കുടുംബത്തിനു വേണ്ടി കുടുംബം നടത്തുന്ന പാര്‍ട്ടി, ഞാന്‍ കൂടുതല്‍ പറയണോ? നരേന്ദ്ര മോദി

ഒരു കുടുംബം കാലാകാലങ്ങളായി പാർട്ടി കയ്യടക്കി വയ്ക്കുന്നത് ആരോഗ്യകരമായ ജനാധിപത്യത്തിന് നല്ലതല്ലെന്ന് പ്രധാനമന്ത്രി

Update: 2021-11-26 09:49 GMT
Advertising

രാഷ്ട്രീയത്തിലെ കുടുംബ വാഴ്ച ജനാധിപത്യത്തിന് നല്ലതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനാ ദിനത്തിൽ പാർലമെന്‍റിൽ സംഘടിപ്പിച്ച പരിപാടിയിലാണ് കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് മോദിയുടെ വിമര്‍ശനം. 14 പ്രതിപക്ഷ പാര്‍ട്ടികള്‍ പരിപാടി ബഹിഷ്കരിച്ചു. പാര്‍ലമെന്‍റ് സമ്മേളനം ഈ മാസം 29ന് തുടങ്ങാനിരിക്കെയാണ് പ്രതിപക്ഷം ഒറ്റക്കെട്ടായി ചടങ്ങ് ബഹിഷ്കരിച്ചത്.

മഹാത്മാഗാന്ധിയെയും ഡോ അംബേദ്കറെയും അനുസ്മരിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയതെങ്കിലും എത്തിയത് കോണ്‍ഗ്രസിനെ കടന്നാക്രമിക്കുന്നതിലാണ്. ഒരു കുടുംബം കാലാകാലങ്ങളായി പാർട്ടി കയ്യടക്കി വയ്ക്കുന്നത് ആരോഗ്യകരമായ ജനാധിപത്യത്തിന് നല്ലതല്ലെന്ന് മോദി പറഞ്ഞു. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള പാര്‍ട്ടികളെ നോക്കൂ. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജനാധിപത്യ സ്വഭാവം നഷ്ടമാകുമ്പോള്‍ ഭരണഘടനയുടെ ആത്മാവിനും മുറിവേറ്റിട്ടുണ്ട്. ജനാധിപത്യ സ്വഭാവം നഷ്ടമായ പാര്‍ട്ടികള്‍ക്ക് എങ്ങനെ ജനാധിപത്യം സംരക്ഷിക്കാനാകുമെന്നും പ്രധാനമന്ത്രി ചോദിച്ചു- "അതിനർത്ഥം ജനങ്ങളുടെ ആശീർവാദത്തോടെ ഒരു കുടുംബത്തിൽ നിന്ന് ഒന്നിലധികം പേർ രാഷ്ട്രീയത്തിലേക്കിറങ്ങരുതെന്നല്ല. അത് പക്ഷേ കുടുംബാധിപത്യമായി മാറരുത്. അത്രയേയുള്ളൂ".

ബിജെപിക്കാർ ഇന്ത്യൻ ഭരണഘടന ബഹുമാനിക്കാത്തവരാണെന്ന് ചൂണ്ടിക്കാട്ടി, ഭരണഘടനാ ദിനാചരണം പ്രതിപക്ഷം ബഹിഷ്കരിച്ചതിനെ തുടർന്നാണ് മോദി കോൺഗ്രസിനെതിരെ തിരിഞ്ഞത്. അംബേദ്കറുടെ പാരമ്പര്യം അംഗീകരിക്കാൻ കൂട്ടാക്കാത്തത് കൊണ്ടാണ് പ്രതിപക്ഷത്തിന്‍റെ വിട്ടുനിൽക്കൽ. ഏതെങ്കിലും പാർട്ടി വിളിച്ചു കൂട്ടിയ യോഗമല്ലെന്നും സ്പീക്കർ രാജ്യത്തിനായി സംഘടിപ്പിച്ച ചടങ്ങാണെന്നും മോദി പറഞ്ഞു.

പാർലമെന്‍റ് ശീതകാല സമ്മേളനം 29ന് ആരംഭിക്കാനിരിക്കെയാണ് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ തൃണമൂൽ, ശിവസേന, ആർജെഡി, ഇടതുപക്ഷം ഉൾപ്പെടെ 14 പാർട്ടികൾ ഒറ്റക്കെട്ടായി ബഹിഷ്കരിച്ചത്. തൃണമൂൽ പല ഭാഗങ്ങളിലും കോൺഗ്രസിൽ നിന്ന് നേതാക്കളെയും എംഎൽഎമാരെയും അടർത്തി എടുക്കുന്നുണ്ടെങ്കിലും പാർലമെന്‍റിൽ പ്രതിപക്ഷ കൂട്ടായ്മ ഉണ്ടാകണമെന്നാണ് കോൺഗ്രസ് തീരുമാനം. പാർലമെന്‍റിനു പുറത്തു നടക്കുന്ന രാഷ്ട്രീയ സംഭവ വികാസങ്ങൾ ബിജെപിക്കെതിരായ പ്രതിഷേധത്തെ ബാധിക്കരുതെന്നും കോൺഗ്രസ് തീരുമാനിച്ചു. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News