'കുളിമുറിയിൽ ക്യാമറ, തുറന്ന സ്ഥലത്ത് കുളിക്കാൻ നിർബന്ധിതരായി'; പരിശീലന കേന്ദ്രത്തിലെ പീഡനത്തിനെതിരെ വനിത കോൺസ്റ്റബിൾമാരുടെ പ്രതിഷേധം

വനിതാ പൊലീസുകാര്‍ കരയുന്നതും അലറിവിളിക്കുന്നതും വീഡിയോയിലുണ്ട്

Update: 2025-07-23 09:51 GMT
Editor : Jaisy Thomas | By : Web Desk

ഗൊരഖ്‍പൂര്‍: പരിശീലന കേന്ദ്രത്തിലെ പീഡനങ്ങൾക്കും ശോചനീയാവസ്ഥക്കുമെതിരെ പ്രതിഷേധവുമായി നൂറുകണക്കിന് വനിത കോൺസ്റ്റബിൾമാര്‍. ഉത്തര്‍പ്രദേശ് ഗോരഖ്പൂരിലെ ഷാപൂർ പ്രദേശത്തെ ബിച്ചിയയിലുള്ള 26-ാമത് ബറ്റാലിയൻ പിഎസിയിൽ പൊലീസ് പരിശീലനം നേടുന്ന 600 ഓളം ട്രെയിനി വനിതാ കോൺസ്റ്റബിൾമാരാണ് ചൊവ്വാഴ്ച പ്രതിഷേധിച്ചത്.

പ്രതിഷേധത്തിന്‍റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്. വനിതാ പൊലീസുകാര്‍ കരയുന്നതും അലറിവിളിക്കുന്നതും വീഡിയോയിലുണ്ട്. തുറസ്സായ സ്ഥലത്ത് കുളിക്കാൻ നിർബന്ധിതരായി എന്നും ക്യാമ്പിൽ വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു.കുളിമുറിയിൽ ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്നും കോൺസ്റ്റബിൾമാര്‍ ചൂണ്ടിക്കാട്ടുന്നു. അധികൃതര്‍ക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

Advertising
Advertising

ഐടിസി ഇൻ-ചാർജിന്‍റെ തെറ്റായ നടപടിയിലും മോശം പെരുമാറ്റത്തിലും പ്രതിഷേധിച്ച് പരിശീലനാർഥികൾ പിഎസി ഗേറ്റിൽ തടിച്ചുകൂടി ബഹളമുണ്ടാക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. പ്രതിഷേധത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് മുതിർന്ന ജില്ലാ ഉദ്യോഗസ്ഥർ എത്തി വനിതാ കോൺസ്റ്റബിൾമാരെ അനുനയിപ്പിച്ച ശേഷം തിരിച്ചയക്കുകയായിരുന്നു. ഉത്തർപ്രദേശ് സിവിൽ പൊലീസ് 2023 ബാച്ചിലെ 598 വനിതാ കോൺസ്റ്റബിൾമാരാണ് തിങ്കളാഴ്ച ബിച്ചിയയിലെ 26-ാമത് ബറ്റാലിയൻ പിഎസി കാമ്പസിൽ പരിശീലനത്തിനായി വിവിധ ജില്ലകളിൽ നിന്നെത്തിയത്.

അസൌകര്യങ്ങൾ മാത്രമാണ് ക്യാമ്പിലുള്ളതെന്ന് കോൺസ്റ്റബിൾമാര്‍ ആരോപിക്കുന്നു. റിവേഴ്സ് ഓസ്മോസിസ് (RO) മെഷീൻ ഒന്നേയുള്ളൂ, കൊടും ചൂടിൽ അവർക്ക് പ്രതിദിനം അര ലിറ്റർ RO വെള്ളം മാത്രമേ ലഭിക്കുന്നുള്ളൂ. വേണ്ടത്ര ഫാനുകളോ കൂളറുകളോ ഇല്ല. ആവശ്യത്തിന് കുളിമുറികളില്ലാത്തതും പ്രശ്നമാണ്. 300 പേരെ മാത്രം ഉൾക്കൊള്ളുന്ന കെട്ടിടത്തിലാണ് 598 പേരെ പാര്‍പ്പിച്ചിരിക്കുന്നത്. പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പിഎസി കമാൻഡന്റ് ആനന്ദ് കുമാർ ഉറപ്പുനൽകി. പരിശീലന കേന്ദ്രത്തിന്‍റെ ശേഷി വർധിപ്പിക്കുന്നതിനായി അധിക കുളിമുറികൾ ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News