ന് ക്ഷേത്രങ്ങൾ വിട്ടുകിട്ടിയാൽ മറ്റു ക്ഷേത്രങ്ങളുടെ കാര്യം പോലും നോക്കാൻ ഞങ്ങൾക്ക് ആഗ്രഹമില്ല. ഭൂതകാലത്തല്ല, ഭാവിജീവിതത്തിലേക്കാണു ഞങ്ങൾ നോക്കുന്നത്. രാജ്യത്തിന്റെ ഭാവി സമ്മോഹനമാകണം.''

Update: 2024-02-05 09:52 GMT
Editor : Shaheer | By : Web Desk
Advertising

പൂനെ: ഗ്യാൻവാപി, മഥുര പള്ളികൾ മുസ്‍ലിംകൾ ഹിന്ദുക്കൾക്കു വിട്ടുനൽകണമെന്ന് രാമജന്മഭൂമി ട്രസ്റ്റ് നേതാവ്. രണ്ടു വിഷയങ്ങളും രമ്യമായി പരിഹരിച്ചാൽ മറ്റു പള്ളികൾക്കു പിന്നാലെ ഹിന്ദുക്കൾ വരില്ലെന്നും ട്രസ്റ്റ് ട്രഷറർ ഗോവിന്ദ്‌ദേവ് ഗിരി മഹാരാജ് വാദിച്ചു.

പൂനെയിൽ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''മൂന്ന് ക്ഷേത്രങ്ങൾ വിട്ടുകിട്ടിയാൽ മറ്റു ക്ഷേത്രങ്ങളുടെ കാര്യം പോലും നോക്കാൻ ഞങ്ങൾക്ക് ആഗ്രഹമില്ല. ഭൂതകാലത്തല്ല, ഭാവിജീവിതത്തിലേക്കാണു ഞങ്ങൾ നോക്കുന്നത്. രാജ്യത്തിന്റെ ഭാവി സമ്മോഹനമാകണം. ഈ മൂന്നു ക്ഷേത്രങ്ങൾ(അയോധ്യ, ഗ്യാൻവാപി, കൃഷ്ണ ജന്മഭൂമി) സമാധാനപരമായി ലഭിച്ചാൽ, മറ്റെല്ലാം ഞങ്ങൾ മറക്കും.''-ഗോവിന്ദ്‌ദേവ് അവകാശപ്പെട്ടു.

മൂന്നു ക്ഷേത്രങ്ങളുടെ കാര്യത്തിലും കൈകൂപ്പിയാണ് താൻ അപേക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അധിനിവേശകരുടെ ആക്രമണത്തിലുണ്ടായ വൻ മുറിവുകളാണു മൂന്നും. ജനങ്ങൾ അതിന്റെ വേദനയിലാണ്. ആ വേദനയ്ക്കു സമാധാനപരമായി ശമനം നൽകാൻ മുസ്‌ലിംകൾക്ക് ആകുമെങ്കിൽ അതു സാഹോദര്യം ഊട്ടിയുറപ്പിക്കാൻ സഹായിക്കുമെന്നും ഗോവിന്ദ്‌ദേവ് ഗിരി ചൂണ്ടിക്കാട്ടി.

വാരണാസിയിൽ കാശി വിശ്വനാഥ് ക്ഷേത്രത്തോട് ചേർന്നാണ് ഗ്യാൻവാപി സ്ഥിതി ചെയ്യുന്നത്. മഥുര പള്ളി കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിനു സമീപത്തും. മുഗൾ രാജാക്കന്മാർ ഹിന്ദു ക്ഷേത്രങ്ങൾ തകർത്തു നിർമിച്ചതാണ് രണ്ടു പള്ളിയുമെന്നാണ് ഹിന്ദുത്വ സംഘങ്ങളുടെ വാദം. ഗ്യാൻവാപി പള്ളിയിൽ പുരാവസ്തു വകുപ്പിന്റെ സർവേ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഇവർ. ഇതിനു പിന്നാലെ പള്ളിക്കകത്ത് പൂജ നടത്താൻ വാരണാസി കോടതി ഹിന്ദുക്കൾക്ക് അനുമതി നൽകുകയും അലഹബാദ് ഹൈക്കോടതി അതു ശരിവയ്ക്കുകയും ചെയ്തിരുന്നു.

Summary: Hindus won’t seek other mosques if Kashi, Mathura freed peacefully: Ayodhya Ram Mandir trust treasurer Govind Dev Giri Maharaj

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News