'സ്ഥാനം എന്നെ വിട്ടുപോകുന്നില്ല': വീണ്ടും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ തയ്യാറെന്ന സൂചന നല്‍കി ഗെഹ്‍ലോട്ട്

ഏതാനും മാസങ്ങൾക്കുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അശോക് ഗെഹ്‍ലോട്ടിന്‍റെ പരാമര്‍ശം

Update: 2023-08-07 15:07 GMT

Ashok Gehlot

ജയ്പൂര്‍: മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ താന്‍ ആലോചിക്കുന്നുവെന്നും എന്നാല്‍ ആ സ്ഥാനം തന്നെ വിട്ടുപോകുന്നില്ലെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട്. ഇത് തുറന്നുപറയാന്‍ ധൈര്യം വേണമെന്നും ഗെഹ്‍ലോട്ട് പറഞ്ഞു.

ഏതാനും മാസങ്ങൾക്കുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഗെഹ്‍ലോട്ടിന്‍റെ പരാമര്‍ശം എന്നതാണ് ശ്രദ്ധേയം. അടുത്ത ദിവസങ്ങളില്‍ ഇത് രണ്ടാം തവണയാണ് സ്ഥാനം തന്നെ വിട്ടുപോകുന്നില്ലെന്ന പരാമര്‍ശം ഗെഹ്‍ലോട്ട് നടത്തിയത്. ഗെഹ്‍ലോട്ട്  മുഖ്യമന്ത്രിയായി തുടരുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്ന് ഒരു സ്ത്രീ പറഞ്ഞപ്പോഴാണ് കഴിഞ്ഞയാഴ്ച അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Advertising
Advertising

"ഞാൻ ഈ പദവി ഉപേക്ഷിക്കണമെന്ന് എന്റെ മനസ്സ് പറയുന്നു. ഞാൻ എന്തിന് രാജിവെക്കണം എന്നത് നിഗൂഢമാണ്. എന്നാൽ ഈ പദവി എന്നെ വിട്ടുപോകുന്നില്ല. ഹൈക്കമാൻഡ് എന്ത് തീരുമാനമെടുത്താലും എനിക്ക് സ്വീകാര്യമാണ്. എനിക്ക് പോകാന്‍ ആഗ്രഹമുണ്ടെങ്കിലും ഈ സ്ഥാനം എന്നെ പോകാൻ അനുവദിക്കുന്നില്ലെന്ന് പറയാന്‍ ധൈര്യം വേണം"- അശോക് ഗെഹ്‍ലോട്ട് പറഞ്ഞു.

തന്റെ ഭരണം മൂലം പുതിയൊരു രാജസ്ഥാൻ ഉയർന്നുവന്നുവെന്ന് ഗെഹ്‍ലോട്ട് അവകാശപ്പെട്ടു. 2030ലെ രാജസ്ഥാനെ കുറിച്ചുള്ള കാഴ്ചപ്പാട് അദ്ദേഹം പങ്കുവെച്ചു- "ഞാൻ എന്തിനാണ് 2030നെക്കുറിച്ച് സംസാരിക്കുന്നത്? വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, വെള്ളം, റോഡ് എന്നീ മേഖലകളിൽ പുരോഗതി കൊണ്ടുവന്നു. പിന്നെ എന്തുകൊണ്ട് എനിക്ക് മുന്നോട്ടുപൊയ്ക്കൂടാ?"

സോണിയാ ഗാന്ധി തന്നെ മൂന്ന് തവണ മുഖ്യമന്ത്രിയാക്കിയിട്ടുണ്ടെന്നും അത് ചെറിയ കാര്യമല്ലെന്നും ഗെഹ്‍ലോട്ട് പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സച്ചിന്‍ പൈലറ്റും അശോക് ഗെഹ്‍ലോട്ടും തമ്മിൽ പാർട്ടി നേതൃത്വം ഇടപെട്ട് വെടിനിര്‍ത്തലില്‍ എത്തിയിരുന്നു. എന്നാല്‍ സ്ഥാനം തന്നെ വിട്ടു പോകുന്നില്ല എന്ന പരാമര്‍ശത്തിലൂടെ വീണ്ടും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ തയ്യാറാണെന്ന സൂചനയാണ് ഗെഹ്‍ലോട്ട് നല്‍കുന്നത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News