ഐഎഫ്എഫ്‌ഐ: ഇന്ത്യൻ പനോരമ 2024ലെ ഉദ്ഘാടന ചിത്രം 'സ്വതന്ത്ര വീർ സവർക്കർ'

വി.ഡി സവർക്കറുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ബോളിവുഡ് ചിത്രമാണ് 'സ്വതന്ത്ര വീർ സവർക്കർ'.

Update: 2024-10-24 14:57 GMT

ന്യൂഡൽഹി: 55-ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രധാന വിഭാഗമായ ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുന്ന 25 ഫീച്ചർ ഫിലിമുകളുടെയും 20 നോൺ-ഫീച്ചർ ഫിലിമുകളുടെയും പട്ടിക പ്രഖ്യാപിച്ചു. രൺദീപ് ഹൂഡ സംവിധാനം ചെയ്ത 'സ്വതന്ത്ര വീർ സവർക്കർ' ആണ് ഉദ്ഘാടന ചിത്രം. 262 ചിത്രങ്ങളുടെ പട്ടികയിൽനിന്ന് തിരഞ്ഞെടുത്ത 20 നോൺ ഫീച്ചർ ചലച്ചിത്രങ്ങളും ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കും.

വി.ഡി സവർക്കറുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ബോളിവുഡ് ചിത്രമാണ് 'സ്വതന്ത്ര വീർ സവർക്കർ'. രൺദീപ് ഹൂഡ തന്നെയാണ് ചിത്രത്തിൽ സവർക്കറുടെ വേഷം ചെയ്തിരിക്കുന്നത്. സവർക്കറുടെ 138-ാം ജന്മവാർഷിക ദിനത്തിലായിരുന്നു സിനിമയുടെ പ്രഖ്യാപനം. മഹേഷ് മഞ്ജരേക്കറും റിഷി വിമാനിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയത്.

Advertising
Advertising

2024 മാർച്ച് 22ന് റിലീസ് ചെയ്ത ചിത്രത്തിന് തിയേറ്ററുകളിൽ അത്ര മികച്ച പ്രതികരണമായിരുന്നില്ല ലഭിച്ചത്. സംഘ്പരിവാർ പ്രൊപഗണ്ട സീരിസിന്റെ ഭാഗമായാണ് സിനിമ പുറത്തിറങ്ങിയത് എന്ന് വിമർശനമുയർന്നിരുന്നു. എന്നാൽ രൺദീപ് ഹൂഡ ഈ ആരോപണം തള്ളുകയായിരുന്നു. സവർക്കർ മാപ്പ് പറഞ്ഞിട്ടില്ലെന്നും ജയിലിൽനിന്ന് ദയാഹരജി നൽകുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. സ്വാതന്ത്ര്യ സമരത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ഖുദിറാം ബോസ് തുടങ്ങിയ വിപ്ലവകാരികൾക്ക് പ്രചോദനമായത് സവർക്കറാണെന്ന ഹൂഡയുടെ കുറപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസമുയർന്നിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News