ഇംഗ്ലീഷ് എങ്ങനെ മെച്ചപ്പെടുത്താം ? ; ഇക്കാര്യങ്ങൾ പരിശീലിച്ചാൽ ഇംഗ്ലീഷിൽ നിങ്ങൾ കിടിലനാവും
ഇംഗ്ലീഷ് വ്യാകരണം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പ്രധാനപ്പെട്ട 7 വഴികൾ ഇവയാണ്
കോഴിക്കോട്: പലർക്കും ഇംഗ്ലീഷ് ഒരു പ്രതിസന്ധിയാണ്. ഇംഗ്ലീഷ് പേടി പലപ്പോഴും നമ്മുടെ പല അവസരങ്ങളും നഷ്ടപ്പെടുത്താറുണ്ട്. എന്നാൽ, ഇംഗ്ലീഷ് മെച്ചപ്പെടുത്താൻ നിത്യ ജീവിതത്തിൽ ചെറിയ ചില മാറ്റങ്ങൾ കൊണ്ടുവന്നാൽ മതി. ഈ മാറ്റങ്ങൾ ശീലമാക്കി കഴിഞ്ഞാൽ പിന്നെ നിങ്ങൾ പോലും അറിയാതെ ഇംഗ്ലീഷ് നിങ്ങൾക്ക് വഴങ്ങും.
ഇംഗ്ലീഷ് വ്യാകരണം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പ്രധാനപ്പെട്ട 7 വഴികൾ ഇവയാണ്:
1. വായന ശീലമാക്കുക- പത്രം, നോവലുകൾ, മാഗസിനുകൾ എന്നിവ പതിവായി വായിക്കുക. വാചകങ്ങളുടെ ഘടനയും വാക്കുകളുടെ ശരിയായ ഉപയോഗവും മനസ്സിലാക്കാൻ സഹായിക്കും. വായനയിലൂടെ ഇംഗ്ലീഷ് വ്യാകരണങ്ങൾ ഉള്ളിൽ പതിയും. അത് നിങ്ങളുടെ ഭാഷശേഷി മെച്ചപ്പെടുത്തും.
2. സ്ഥിരമായി ചെറു കുറിപ്പുകൾ എഴുതുക
സ്ഥിരമായി ഇംഗ്ലീഷ് എഴുതുന്നതിലൂടെ വ്യാകരണം പ്രയോഗിക്കാനുള്ള ശേഷി ആർജിക്കാം. നിങ്ങളുടെ ചിന്തകൾ ചെറുകുറിപ്പുകളാക്കി എഴുതുക. വ്യക്തതയോടെ എഴുതാൻ ശീലിക്കുക. എന്നാൽ, തെറ്റുമെന്ന് കൂടുതൽ വ്യാകുലപ്പെടേണ്ടതില്ല. ഇത് തുടരുന്നതോടെ നിങ്ങൾ വരുത്തുന്ന തെറ്റുകൾ മനസ്സിലാക്കാനും തിരുത്താനും സാധിക്കും.
3.അടിസ്ഥാന നിയമങ്ങൾ മറക്കരുത്
ഇംഗ്ലീഷ് പ്രയോഗിക്കുന്ന പലരും അടിസ്ഥാന തത്വങ്ങൾ മറക്കുന്നത് പതിവാണ്. അടിസ്ഥാന നിയമങ്ങൾ പരിശീലിക്കുന്നതിന് കുറച്ച് സമയം മാറ്റിവെക്കുക. ടെൻസും, സബജക്ട് വെർബ് എഗ്രിമെന്റും, ആർട്ടിക്കിളുകളുമെല്ലാം കൃത്യമാവുന്നതോടെ നിങ്ങളുടെ ഭാഷ പ്രയോഗിക്കാനുള്ള ശേഷി കൂടുന്നു.
4. ഗ്രാമർ ആപ്പുകളും ഗെയിമുകളും ഉപയോഗിക്കുക
പഠനം രസകരമാക്കാൻ ഗ്രാമർ ക്വിസുകളും മൊബൈൽ ആപ്പുകളും ഉപയോഗിക്കാം. 'Duolingo', 'Grammarly' തുടങ്ങിയ ആപ്പുകൾ വ്യാകരണം എളുപ്പത്തിൽ പഠിക്കാൻ സഹായിക്കുന്നവയാണ്.
5. സിനിമ കണ്ടും അഭിമുഖം കണ്ടും ഇംഗ്ലീഷ് മെച്ചപ്പെടുത്താം
മികച്ച രീതിയിൽ ഇംഗ്ലീഷ് ഉപയോഗിക്കുന്ന അഭിമുഖങ്ങളും ഷോകളും സിനിമകളും കണ്ട് നിങ്ങൾക്ക് ഇംഗ്ലീഷ് മെച്ചപ്പെടുത്താൻ സാധിക്കും. നിങ്ങളുടെ ഉച്ചാരണം മെച്ചപ്പെടുത്തുന്നതിനും ഇത് ഉപകരിക്കും.
6. പിഴവുകളിൽ നിന്ന് പഠിക്കാം
ഇംഗ്ലീഷ് മെച്ചപ്പെടുത്താൻ ശ്രമിക്കുന്നവർ നിർബന്ധമായും ഒരു ചെറിയ നോട്ട് ബുക്ക് കൈയ്യിൽ കരുതണം. നോട് എടുക്കാൻ ഉപയോഗിക്കുന്ന മൊബൈൽ ആപും കൈയ്യിൽ കരുതാം. സംഭവിക്കുന്ന തെറ്റുകൾ അതിൽ എഴുതി വെക്കുകയും തെറ്റ് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
7. നിരന്തരം പരിശീലിക്കുക
നിരന്തര പരിശ്രമത്തിലൂടെ മാത്രമേ ഇംഗ്ലീഷ് മെച്ചപ്പെടുത്താൻ സാധിക്കുകയുള്ളു. ദിവസവും 10 മിനുട്ടെങ്കിലും ഇംഗ്ലീഷ് മെച്ചപ്പെടുത്താനായി വിനിയോഗിക്കണം. ഈ ഏഴ് കാര്യങ്ങൾ നിരന്തരം ചെയ്യുന്നതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ഇംഗ്ലീഷ് മെച്ചപ്പെടുത്താൻ സാധിക്കും.