2500 സംഘടനകള്‍: ആര്‍എസ്എസിന്റെ ദുരൂഹ നെറ്റ്‌വർക്കിൻ്റെ കഥ; വായിക്കാം കാരവൻ്റെ അന്വേഷണ റിപ്പോർട്ട്
സിഇആർഐ-സയൻസസ്‌പോയും കാരവാനും ചേർന്ന് 'സീയിങ് സംഘ്': ആർഎസ്എസിന്റെ രാജ്യാന്തര ശൃംഖലയുടെ മാപ്പിങ്' എന്ന പേരിലാണ് ഡാറ്റ ഷീറ്റ് തയ്യാറാക്കി പ്രസിദ്ധീകരിച്ചിരിക്കുന്നത്
ന്യുഡൽഹി: ആർഎസ് എസ് തുറന്ന സംഘടനയാണെന്ന് നേതൃത്വത്തിലുള്ളവർ ആവർത്തിക്കുമ്പോഴും സ്ഥാപിച്ച് 100 വർഷം പൂർത്തിയായ ആർഎസ്എസിനെ കുറിച്ചോ, സംഘപരിവാർ സംഘടനകളെ കുറിച്ചോ, അവയുമായി സഹകരിക്കുന്ന സഹസംഘടനകളെ കുറിച്ചോ വ്യക്തമായ ധാരണ പൊതുസമൂഹത്തിനില്ല. ഈ അവ്യക്തത ആകസ്മികമായി വന്നു ചേർന്നതല്ല, കൃത്യമായ ആസൂത്രത്തിന്റെ ഭാഗമാണ് എന്നു പറയുകയാണ് കാരവൻ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട്.
നിസംഗഭാവത്തിൽ ലാളിത്യം നിറഞ്ഞ ഭാഷയിൽ ആർഎസ്എസിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുമ്പോഴും നേതൃത്വത്തിലുള്ളവർ ഈ സഹസംഘടനകളിൽ നിന്ന് അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഏതാണ്ട് മൂന്ന് ഡസനോളം സംഘടനകൾ സംഘപരിവാറിന്റെ ഭാഗമാണെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ, സംഘപരിവാർ ആശയധാര പിൻപറ്റുന്ന സഹസംഘടനകളെ കുറിച്ച് നേതൃത്വം മിണ്ടാറില്ല. ഇത്തരത്തിൽ അടിമുടി രഹസ്യാത്മകതയുള്ള സംവിധാനത്തിലേക്ക് വെളിച്ചം വീശുന്നതാണ് കാരവൻ മാസിക നടത്തിയിട്ടുള്ള അന്വേഷണം. മൂന്ന് ഡസനല്ല, 2500 ലേറെ സംഘടനകൾ ആർഎസ്എസുമായി സഹകരിക്കുന്നുണ്ടെന്നാണ് കാരവാൻ റിപ്പോർട്ട്. ആറു വർഷത്തെ അന്വേഷണത്തിന്റെ ഭാഗമായിട്ടുള്ള ഡാറ്റ ഷീറ്റും കാരവൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിഇആർഐ-സയൻസസ്‌പോയും കാരവാനും ചേർന്ന് 'സീയിങ് സംഘ്': ആർഎസ്എസിന്റെ രാജ്യാന്തര ശൃംഖലയുടെ മാപ്പിങ്' എന്ന പേരിലാണ് ഡാറ്റ ഷീറ്റ് തയ്യാറാക്കി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഈ സംയുക്ത സംരംഭത്തിന്റെ ഭാഗമായി കാരവൻ തന്നെ ഹോസ്റ്റ് ചെയ്യുന്ന ഒരു പൊതുപ്രവേശനമുള്ള വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആർഎസ്എസിന്റെ ശൃംഖലകളെ സൂക്ഷ്മമായ വിശദാംശങ്ങളോടെ അവതരിപ്പിക്കുന്ന ഇന്ററാക്ടിവ് ഡാഷ്‌ബോർഡ് ഇതിൽ ലഭ്യമാണ്. പൊതുജനങ്ങൾക്ക് അവരുടെ കൈയിലുള്ള ഡാറ്റയും തെളിവുകളും ഇതിലേക്ക് നൽകാവുന്നതാണ്. സ്വതന്ത്ര പരിശോധനയിൽ ആധികാരികത ഉറപ്പിക്കുന്ന മുറയ്ക്ക് മാപ്പിൽ അവ ഉൾപെടുത്തുന്നതാണ്
ഇത്തരത്തിൽ സഹസംഘടനകൾ തമ്മിൽ പ്രത്യക്ഷത്തിൽ അകലത്തിലാണെങ്കിലും ഇവർക്കിടയിൽ അന്തർധാര സജീവമാണ്. ഇവയെല്ലാം ആർഎസ്എസിനാൽ നിയന്ത്രിക്കപ്പെടുന്നവയാണ്.വിവിധ സംഘടനകളിൽ പ്രവർത്തിക്കുന്നത് ഒരേ വ്യക്തികളാണ്. പലപ്പോഴും ഒരേ ഓഫീസുകളിലാണ് ഇവരുടെ പ്രവർത്തനവും. ഇത്തരത്തിൽ വിവിധ പേരുകളിൽ പ്രവർത്തിക്കുന്നത് കൊണ്ട് പലപ്രവർത്തികളുടേയും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ ഇവർക്ക് സാധിക്കുന്നു. ധനസമാഹരണത്തിനും ഈ ഒളിച്ചുകളി സഹായകരമാവുന്നുണ്ട്. ഇത്തരത്തിലുള്ള സഹസംഘടനകൾ രണ്ട് തരത്തിലാണ് പ്രവർത്തിക്കുന്നത്. ഒന്നാമതായി ആർ.എസ്.എസിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നു. രണ്ടാമതായി അവർ അവരുടെ അസോസിയേഷനുകളുടെ താൽപ്പര്യം സംരക്ഷിക്കുന്നു.. സ്വതന്ത്രമായി ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് തോന്നിപ്പിക്കുമ്പോഴും അവയെല്ലാം ആർഎസ്എസിന്റെ നിയന്ത്രണത്തിലും മാർഗ നിർദേശത്തിലുമാണെന്നും കാരവൻ റിപ്പോർട്ടിൽ പറയുന്നു.
സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് മോദി ആർഎസ്എസിനെ ലോകത്തിലെ ഏറ്റവും വലിയ എൻജിഒ എന്ന് വിശേഷിപ്പിച്ചത്. എന്നാൽ, യാതൊരു രജിസ്‌ട്രേഷനും നടത്താതെ പ്രവർത്തിക്കുന്ന സംഘടനയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ധനമൊഴുകിയെത്തുന്നതിന് പിന്നിൽ ഓരോയിടത്തും പലപേരുകളിലായി പ്രവർത്തിക്കുന്ന സംഘടനകൾക്ക് വലിയ പങ്കുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
സിഇആർഐ-സയൻസസ്‌പോയും കാരവാനും ചേർന്ന് 'സീയിങ് സംഘ്': ആർഎസ്എസിന്റെ രാജ്യാന്തര ശൃംഖലയുടെ മാപ്പിങ് കാണാൻ ക്ലിക്ക് ചെയ്യുക- https://rssproject.caravanmagazine.in/
വിശദമായ റിപ്പോർട്ട് വായിക്കാൻ - https://caravanmagazine.in/politics/unveiling-the-rss