'ഭരണഘടനയുടെ അതിര്‍വരമ്പ് ലംഘിച്ചിട്ടില്ല, ചെയ്യുന്നതെല്ലാം ഹിന്ദു സമൂഹത്തിൻ്റെ നന്മക്ക്'; വിദ്വേഷ പ്രസംഗത്തെ ന്യായീകരിച്ച് ഹിമന്ത

മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ക്കെതിരായ ഹരജി പരിഗണിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ച സാഹചര്യത്തിലാണ് പ്രതികരണം

Update: 2026-02-17 06:54 GMT

ഗുവാഹത്തി: തന്റെ പ്രസ്താവനകള്‍ ഒരിക്കലും ഭരണഘടനയുടെ അതിര്‍വരമ്പ് ലംഘിച്ചിട്ടില്ലെന്നും എല്ലാ പ്രവൃത്തികളും ഹിന്ദു സമൂഹത്തിന്റെ നന്മക്ക് വേണ്ടിയാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. മുഖ്യമന്ത്രിയുടെ മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ക്കെതിരായ ഹരജി പരിഗണിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ച സാഹചര്യത്തിലാണ് പ്രതികരണം. മിയ മുസ്‌ലിംകള്‍ക്കെതിരെ നിരന്തരം വിദ്വേഷ പ്രസ്താവനകള്‍ നടത്തവേയാണ് താന്‍ ഭരണഘടനയുടെ അതിര്‍വരമ്പ് ലംഘിച്ചിട്ടില്ലെന്ന ന്യായീകരണം.

'ഞാന്‍ എന്ത് പ്രസ്താവന നടത്തിയാലും അത് ഭരണഘടനയുടെ അതിര്‍വരമ്പിനുള്ളില്‍ നിന്നുകൊണ്ടാണ്. അതിനാല്‍ എനിക്ക് ഭയമില്ല. അസമിന് വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്. ഹിന്ദു സമുദായത്തിന്റെ നന്മക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. ഒരിക്കലും ഭരണഘടന ലംഘിച്ചിട്ടില്ല' -ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

Advertising
Advertising

ഹിമന്ത ബിശ്വ ശര്‍മ്മയുടെ മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രിംകോടതി നിര്‍ദേശിച്ചത്. ഗുവാഹത്തി ഹൈക്കോടതി വിഷയം പരിഗണിക്കുന്നതാണ് ഉചിതമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞിരുന്നു.

അധികാരത്തിലുള്ളിടത്തോളം മിയ മുസ്‌ലിംകളെ ഉപദ്രവിക്കുമെന്നും എന്നാലേ അവര്‍ ഒഴിഞ്ഞുപോകൂവെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞിരുന്നു. മിയ മുസ്‌ലിംകളുടെ ഓട്ടോയില്‍ കയറിയാല്‍ അഞ്ച് രൂപയാണ് ചാര്‍ജെങ്കില്‍ നാലേ കൊടുക്കാവൂ. ബിജെപിയും താനും മിയ മുസ്‌ലിംകളെ ഉപദ്രവിക്കാന്‍ തന്നെയാണ് രംഗത്തുള്ളത്. ബംഗാളി സംസാരിക്കുന്ന മിയ മുസ്‌ലിംകള്‍ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരാണെന്നും അവരെ അസമില്‍ ജോലി ചെയ്ത് ജീവിക്കാന്‍ സമ്മതിക്കില്ലെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞിരുന്നു. വിദ്വേഷ പ്രസംഗത്തിന് പുറമേ മുസ്‌ലിംകളെ വെടിവയ്ക്കുന്ന ഹിമന്തയുടെ എഐ വിഡിയോയും ബിജെപി പ്രചരിപ്പിച്ചിരുന്നു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News