ആശുപത്രികള്‍ പണം കൊയ്യുന്ന വ്യവസായമായി മാറി: സുപ്രീംകോടതി

ആശുപത്രികളില്‍ അഗ്നിശമന സുരക്ഷ ഉറപ്പുവരുത്താന്‍ എത്രപേര്‍ വെന്തുമരിക്കണമെന്നും കോടതി ചോദിച്ചു

Update: 2021-07-19 13:13 GMT
Editor : Suhail | By : Web Desk
Advertising

ആശുപത്രികള്‍ പണം കൊയ്യുന്ന വ്യവസായമായി മാറിയതായി സുപ്രീംകോടതി. കോവിഡ് രോഗികളെ പരിചരിക്കുന്നതില്‍ സ്വകാര്യ ആശുപത്രികള്‍ അലംഭാവം കാണിക്കുന്നത് ചൂണ്ടിക്കാട്ടിയ കോടതി, മൂന്നോ നാലോ ബെഡുള്ള ചെറിയ ക്ലിനിക്കുകളെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുന്നതും വിലക്കി.

ആശുപത്രികളില്‍ അഗ്നിശമന സുരക്ഷാ സംവിധാനം ഒരുക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം മറികടന്ന്, സ്വാകാര്യ ആശുപത്രികള്‍ക്ക് സമയം നീട്ടിനല്‍കിയ ഗുജറാത്ത് സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. സുരക്ഷ നടപ്പിലാക്കാന്‍ എത്ര പേര്‍ ഇനിയും ആശുപത്രികളില്‍ വെന്തുമരിക്കണമെന്നും ഡി.വൈ ചന്ദ്രചൂഡ്, എം.ആര്‍. ഷാ എ്‌നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. കോടതി നിര്‍ദേശം മറികടന്ന് ഉത്തരവിറക്കാന്‍ സംസ്ഥാന സര്‍ക്കാറിന് എന്താണ് അധികാരമെന്നും കോടതി ചോദിച്ചു.

രാജ്‌കോട്ടിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ അഞ്ചു രോഗികള്‍ മരിച്ചതിനെ തുടര്‍ന്നാണ് ആശുപത്രികളില്‍ അഗ്നിശമന സുരക്ഷ നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. സംസ്ഥാനത്തെ ആശുപത്രികളില്‍ നടക്കുന്ന അഗ്നിബാധകളില്‍ ഒന്നുമാത്രമാണ് രാജ്‌കോട്ട് അപകടം. രാജ്‌കോട്ടിലെ ആശുപത്രിക്കു മാത്രം പതിനാറ് നോട്ടീസുകള്‍ ഇതുസംബന്ധിച്ച് അയച്ചെങ്കിലും നടപടിയുണ്ടായില്ല.

ഗുജറാത്തിലെ 260 സ്വകാര്യ ആശുപത്രികളില്‍ 61 എണ്ണത്തിലും സുരക്ഷാ സംവിധാനമില്ല. മനുഷ്യ ദുരന്തത്തിനാണ് ഇതു വഴിവെക്കുന്നത്. ജനങ്ങളുടെ ജീവനെടുക്കുന്ന തരത്തില്‍ ആശുപത്രികള്‍ക്ക് ഒരുതരത്തിലുള്ള ആനുകൂല്യങ്ങളും നല്‍കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News