ഡല്‍ഹി: പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ഇനിയും ബന്ധിപ്പിച്ചിട്ടില്ലാത്തവര്‍ ഈ മാസം 31നകം ചെയ്യണമെന്ന് കേന്ദ്ര ആദായനികുതി വകുപ്പിന്‍റെ മുന്നറിയിപ്പ്. അല്ലാത്ത പക്ഷം ബാധകമായ നിരക്കിന്‍റെ ഇരട്ടി തുക നികുതി അടയ്ക്കേണ്ടി വരുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.
ഉയര്‍ന്ന ടിഡിഎസ് (സ്രോതസ്സില്‍ ഈടാക്കുന്ന നികുതി) ഈടാക്കുന്നത് ഒഴിവാക്കാനാണിത്. ആദായനികുതി നിയമം അനുസരിച്ച് പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഇരട്ടി നിരക്കിലായിരിക്കും ടിഡിഎസ് ഈടാക്കുക. ലിങ്ക് ചെയ്യാനായി www.incometax.gov.in വെബ്‌സൈറ്റില്‍ പോയി Link Aadhaar ക്ലിക്ക് ചെയ്യുക. പാന്‍, ആധാര്‍, പേര്, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കിയാല്‍ ലിങ്ക് ചെയ്യും. ഇരുരേഖകളിലെയും പേര്, ജനനത്തീയതി, ലിംഗം എന്നിവ ഒരുപോലെയായിരിക്കണം. 1000 രൂപയാണ് നിരക്ക്.
ഉയര്‍ന്ന ഇടപാടുകളുടെ സ്റ്റേറ്റ്‌മെന്റ് (എസ്.എഫ്.ടി) മേയ് 31നകം ഫയല്‍ ചെയ്യാന്‍ ബാങ്കുകള്‍, വിദേശനാണയ വിനിമയം നടത്തുന്ന സ്ഥാപനങ്ങള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, പോസ്റ്റ് ഓഫിസുകള്‍ തുടങ്ങിയവരോടും ആവശ്യപ്പെട്ടു. നിശ്ചിത തിയതിക്കകം എസ്എഫ്ടി ഫയല്‍ ചെയ്തില്ലെങ്കില്‍ വൈകുന്ന ഓരോ ദിവസത്തിനും 1000 രൂപ വീതം പിഴ അടക്കണം.
ആധാറും പാനും ലിങ്ക് ചെയ്തിട്ടുണ്ടോ എന്നറിയാം
പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് സംശയമുള്ളവർക്ക് അത് ഉറപ്പാക്കാൻ ഓൺലൈൻ, എസ്എംഎസ് മാർഗം ഉപയോഗിക്കാം.
ഓൺലൈൻ വഴി പരിശോധിക്കുന്നത്
https://uidai.gov.in/ എന്ന വെബ്സൈറ്റിൽ ആധാർ സർവ്വീസസ് എന്ന് ക്ലിക്ക് ചെയ്ത് ആധാർ ലിങ്കിംഗ് സ്റ്റാറ്റസ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. 12 അക്ക ആധാർ നമ്പരും പാൻ കാർഡ് നമ്പറും നൽകുക. ഗെറ്റ് ലിങ്കിങ് സ്റ്റാറ്റസ് എന്ന ഓപ്ഷൻ തെരഞ്ഞെടുത്താൽ നിങ്ങളുടെ ആധാറും പാനും ലിങ്ക് ചെയ്തിട്ടുണ്ട് എങ്കിൽ അത് സ്ക്രീനിൽ വ്യക്തമായി എഴുതി കാണിക്കും.
SMS വഴി പരിശോധിക്കുന്നത്
മൊബൈിൽ നിന്ന് UIDPAN (സ്പെയ്സ്) 12 അക്ക ആധാർ നമ്പർ (സ്പെയ്സ്) 10 അക്ക പാൻ നമ്പർ എന്ന ഫോർമാറ്റിൽ ടൈപ്പ് ചെയ്യുക. 567678 എന്ന നമ്പരിലേക്കോ 56161 എന്ന നമ്പറിലേക്കോ എസ്എംഎസ് അയയ്‌ക്കുക. പാൻ നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ അത് വ്യക്തമാക്കുന്ന മെസേജ് മറുപടിയായി ലഭിക്കും. ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ അതും മെസേജ് വഴി അറിയാം.
ഓൺലൈനായി പാൻ കാർഡും ആധാറും ലിങ്ക് ചെയ്യാം
incometaxindiaefiling.gov.in എന്ന ഇൻകം ടാക്സ് ഇ-ഫയലിംഗ് പോർട്ടലിൽ കയറി'ലിങ്ക് ആധാർ' ഓപ്ഷനിൽ ക്ലിക്ക് ചെയ്ത ശേഷം പാൻ, ആധാർ നമ്പർ, ആധാറിൽ നൽകിയിട്ടുള്ള പേര് എന്നിവ നൽകി സബ് മിറ്റ് ചെയ്യുക. തുടർന്ന് പേയ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക. അപ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിലേക്ക് ഒരു OTP ലഭിക്കും ഈ OTP നൽകിയാൽ നിങ്ങളുടെ പാൻ ആധാർ എന്നിവ ലിങ്ക് ആകും.
എസ്എംഎസ് വഴി
എസ്എംഎസ് വഴിയും ആധാറും പാനും ലിങ്ക് ചെയ്യാൻ സാധിക്കും. മെസേജ് ആപ്പിൽ കയറി UIDPAN (സ്പെയ്സ്) 12 അക്ക ആധാർ നമ്പർ (സ്പെയ്സ്) 10 അക്ക പാൻ നമ്പർ എന്ന ഫോർമാറ്റിൽ ടൈപ്പ് ചെയ്ത് 567678 എന്ന നമ്പരിലേക്കോ 56161 എന്ന നമ്പരിലേക്കോ അയക്കുക. നിങ്ങൾക്ക് മറുപടി മെസേജായി ലിങ്ക് ചെയ്ത വിവരം അറിയിക്കും.